Hartal- കേരളത്തില്‍ നാളെ ഹര്‍ത്താല്‍; നിതിന് നീതി വേണം, മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണം
കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ ദുരൂഹ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഈ മാസം 28ന് സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ജസ്റ്റിസ് ഫോര്‍ നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലും ദളിത് ആദിവാസി സംഘടനകളുമാണ് ക്യാമ്പസ് കൊലപാതകങ്ങള്‍ക്കെതിരെയുള്ള പ്രതിരോധമെന്ന നിലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.
നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യുക, സംസ്ഥാനത്ത് രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിന്റെ കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നല്‍കുക, അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കുക, കേസ് അന്വേഷണം ജുഡീഷ്യല്‍ മേല്‍നോട്ടത്തിലാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.

പൊലീസ് കേസ് അട്ടിമറിക്കുകയാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ കുറ്റപ്പെടുത്തി. വായ്പയുടെ പേരിലുള്ള ആത്മഹത്യയാക്കി സംഭവം മാറ്റാനാണ് പൊലീസ് ശ്രമിക്കുന്നത്. ഇതിനെ പരാജയപ്പെടുത്തണമെന്നു ഭാരവാഹികളായ ചെയര്‍മാന്‍ കെകെ സുരേഷ്, ജനറല്‍ കണ്‍വീനര്‍ സണ്ണി എം കപിക്കാട്, ട്രഷറര്‍ ജെയ്സ് പാണ്ടനാട് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കേസില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട അധ്യാപകരിലൊരാളായ ഡോ. കെടി സംഗീത നമ്പ്യാര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതില്‍ നിതിന്റെ പിതാവ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഡോ. സംഗീതയ്ക്കും ഡോ. എം.കെ. റാമിനുമെതിരെ പൊലീസിന് വ്യക്തമായ മൊഴി നല്‍കിയതാണ്. എന്നിട്ടും പൊലീസ് ഒത്തുകളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
സംഗീത നമ്പ്യാര്‍ക്ക് ജാമ്യം, റാമിന് ജാമ്യമില്ല
നിതിന്‍ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാം പ്രതി ഡോ എംകെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. രണ്ടാം പ്രതി കെ.ടി സംഗീത നമ്പ്യാര്‍ക്ക് ഉപാധികളോടെ തലശേരി ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജെ വിമല്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
അധ്യാപകരുടെ ജാതി അതിക്ഷേപത്തില്‍ മനംനൊന്താണ് നിതിന്‍ കോളജ് കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടിയതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. സംഭവ ദിവസം രണ്ടാം പ്രതി കോളജിലുണ്ടായിരുന്നില്ല. സംഗീത യാത്ര ചെയ്ത ട്രെയിന്‍ ടിക്കറ്റ് ഉള്‍പ്പെടെ അവരുടെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍, സംഭവദിവസവും നിതിനെ റാം മാനസികമായി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ വാദം.












Click it and Unblock the Notifications