സര്‍വീസ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാന സര്‍വീസ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. പെന്‍ഷന്‍കാര്‍ക്കുള്ള ക്ഷാമാശ്വാസത്തിന്റെ ഒരു ഗഡുവും അനുവദിച്ചിട്ടുണ്ട്. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് ഇക്കാര്യം അറിയിച്ചത്. യു ജി സി, എ ഐ സി ടി ഇ, മെഡിക്കല്‍ സര്‍വീസ് ഉള്‍പ്പെടെ എല്ലാ മേഖലയിലും ക്ഷമബത്ത ആനുകൂല്യം ലഭിക്കും.
സര്‍ക്കാരിന്റെ വാര്‍ഷിക ചെലവില്‍ ഏകദേശം 2000 കോടി രൂപയുടെ വര്‍ധനവാണ് ഇതുവഴി ഉണ്ടാകാന്‍ തുടങ്ങുന്നത്. നിലവില്‍ അനുവദിച്ച ക്ഷാമബത്ത കുടിശിക അടുത്ത മാസത്തെ ശമ്പളത്തിനും പെന്‍ഷനുമൊപ്പം കിട്ടിത്തുടങ്ങും എന്ന് ധനകാര്യ വകുപ്പ് അറിയിച്ചു. ഈ വര്‍ഷം ഏപ്രിലില്‍ ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചിരുന്നു. ഈ സാമ്പത്തിക വര്‍ഷം മുതല്‍ പ്രതിവര്‍ഷം രണ്ടു ഗഡു ക്ഷാമബത്ത അനുവദിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

നേരത്തെ നിയമസഭയിലും കെ എന്‍ ബാലഗോപാല്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും മെച്ചപ്പെട്ട ശമ്പള പരിഷ്‌കരണം കേരളത്തില്‍ നടപ്പാക്കിയിരുന്നു എന്നാണ് ധനമന്ത്രി പറയുന്നത്. 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഡി എ ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ പണമായും നല്‍കിയിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാരിന്റെ സംസ്ഥാനത്തോടുള്ള അവഗണനയും സമീപനവും കാരണം കേരളം സാമ്പത്തിക ഞെരുക്കത്തിലായതിനാലാണ് ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ സമയബന്ധിതമായി വിതരണം ചെയ്യുന്നതിന് തടസമായത് എന്നും ജീവനക്കാരുടെയേും പെന്‍ഷന്‍കാരുടെയും ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ പ്രതിജ്ഞാബദ്ധമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ബാലഗോപാല്‍ വ്യക്തമാക്കി.












Click it and Unblock the Notifications