രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് കേരളത്തിലേതെന്ന് ഗോവിന്ദന്‍; 'കുറ്റക്കാരനെങ്കില്‍ എഡിജപിക്കെതിരെ നടപടി'
തിരുവനന്തപുരം: കേരളത്തിലേത് രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പൊലീസ് സംവിധാനമാണ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എന്നാല്‍ സമൂഹത്തിലുണ്ടാകുന്ന എല്ലാ അലയൊലികളും പൊലീസിലുമുണ്ടാകും എന്നും അത് സംബന്ധിച്ച അന്വേഷണം നടക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സമിതിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണങ്ങള്‍ വരുമ്പോള്‍ പെട്ടെന്ന് നടപടി എടുക്കുന്നത് തെറ്റായ ഭരണ മാതൃകയാണ്. ആരോപണങ്ങളില്‍ അന്വേഷണം നടത്തി വസ്തുത ഉണ്ടെങ്കില്‍ നടപടി എടുക്കുന്നതാണ് ശരിയായ മാതൃക. എഡിജിപി അജിത് കുമാറുമായി ബന്ധപ്പെട്ട വിഷയത്തിലും ഇത് തന്നെയായിരിക്കും സ്വീകരിക്കുക. പുറത്തുവന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ ശക്തമായ നടപടി തന്നെയുണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃശൂര്‍ പൂരം വിവാദം ഉള്‍പ്പടെയുള്ള സംഭവങ്ങളില്‍ എഡിജിപിക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണ്. ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് അധികം വൈകാതെ വരും. അതിന് ശേഷം നടപടിയുണ്ടാകും എന്ന് തന്നെയാണ് പറയാനുള്ളത്. ശശിക്കെതിരെ അന്‍വര്‍ നല്‍കിയ പരാതിയില്‍ കഴമ്പില്ല. അതുകൊണ്ടാണ് നടപടിയില്ലാത്തത്. അതുമായി ബന്ധപ്പെട്ട തെളിവുണ്ടെങ്കില്‍ കൊണ്ടുവരാം എന്നും ഗോവിന്ദന്‍ പറഞ്ഞു.
സ്വര്‍ണക്കടത്ത് ക്രമസമാധാനപ്രശ്‌നമായപ്പോഴാണ് പൊലീസ് ഇടപെട്ടത് എന്നും അദ്ദേഹം പറഞ്ഞു. പൊലീസ് സ്വീകരിക്കുന്ന ഈ നടപടിക്കെതിരെയാണ് അന്‍വര്‍ കുരിശുയുദ്ധം പ്രഖ്യാപിക്കുന്നത്. പാര്‍ട്ടിയും സര്‍ക്കാരും നല്ല നിലയില്‍ മുന്നോട്ട് പോകുന്നതിനിടെയാണ് മാധ്യമങ്ങള്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത് എന്നും അദ്ദേഹം ആരോപിച്ചു. സിപിഎമ്മിന്റെത് സംഘപരിവാര്‍ വിരുദ്ധ നിലപാടാണ് എന്ന് ജനങ്ങള്‍ക്കറിയാം എന്നും ഗോവിന്ദന്‍ പറഞ്ഞു.
ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രിക്ക് നല്ല സ്ഥാനമാണ് ഉള്ളത് എന്നു അതില്ലാതാക്കാനാണ് ആര്‍ എസ് എസ് ബന്ധമെന്ന പ്രചരണം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൃശൂരിലെ ബിജെപി വിജയത്തെ സഹായിച്ചത് യുഡിഎഫാണ്. യുഡിഎഫിന് 86000 വോട്ടുകള്‍ കുറഞ്ഞപ്പോള്‍ എല്‍ഡിഎഫിന് 18000 വോട്ട് കൂടി. ഇത് കോണ്‍ഗ്രസിന്റെ പരിശോധന റിപ്പോര്‍ട്ടിലും വ്യക്തമായതാണെങ്കിലും അവരത് പുറത്തുവിടുന്നില്ല എന്നും ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം വയനാട് ദുരന്തത്തില്‍ കേരളത്തിന് ആവശ്യമായ സഹായധനം നല്‍കാത്ത കേന്ദ്ര സര്‍ക്കാരിനെതിരെ കേരളം പ്രക്ഷോഭം സംഘടിപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരെ ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 15 വരെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. കേന്ദ്രത്തിന് കേരളത്തോട് വിരുദ്ധ നിലപാടാണുളളത് എന്നും അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications