നിർണായക ധാതു മേഖലയിൽ കേരളത്തിന് മികച്ച അവസരങ്ങൾ; ഭുവനേശ്വറിലെ CSIR-IMMT സന്ദർശിച്ച് കേരള മാധ്യമ സംഘം
ഭുവനേശ്വർ: തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) സംഘടിപ്പിച്ച ഒഡീഷ മാധ്യമ പര്യടനത്തിന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള മാധ്യമ സംഘം ഭുവനേശ്വറിലെ CSIR-ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മിനറൽസ് ആൻഡ് മെറ്റീരിയൽസ് ടെക്നോളജി (IMMT) സന്ദർശിച്ചു. നിർണായക ധാതുക്കൾ, സുസ്ഥിര സാങ്കേതികവിദ്യകൾ, വിഭവകാര്യക്ഷമമായ പരിഹാരങ്ങൾ എന്നിവയിൽ സ്ഥാപനം നടത്തുന്ന അത്യാധുനിക ഗവേഷണങ്ങൾ മാധ്യമസംഘം നേരിട്ടറിഞ്ഞു.
കേന്ദ്ര ഖനി മന്ത്രാലയം 'സെന്റർ ഓഫ് എക്‌സലൻസ്' ആയി അംഗീകരിച്ച CSIR-IMMT, നിർണായക ധാതുക്കളുടെ വേർതിരിച്ചെടുക്കലിലും സംസ്‌കരണത്തിലും രാജ്യത്തെ പ്രമുഖ സ്ഥാപനമാണെന്ന് ഡയറക്ടർ ഡോ. രാമാനുജ് നാരായൺ പറഞ്ഞു.

കേരളത്തിനുള്ള പ്രധാന സാധ്യതകൾ:
കളിമണ്ണ് & കർഷക സൗഹൃദ സാങ്കേതികവിദ്യ: കേരളത്തിലെ കളിമൺ അധിഷ്ഠിത വ്യവസായങ്ങൾക്ക് വലിയ വളർച്ചാ സാധ്യതയുണ്ട്. കൂടാതെ, വാഴപ്പിണ്ടിയിലെ അവശിഷ്ടങ്ങളിൽ നിന്ന് മണ്ണിലെ പൊട്ടാസ്യം വർദ്ധിപ്പിക്കുന്ന 'ബയോചാർ' (Biochar) നിർമ്മിക്കുന്ന സാങ്കേതികവിദ്യ സ്ഥാപനം വികസിപ്പിച്ചിട്ടുണ്ട്.
പരിസ്ഥിതി സൗഹൃദ വികസനം: കേരളത്തിന്റെ വനവിസ്തൃതി പ്രധാന കാർബൺ സംഭരണിയായി പ്രവർത്തിക്കുന്നു. മലിനീകരണം കുറഞ്ഞ സാങ്കേതികവിദ്യകൾ വഴി പരിസ്ഥിതിക്കും പ്രാദേശിക ജനങ്ങൾക്കും ആഘാതമുണ്ടാക്കാത്ത സുസ്ഥിര വികസനം കേരളത്തിന് സാധ്യമാകും.
2040-ഓടെ 'വേസ്റ്റ്-ഫ്രീ' ഇന്ത്യ മാലിന്യങ്ങൾ വെറും മാലിന്യമല്ല, മറിച്ച് വിലപ്പെട്ട സ്രോതസ്സുകളാണെന്ന് ഡോ. രാമാനുജ് ചൂണ്ടിക്കാട്ടി. കാർഷിക-വ്യവസായിക ഉപോൽപ്പന്നങ്ങളെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്ന പ്രവർത്തനങ്ങളിലാണ് ഇൻസ്റ്റിറ്റ്യൂട്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2040-ഓടെ ഇന്ത്യയെ മാലിന്യമുക്ത രാഷ്ട്രമാക്കുക എന്നതാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ദീർഘകാല ലക്ഷ്യം.
ഉയർന്ന ഗുണനിലവാരമുള്ള ഹൈഡ്രജൻ ഉത്പാദനം, ഇ-മാലിന്യങ്ങളുടെയും പ്ലാസ്റ്റിക് മാലിന്യങ്ങളുടെയും പുനരുപയോഗം, പ്ലാറ്റിനം ഗ്രൂപ്പ് മൂലകങ്ങളുടെ സംസ്‌കരണം എന്നിവ നടത്തുന്ന പൈലറ്റ് പ്ലാന്റുകളും മാധ്യമസംഘം സന്ദർശിച്ചു. വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കാൻ ഇത്തരം ശാസ്ത്രീയ മുന്നേറ്റങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു.


Click it and Unblock the Notifications
