സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചു; ഗുണം ലഭിക്കുക ഈ നാലിനം പെന്‍ഷന്‍കാര്‍ക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ നാലിനം ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചു. ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വിശ്വകര്‍മ്മ, സര്‍ക്കസ്, അവശ കായികതാര, അവശ കലാകാര പെന്‍ഷന്‍ തുകകളാണ് വര്‍ധിപ്പിച്ചിരിക്കുന്നത് എന്ന് കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. അങ്കണവാടി, ആശ ജീവനക്കാരുടെ വേതനം ഉയര്‍ത്തിയതിന് പിന്നാലെയാണ് സ്ഥാന സര്‍ക്കാര്‍ നടപടി.
അവശ കലാകാരന്‍മാര്‍ക്കുള്ള പെന്‍ഷന്‍ നിലവില്‍ 1000 രൂപയാണ്. അവശ കായികതാരങ്ങള്‍ക്ക് 1300 രൂപയും, സര്‍ക്കസ് കലാകാര്‍ക്ക് 1200 രുപയും, വിശ്വകര്‍മ്മ പെന്‍ഷന്‍ 1400 രൂപയുമാണ് ലഭിച്ചിരുന്നത്. ഈ പെന്‍ഷനുകളെല്ലാം 1600 രൂപയായി വര്‍ധിപ്പിച്ചിരിക്കുകയാണ്. അങ്കണവാടി, ആശ ജീവനക്കാര്‍ക്ക് 1000 രൂപ വരെയാണ് വേതനം വര്‍ധിപ്പിച്ചിരിക്കുന്നത്. 88,977 പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.

അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും പത്ത് വര്‍ഷത്തില്‍ കൂടുതല്‍ സേവന കാലാവധിയുള്ളവര്‍ക്ക് നിലവിലുള്ള വേതനത്തില്‍ നിന്ന് 1000 രൂപയും മറ്റുള്ളവര്‍ക്കെല്ലാം 500 രൂപയും ആണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 62852 പേര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. ആശ വര്‍ക്കര്‍മാരുടെ വേതനത്തിലും 1000 രൂപ വര്‍ധിക്കും. വര്‍ധനവ് ഡിസംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരും.
അതേസമയം ഇടവേളക്ക് ശേഷം സര്‍ക്കാര്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണം പുനരാരംഭിച്ചു. സര്‍ക്കാര്‍ കുടിശ്ശികയുള്ള ഘഡുക്കളിലെ ഒരു മാസത്തെ തുകയാണ് വിതരണം ചെയ്യുന്നത്. ഇതിനായി 684 കോടി രൂപ ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്. നവംബര്‍ 26 നകം പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കും. 1600 രൂപയാണ് ലഭിക്കുക. കഴിഞ്ഞ നാല് മാസമായി പെന്‍ഷന്‍ വിതരണം ചെയ്തിട്ടുണ്ട്.
അതിനാല്‍ 6400 രൂപയാണ് ഓരോ പെന്‍ഷന്‍കാര്‍ക്കും കൊടുക്കാനുള്ളത്. സാമ്പത്തിക പ്രതിസന്ധി മൂലമാണ് പെന്‍ഷന്‍ വിതരണം മുടങ്ങിയത്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സാമൂഹ്യ പെന്‍ഷന് ഇത്രയധികം കുടിശ്ശിക വരുന്നത് ഇതാദ്യമായാണ്. മസ്റ്ററിങ് പൂര്‍ത്തിയാക്കിയ 51 ലക്ഷത്തോളം പേരാണ് സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന് അര്‍ഹതയുള്ളത്. ക്ഷേമ പെന്‍ഷന്‍ നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന്റെ പ്രവര്‍ത്തനവും അവതാളത്തിലാണ്.
കമ്പനി രൂപീകരിച്ച 2018- മുതല്‍ നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ മാത്രമുള്ള കടം 1,373 കോടി രൂപയോളമാണ് എന്നാണ് വിവരം. വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും കണ്‍സോര്‍ഷ്യങ്ങളില്‍ നിന്നും എടുത്ത വായ്പ പെന്‍ഷന്‍ കമ്പനി തിരിച്ചടക്കാനുണ്ട്.












Click it and Unblock the Notifications