നവകേരള ബസ്സ് ഇനി വാടകയ്ക്കോ? വിവാഹം, തീർത്ഥാടനം, ടൂർ എന്നിവയ്ക്ക് നൽകാൻ ആലോചന
തിരുവനന്തപുരം: അടുത്തിടെ ഏറ്റവും കൂടുതൽ പറഞ്ഞുകേട്ട പേരാണ് നവ കേരള ബസ്സിന്റേത്. ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ബസ്. മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിന്റെ ഭാഗമായി സഞ്ചരിച്ചത് ഈ ബസ്സിലായിരുന്നു. എന്നാൽ തുടക്കം മുതൽക്ക് ഈ ബസ്സ് വിവാദത്തിൽപ്പെട്ടു. പലതരം കഥകളാണ് ബസ്സിനെക്കുറിച്ച് വ്യാപകമായി പ്രചരിച്ചത്.
അത്യാഡംബര ബസ്സ് ആണിതെന്ന് പറഞ്ഞായിരുന്നു വിമർശനം. എന്നാൽ ബസ്സ് നേരിൽക്കണ്ടപ്പോൾ അത് അങ്ങനെയല്ലെന്ന് ബോധ്യമാവുകയും ചെയ്തു. നവ കേരള സദസ്സ് പൂർത്തിയായതോടെ നവകേരള ബസ്സ് ഇനി എന്ത് ചെയ്യുമെന്ന ചോദ്യം ഉയർന്നിരുന്നു. ഈ ബസ്സ് വാടകയ്ക്ക് നൽകാൻ ആലോചന നടക്കുന്നതായാണ് ലഭിക്കുന്ന വിവരം.

വിവാഹം, തീർത്ഥാടനം, വിനോദയാത്ര എന്നിങ്ങനെ സ്വകാര്യ ആവശ്യങ്ങൾക്ക് വിട്ടുനൽകാനാണ് ആലോചന. ബസ്സിന്റെ ഭാവി റൂട്ട് സംബന്ധിച്ച് പുതിയ ഗതാഗതമന്ത്രിയാകും അന്തിമ തീരുമാനം എടുക്കുക. വിമർശനങ്ങൾ ധാരളം കേൾക്കേണ്ടി വന്നെങ്കിലും ഈ ബസ്സിന് ജനപ്രീതിയുണ്ട്. നവകേരള ബസ്സിൽ 25 സീറ്റുകൾ മാത്രമേ ഉള്ളൂ. അത് കൊണ്ട് സർവീസ് പ്രയാസകരമാണ്. എ സി ആണെങ്കിലും സ്ലീപ്പർ അല്ലാത്തതിനാൽ ദീർഘദൂര യാത്രയ്ക്കും അനുയോജ്യമല്ല, അത് കൊണ്ടാണ് സ്വകാര്യ ആവശ്യങ്ങൾക്ക് നൽകാൻ ആലോചിക്കുന്നത്.
വിവാഹപ്പാർട്ടികൾക്കും തീർത്ഥാടക സംഘത്തിനും വിനോദ യാത്ര പോകുന്നവർക്കും സഞ്ചരിക്കാൻ നവകേരള ബസ് അനുയോജ്യമായിരിക്കും.
മുഖ്യമന്ത്രി ഇരുന്ന ഒറ്റയ്ക്കുള്ള സീറ്റ് അങ്ങനെ തന്നെ നിലനിർത്തണോ മാറ്റം വരുത്തണോ എന്ന കാര്യത്തിൽ രണ്ട് അഭിപ്രായമുണ്ട്. നവകേരള സദസ്സിനായുള്ള ഓട്ടത്തിനിടെ ഗ്ലാസിൽ ചിലയിടങ്ങളില് പോറൽ ഉണ്ട്.
കാനം രാജേന്ദ്രന്റെ മരണത്തെത്തുടർന്ന് മാറ്റിവെച്ച എറണാകുളം ജില്ലയിലെ രണ്ട് ദിവസത്തെ പരിപാടി കൂടി കഴിഞ്ഞ ശേഷമാണ് ബസ്സിന്റെ അറ്റകുറ്റപ്പണി നടത്തുക. ബെംഗളൂരുവിൽ എത്തിച്ച് ചില മാറ്റങ്ങൾ കൂടി വരുത്തിയാകും ബസ് വീണ്ടും പുറത്തിറക്കുക. കെ എസ് ആർ ടി സിയുടെ ഉടമസ്ഥതയിലുള്ള ബസ് ഇപ്പോൾ തിരുവനന്തപുരം എസ് എ പി ക്യാമ്പിലാണുള്ളത്.
പുതിയ മന്ത്രിയാവും ഭാവി തീരുമാനം എടുക്കുക. ബസ് സർക്കാരിന്റെ പ്രധാന പരിപാടികൾക്ക് മാത്രം ഉപയോഗിച്ചാൽ മതിയോ എന്ന ആലോചനയും കെ എസ് ആർ ടി സി മാനേഡജ്മെന്റിന്റെ മുന്നിലുണ്ട്. എന്തായാലും തീരുമാനം വൈകാതെ തന്നെ ഉണ്ടാവും












Click it and Unblock the Notifications