എട്ടാം ക്ലാസ് വരെ കുട്ടികളുടെ കൊഴിഞ്ഞുപോക്കില്ല; ഇടം പിടിച്ച് കേരളവും; പട്ടിക ഇങ്ങനെ
ഡൽഹി: എട്ടാം ക്ലാസ് വരെ കൊഴിഞ്ഞുപോക്ക് ഇല്ലാത്ത സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും. ആറ് സംസ്ഥാനങ്ങളാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസുകളിലെ ഒരു വിദ്യാർത്ഥി പോലും കൊഴിഞ്ഞു പോകാതെ തുടരുന്നു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യൂണിഫൈഡ് ഡിസ്ട്രിക്ട് ഇൻഫർമേഷൻ സിസ്റ്റം ഫോർ എജ്യുക്കേഷൻ പ്ലസ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2020 - 2021 വർഷത്തെ യുഡൈസ് പ്ലസ് റിപ്പോർട്ട് ആണിത്.

കേരളത്തിന് പുറമേ ആന്ധ്രപ്രദേശ്, ഡൽഹി, ബീഹാർ, മധ്യപ്രദേശ്, ബംഗാൾ എന്നിവയാണ് പട്ടികയി ഇടം നേടിയ മറ്റ് സംസ്ഥാനങ്ങൾ. കഴിഞ്ഞ വർഷം മാത്രം 63,79,071 വിദ്യാർഥികളാണ് പ്രീപ്രൈമറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെ കേരളത്തിൽ പഠനം പൂർത്തിയാക്കിയത്.
ഇതിൽ സർക്കാർ സ്കൂളുകളെ ആശ്രയിച്ചത് 17,57,209 വിദ്യാർത്ഥികളാണ്. എയ്ഡഡ് സ്കൂളുകൾ ആശ്രയിച്ചത് 27,51,582 പേർ. എന്നാൽ, അൺ എയ്ഡഡ് സ്കൂളുകളിൽ 17,35,940 എന്നിങ്ങനെയാണ് പുറത്ത് വിട്ടിരിക്കുന്ന കണക്കുകൾ. അതേസമയം, മറ്റ് മാർഗങ്ങൾ വഴി പഠനം നടത്തുന്ന 1,34,340 വിദ്യാർത്ഥികളും ഉണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഡിസംബർ 2019 - 20 കാലയളവിലെ കണക്ക് പ്രകാരം കേരളത്തിൽ വിദ്യാർത്ഥികളുടെ എണ്ണം 64,64,071 ആയിരുന്നു. ജനസംഖ്യ കുറയുന്ന സാഹചര്യത്തിൽ 2020 - 21 കാലയളവിൽ വിവിധ 85,000 പേരായി കുറഞ്ഞിരുന്നു. എന്നിട്ടും, സർക്കാർ സ്കൂളുകളിൽ 31,523 വിദ്യാർത്ഥികൾ വർധിച്ചിരുന്നു.
അതേസമയം, കോവിഡ് സാഹചര്യം സർക്കാർ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണം ഉയർത്തുന്നതിന് ഇടയാക്കി. സ്വകാര്യ സ്കൂളുകൾ ഉപേക്ഷിച്ച് സർക്കാർ സ്കൂളുകളിൽ ചേരുന്ന വിദ്യാർഥികളുടെ എണ്ണം ദേശീയതലത്തിലും വർധിച്ചു. 2020 - 21 കാലയളവിൽ സ്വകാര്യ സ്കൂളുകളിൽ പഠിച്ചത് 9.5 കോടി വിദ്യാർത്ഥികളാണ്. എന്നാൽ, 2019 - 20 കാലഘട്ടത്തിൽ ഇത് 9.8 ആയിരുന്നു.
എന്നാൽ, 2020 - 21 കാലയളവിൽ സർക്കാർ സ്കൂളുകളിൽ വിദ്യാർഥികൾ 13.09 കോടിയിൽ നിന്നും 13.49 കോടിയായി ഉയർന്നിരുന്നു. എന്നാൽ ഇന്ത്യയിലെ ആകെ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ചെറിയ രീതിയിലുള്ള ഇളവുണ്ട്. 26.452 കോടിയിൽ നിന്ന് 26.444 കോടി ആയി മാറിയിരുന്നു.
എന്നാൽ, കേരളത്തിലെ ഡ്രോപ് ഔട്ട് നിരക്ക് എന്നത് സെക്കൻഡറി തലത്തിൽ (9, 10 ക്ലാസുകൾ) 7.1% ആണ്. മേഘാലയയിൽ 27.9%, നാഗാലാൻഡിൽ 24.4%, അസമിൽ ഇതു 31%, ഗുജറാത്തിൽ 23.3% എന്നിങ്ങനെയാണ് നിരക്കെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.












Click it and Unblock the Notifications