വിസിമാർക്കെതിരെ നിയമനടപടിയുണ്ടാകും, സ്വാഭാവിക നീതി നിഷേധിച്ചിട്ടില്ല; മുഖ്യമന്ത്രിക്ക് മറുപടിയുമായി ഗവര്‍ണര്‍
തിരുവനന്തപുരം: വിസി നിയമന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സുപ്രീംകോടതി ആര്‍ക്കും ഇളവ് നല്‍കിയിട്ടില്ല. സുപ്രീംകോടതി വിധി വ്യക്തമാണ്. വിസിമാരോട് അനുകമ്പയുണ്ട്. പക്ഷെ വിധി അവര്‍ക്കെതിരാണ്.
വിസിമാര്‍ക്കെതിരെ നിയമനടപടിയുണ്ടാകും എന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. വിസിമാര്‍ക്ക് സ്വാഭാവിക നീതി നിഷേധിച്ചിട്ടില്ല എന്നും അദ്ദേഹം അവകാശപ്പെട്ടു. നവംബര്‍ മൂന്നിനകം വിശദീകരണം നല്‍കണം. വിസിമാരോട് രാജി വെക്കേണ്ട എന്ന് പറഞ്ഞത് എല്‍ ഡി എഫാണ് എന്നും അദ്ദേഹം ആരോപിച്ചു.

തനിക്ക് നിയമം അറിയാമെന്നും നടപടി സംബന്ധിച്ച് നിയമോപദേശം ലഭിച്ചിട്ടുണ്ട് എന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. വിസിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. വിസി നിയമന നടപടി തുടങ്ങേണ്ടി വരും എന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറഞ്ഞത് ഞാനല്ല. മാധ്യമ സിന്‍ഡിക്കേറ്റ് എന്ന് വിളിച്ചത് ആരാണ് എന്നും അദ്ദേഹം പിണറായിയോടായി പറഞ്ഞു.

ചെപ്പടി വിദ്യ കാട്ടുന്നവര്‍ക്ക് നേരെ കുറച്ച് പിപ്പിടി വിദ്യ ആകാം. കെ ടി യു വി സി നിയമനം യു ജി സി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് എന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ഡിജിറ്റല്‍ സര്‍വകലാശാല, ശ്രീനാരായണ ഗുരു സര്‍വകലാശാല വി സിമാര്‍ക്കെതിരേയും നടപടിയുണ്ടാകും. വി സിമാര്‍ കാരണം കാണിച്ചാല്‍ പരിഗണിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വി സിമാര്‍ മാന്യമായ രീതിയില്‍ പടിയിറങ്ങിക്കോട്ടെ എന്ന് കരുതിയാണ് കത്ത് നല്‍കിയത്. ഒമ്പത് പേരുടെ മാത്രമല്ല, രണ്ട് വി സിമാരുടെ നിയമനം കൂടി ചട്ടവിരുദ്ധമാണ് എന്നും ഇതില്‍ നിയമോപദേശം തേടുകയാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. കേരള വി സി ആക്ഷേപിക്കും വിധമാണ് പെരുമാറിയത് എന്നും ഗവര്‍ണര്‍ പറഞ്ഞു.

അങ്ങോട്ട് ആറുവട്ടം വിളിച്ചിട്ടും തിരികെ വിളിച്ചില്ല എന്നും അദ്ദേഹം ആരോപിച്ചു. ചാന്‍സലറുടെ ഉത്തരവുകള്‍ കലാമണ്ഡലം വി സി അനുസരിച്ചില്ല എന്ന ആരോപണവും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചു. കണ്ണൂര്‍ വി സിയെ ക്രിമിനല്‍ എന്ന് വിളിച്ചതിനെയും ഗവര്‍ണര്‍ ന്യായീകരിച്ചു. കുറ്റകൃത്യം ചെയ്തയാളെ ക്രിമിനല്‍ എന്നല്ലാതെ എന്ത് വിളിക്കും എന്നായിരുന്നു അദ്ദേഹം ചോദിച്ചത്.

നടപടി നേരിട്ടവര്‍ക്ക് വീണ്ടും അപേക്ഷിക്കാം എന്നും യോഗ്യതയുണ്ടെങ്കില്‍ പരിഗണിക്കാം എന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. കാര്യങ്ങള്‍ തന്നെക്കൂടി അറിയിക്കാന്‍ പറഞ്ഞെങ്കിലും മുഖ്യമന്ത്രി ചെയ്തില്ല. ഓണാഘോഷത്തിന് തന്നെ ക്ഷണിച്ചില്ല എന്നും ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു.












Click it and Unblock the Notifications