സംസ്ഥാനത്ത് മദ്യവില കൂടും; വില്‍പന നികുതി കൂട്ടാന്‍ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വര്‍ധിപ്പിക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മദ്യ കമ്പനികള്‍ ബിവറേജസ് കോര്‍പറേഷന് മദ്യം നല്‍കുമ്പോഴുള്ള വിറ്റുവരവ് നികുതി ഒഴിവാക്കാനും തീരുമാനിച്ചു. ഇത് മൂലമുണ്ടാകുന്ന വരുമാന നഷ്ടം ഒഴിവാക്കാനാണ് മദ്യത്തിന്റെ വില വര്‍ധിപ്പിക്കുന്നത്.
മദ്യത്തിന്റെ വില്‍പന നികുതി രണ്ട് ശതമാനം കൂട്ടാന്‍ ആണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. മദ്യ ഉല്‍പ്പാദകരില്‍ നിന്നും ഈടാക്കിയിരുന്ന അഞ്ച് ശതമാനം നികുതിയാണ് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഒഴിവാക്കിയത്. അതേസമയം വിറ്റുവരവ് നികുതി ഒഴിവാക്കുന്നതിന് അബ്കാരി ചട്ടത്തില്‍ ഭേദഗതി വരുത്തും.

പരമാവധി 10 രൂപയുടെ വര്‍ധനവുണ്ടാകും എന്നാണ് അധികൃതര്‍ പറയുന്നത്. വില്‍പന നികുതി കൂട്ടുന്നത് സംബന്ധിച്ച് പഠിക്കാന്‍ നേരത്തെ ധനവകുപ്പ് സമിതിയെ നിയോഗിച്ചിരുന്നു. വിറ്റുവരവ് നികുതി ഒഴിവാക്കുന്നത് വഴി ഒരു വര്‍ഷം 170 കോടിയോളം രൂപയുടെ നഷ്ടം വരും എന്നാണ് കണക്കാക്കുന്നത്. കേരളത്തില്‍ നിര്‍മിക്കുന്ന മദ്യം ഇവിടെ വിറ്റഴിക്കുമ്പോള്‍ 13% വിറ്റുവരവ് നികുതിയാണ് നല്‍കിയിരുന്നത്.

അതേസമയം ഇത് സംബന്ധിച്ച് പുതിയ നിയമഭേദഗതി കൊണ്ടുവന്നാല്‍ മാത്രമെ വിജ്ഞാപനം ഇറക്കാനാകൂ. ഡിസംബര്‍ അഞ്ചിന് നിയമസഭാ സമ്മേളനം ആരംഭിക്കുന്നുണ്ട്. പുതിയ ഭേദഗതി നിയമസഭയില്‍ പാസാക്കിയ ശേഷമായിരിക്കും ഔദ്യോഗിക വിജ്ഞാപനം ഇറക്കുക. സ്പിരിറ്റിനു വില വര്‍ധിച്ചതോടെ വലിയ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഡിസ്റ്റിലറികള്‍ സര്‍ക്കാരിനോട് പറഞ്ഞിരുന്നു.

സ്പിരിറ്റ് വില ലിറ്ററിന് 55 രൂപയില്‍നിന്ന് 75 രൂപയായി വര്‍ധിച്ചിരുന്നു. ഇത് ചെറുകിട മദ്യ ഉല്‍പാദകരെ രൂക്ഷമായി ബാധിച്ചു. 2021 ഫെബ്രുവരിയിലാണ് സംസ്ഥാനത്ത് അവസാനമായി മദ്യ വില വര്‍ധിപ്പിച്ചത്. അന്ന് ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതല്‍ 90 രൂപ വരെ വര്‍ധിപ്പിച്ചിരുന്നു ഒരു കുപ്പി മദ്യത്തിനു 40 രൂപ വര്‍ധിക്കുമ്പോള്‍ 35 രൂപ വിവിധ നികുതി ഇനങ്ങളിലായി സര്‍ക്കാരിനു ലഭിക്കുന്ന തരത്തിലായിരുന്നു അന്ന് വര്‍ധന ഏര്‍പ്പെടുത്തിയിരുന്നത്.

ഇത് പ്രകാരം 4 രൂപ മദ്യക്കമ്പനികള്‍ക്കും ഒരു രൂപ ബവ്‌റിജസ് കോര്‍പറേഷനും ലഭിക്കും. കഴിഞ്ഞ വര്‍ഷം വിദേശ മദ്യ നിര്‍മാതാക്കളില്‍ നിന്ന് 100 രൂപയ്ക്കു വാങ്ങുന്ന മദ്യത്തിന് നികുതിയും ലാഭവും ഉള്‍പ്പെടെ വില്‍പന വില 1170 രൂപയായി മാറിയിരുന്നു. ഇതില്‍ 1049 രൂപ സര്‍ക്കാരിനും 21 രൂപ ബവ്‌കോയ്ക്കുമായിരുന്നു ലഭിച്ചത്. പുതിയ തീരുമാനം ഇതിലും വര്‍ധനവുണ്ടാകും.












Click it and Unblock the Notifications