സിനിമ ഷൂട്ടിംഗിന് അനുമതി നല്‍കി സര്‍ക്കാര്‍, ജീവനക്കാര്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച സിനിമ ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍. സീരിയല്‍ ഷൂട്ടിംഗിന് അനുവദിച്ചതിന് സമാനമായാണ് അനുമതി. എ, ബി വിഭാഗത്തില്‍ കര്‍ക്കശമായ നിയന്ത്രണങ്ങളോടെയാണ് ഷൂട്ടിംഗിന് അനുമതി നല്‍കിയിരിക്കുന്നത്. ചിത്രീകരണത്തിന് എത്തുന്ന ജീവനക്കാര്‍ ഒരു ഡോസ് വാക്‌സിന്‍ എങ്കിലും സ്വീകരിച്ചിരിക്കണം. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്ത് സിനിമ ഷൂട്ടിന് അനുമതിയില്ലാത്തതിനെ തുടര്‍ന്ന് ഏഴോളം സിനിമകളുടെ ചിത്രീകരണം തെലങ്കാനയിലേക്ക് മാറ്റിയിരുന്നു. പൃഥിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ബ്രോഡാഡിയായിരുന്നു അതില്‍ ഒന്ന്. ചിത്രീകരണത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്ക ദിവസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയിച്ചിരുന്നു. ഷൂട്ടിംഗ് അന്യസംസ്ഥാനങ്ങളിലേക്ക് മാറ്റുന്നത് കേരളത്തിലെ ജീവനക്കാര്‍ക്ക് തൊഴിലില്ലാതാക്കുമെന്നും നിര്‍മ്മാതാക്കള്‍ക്ക് ചെലവ് കൂടുമെന്നടക്കമുള്ള കാര്യങ്ങള്‍ സിനിമ പ്രവര്‍ത്തകര്‍ സര്‍ക്കാരിനെ ധരിപ്പിച്ചിരുന്നു.
സംസ്ഥാനത്ത് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ബ്രോഡാഡിയുടെ ചിത്രീകരണം തെലങ്കാനയിലേക്ക് മാറ്റിയതെന്ന് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയടക്കമുള്ളവരോട് സംസാരിച്ചിട്ടും അനുമതി ലഭിക്കാത്തത് കൊണ്ടാണ് ഷൂട്ട് തെലങ്കാനയിലേക്ക് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, സര്‍ക്കാരിന്റെ പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി സംവിധായിക വിധു വിന്‍സെന്റ് രംഗത്തെത്തി. ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവരെ മാത്രം ഉള്‍പ്പെടുത്തി നിയന്ത്രണങ്ങളോടെ സിനിമാ ഷൂട്ടിംഗിന് അനുമതി നല്കാനുളള സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്ന് വിധു വിന്‍സെന്റ് ഫേസ്ബുക്കില്‍ കുറിച്ചു.
ചലച്ചിത്ര പ്രവര്‍ത്തകര്‍ ദീര്‍ഘനാളായി നേരിടുന്ന സങ്കടങ്ങള്‍ക്ക് ഒരാശ്വാസമാണ് ഈ തീരുമാനം. അതേസമയം പാലക്കാട്ട് ലൈറ്റ് ആന്റ് സൗണ്ട് കട ഉടമ ഇന്ന് ആത്മഹത്യ ചെയ്ത സംഭവം കാര്യങ്ങള്‍ ഒട്ടും ശുഭകരമല്ല എന്ന അവസ്ഥയിലേക്ക് വിരല്‍ ചൂണ്ടുന്നുമുണ്ട്. കോവിഡ് പടരാതിരിക്കാനുള്ള ജാഗ്രത പോലെ തന്നെ പ്രധാനമാണ് വറുതിയിലൂടെയും ഞെരുക്കങ്ങളിലൂടെയും കടന്നുപോവുന്ന മനുഷ്യരുടെ നേര്‍ക്കുള്ള കരുതല്‍- വിധു ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.












Click it and Unblock the Notifications