'കേരള സർക്കാരിന്റെ ശ്രദ്ധ യുവാക്കൾക്ക് തൊഴിൽ നൽകുന്നതിലല്ല'; യുവം വേദിയിൽ വിമർശനവുമായി മോദി
യുവം വേദിയിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി സർക്കാർ യുവാക്കൾക്ക് തൊഴിൽ ലഭിക്കാനുള്ള പ്രവർത്തനം നടത്തുമ്പോൾ കേരള സർക്കാരിന്റെ ശ്രദ്ധ യുവാക്കൾക്ക് തൊഴിൽ നൽകുന്നതിലല്ലെന്ന് മോദി കുറ്റപ്പെടുത്തി. കേരളത്തിലെ യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
'കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികൾ രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സ്വയം തൊഴിൽ കണ്ടെത്താനും ഉതകുന്നതാണ്. ബിജെപി സർക്കാരുകൾ യുവാക്കൾക്ക് ജോലി ലഭിക്കാൻ ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങൾ നടത്തുകയാണ്. പക്ഷേ കേരളത്തിലെ സർക്കാരിന്റെ ശ്രദ്ധ യുവാക്കൾക്ക് തൊഴിൽ നൽകുന്നതിലോ അവർക്ക് തൊഴിൽ സൃഷ്ടിക്കുന്നതിലോ അല്ല. കേരത്തിൽ സർക്കാർ ജോലികളിലുള്ള ഒഴിവുകൾ നികത്താൻ കേരളത്തിലെ സർക്കാർ ശ്രമിക്കുന്നില്ല. അത് കേരളത്തിലെ ചെറുപ്പക്കാർക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല.

ഒരു കാലത്ത് ഇന്ത്യയെ കണക്കാക്കിയിട്ടുള്ളത് ഏറ്റവും ദുർബലമായിട്ടുള്ള അഞ്ച് സമ്പദ് വ്യവസ്ഥകളിൽ ഒന്നായിട്ടാണ്. എന്നാൽ ഇന്ന് ഏറ്റവും വേഗത്തിൽ മുന്നോട്ട് കുതിക്കുന്ന സമ്പദ് ഘടനയായിട്ടാണ് ഇന്ത്യയെ ലോകം കാണുന്നത്. ഇത് സാധ്യമാക്കിയത് യുവാക്കളാണ്, അതുകൊണ്ട് തന്റെ വിശ്വാസം യുവാക്കളിലാണ്.
നാടിന്റെ വികസനം മനസിൽ വെച്ച് കൊണ്ട് യുവാക്കൾ മുന്നോട്ട് നീങ്ങുകയാണ്. ഇന്ന് ഭാരതം ആഗോള ദൗത്യം നിറവേറ്റാനുള്ള പരിശ്രമത്തിലാണ്. ആ ദൗത്യം നിറവേറ്റാനുള്ള പരിശ്രമത്തിൽ ഈ രാജ്യത്തെ യുവാക്കൾ ഈ വികസനത്തിന് വേണ്ടിയുള്ള യാത്രയിൽ സ്വയം നേതൃത്വം വഹിക്കാൻ തയ്യാറായി. മുന്നോട്ട് വന്നിരിക്കുകയാണ്.
ഇന്ന് ജി20 യുടെ അധ്യക്ഷ വഹിക്കുന്ന ഇന്ത്യയിൽ നിരവധി പരിപാടികൾ നടന്ന് കൊണ്ടിരിക്കുകയാണ്. അതിലെല്ലാം യുവാക്കളുടെ വലിയ രീതിയിലുള്ള പങ്കാളിത്തം ഉണ്ടായി.
കേരളത്തിലെ യുവാക്കൾ പൊതുവെ തന്നെ അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ ചായ്വ് പ്രകടിപ്പിക്കുന്നവരാണ്.കേരളത്തിൽ വരാനിരിക്കുന്ന മറ്റ് ജി 20 യോഗങ്ങളിലും കേരളത്തിലെ യുവാക്കളുടെ പങ്കാളിത്തം ഉണ്ടാകുമെന്ന് ഉറപ്പാണ്.

ബിജെപിയും രാജ്യത്തെ യുവാക്കളും ഒരേ കാഴ്ചപ്പാട് പങ്കുവെയ്ക്കുന്നവാണ്. ബിജെപി പരിവർത്തനങ്ങൾ സൃഷ്ടിക്കുമ്പോൾ യുവാക്കൾ ഫലം സൃഷ്ടിക്കുന്നു. ഈ സർക്കാർ യുവാക്കളുമായി ചേർന്ന് പ്രവർത്തിക്കുന്ന സർക്കാരാണ്. യുവാക്കളുടെ നേതൃത്വത്തിലുള്ള വികസനം സാധ്യമാക്കുന്ന കാലഘട്ടമാണ് ഇതെന്നാണ് ഞങ്ങൾ വിശേഷിപ്പിക്കുന്നത്.
മുൻ സർക്കാരുകളുടെ ഭരണത്തിൽ നടന്നത് കുംഭകോണങ്ങളാണ്. എന്നാൽ ബിജെപിയുടെ സർക്കാർ യുവാക്കൾക്ക് ഓരോ മേഖലയിലും അവസരങ്ങൾ സൃഷ്ടിക്കുകയാണ്. ബിജെപി സർക്കാർ പ്രാദേശിക ഉത്പന്നങ്ങൾക്ക് പ്രാധാന്യം നൽകാൻ പ്രചാരണം നടത്തുകയും ബഹിരാകാശ മേഖലയിൽ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തവരാണ്. ഉത്പാദനം വർധിപ്പിച്ചവരാണ്, നയപരമായ തീരുമാനങ്ങളിലൂടെ കയറ്റുമതി വർധിപ്പിച്ച സർക്കാരാണ്. ദേശീയ പാതകൾ, ഹൈവേ ഡിജിറ്റൽ മേഖലകൾ, റെയിൽവേ, ജലപാതകൾ വ്യോമഗതാഗത മേഖല എന്നീ മേഖലകളിലെല്ലാം ലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്', പ്രധാനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications