തലച്ചുമട് നിരോധിക്കണം; യന്ത്രങ്ങളില്ലാത്ത കാലത്തെ തൊഴിൽ സംവിധാനം തുടരുന്നത് ശരിയല്ല: കോടതി
കൊച്ചി: മനുഷ്യനെ കൊണ്ട് തലച്ചുമടെടുപ്പിക്കുന്ന രീതി നിർത്തലാക്കണമെന്ന് ഹൈക്കോടതി. തലച്ചുമടെടുക്കുക എന്നത് പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു. യന്ത്രങ്ങളില്ലാത്ത കാലത്തെ തൊഴിൽ സംവിധാനം ഇപ്പോഴും തുടരുന്നത് ശരിയല്ലെന്നും കോടതി വിലയിരുത്തി. ചിലർ ചുമട്ട് തൊഴിലാളികൾ അങ്ങനെ തുടരണമെന്നാണ് ആഗ്രഹിക്കുന്നത്. അതിന് പിന്നിൽ സ്വാർത്ഥ താൽപര്യങ്ങളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ വിധേയത്വത്തിലൂടെ ആർക്കും ചുമട്ട് തൊഴിലാളിയാകാം. പിന്നെ തോന്നിയ പോലെ എന്ത് അക്രമവും കാണിക്കാം എന്നതാണ് അവസ്ഥയെന്നും കോടതി പറഞ്ഞു. യന്ത്രങ്ങൾ യാന്ത്രികമായ തലത്തിൽ പ്രവർത്തിക്കുന്നു. ചിലർ നോക്കുകൂലിയും സ്വീകരിക്കുന്നു. ഇത് എന്ത് രീതിയാണെന്നും കോടതി ചോദിച്ചു. നോക്കുകൂലി ഒരു മാനുഷിക വിരുദ്ധമായ ജോലിയല്ലേയെന്ന് കോടതി ചോദിച്ചു. ആരുടെയൊക്കെയോ താൽപര്യം സംരക്ഷിക്കാൻ വേണ്ടി ഈ രീതി തുടരുകയാണ്. യന്ത്രങ്ങൾ ചെയ്യേണ്ട ജോലി മനുഷ്യൻ ചെയ്യേണ്ടതുണ്ടോയെന്നും കോടതി ആരാഞ്ഞു.

അതേസമയം, തൊഴിലാളികളെ സംരക്ഷിക്കേണ്ടതുണ്ടെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിലും ചുമട്ട് തൊഴിലാളികളുണ്ടെന്നും സർക്കാർ പറഞ്ഞു. എന്നാൽ തലച്ചുമട് നിരോധിച്ചേ തീരൂവെന്ന് കോടതി നിലപാട് കടുപ്പിച്ചു. മറ്റ് രാജ്യത്തൊന്നും തലച്ചുമട് നടക്കില്ലെന്നും കോടതി വ്യക്തമാക്കി. അതിനിടെ, സംസ്ഥാനത്തെ റോഡുകൾ തകരുന്ന സ്ഥിതിവിശേഷത്തെ ക്കുറിച്ചും കോടതി പരാമർശിച്ചു. മഴയെ റോഡ് തകരാൻ കാരണമെന്നാണ് കോടതി നിരീക്ഷിച്ചത്. പാലക്കാട് - ഒറ്റപ്പാലം റോഡ് ഇതിന് ഉദാഹരണമാണെന്നും ഹൈക്കോടതി പറഞ്ഞു. ഇത്രയും കാലമായിട്ടും ആ റോഡിന് ഒരു കുഴപ്പവുമില്ല. ആ റോഡ് നിർമിച്ച മലേഷ്യൻ എഞ്ചിനീയർ ആത്മഹത്യ ചെയ്യേണ്ടി വന്നെന്നും കോടതി ചൂണ്ടിക്കാട്ടി.
സാരിയില്‍ തിളങ്ങി സ്വാസിക; ലുക്കായിട്ടുണ്ടെന്ന് ആരാധകര്‍
'മഴയാണ് റോഡുകൾ തകരാനുള്ള കാരണമെന്ന് പറയാനാകില്ല. നന്നായി റോഡുകൾ പണിയാൻ കഴിയില്ലെങ്കിൽ എന്തിനാണ് എഞ്ചിനീയർ? കിഴക്കമ്പലം - നെല്ലാട് റോഡ് അടിയന്തരമായി നന്നാക്കണം. റോഡ് പണിക്ക് നൂറു രൂപ നീക്കിവച്ചാൽ അതിന്റെ പകുതിയെങ്കിലും ഉപയോഗിക്കണമെന്നും കോടതി പറഞ്ഞു. എഞ്ചിനീയർമാർ അറിയാതെ ഒരു അഴിമതിയും നടക്കില്ല. ശരാശരി നിലവാരമുള്ള റോഡെങ്കിലും ജനങ്ങൾക്ക് കിട്ടണം. കുഴിയിൽ വീണു മരിക്കാതെ വീടുകളിലെത്താൻ ജനങ്ങൾക്ക് കഴിയണം. ആരുടെയോ വീഴ്ചകൾക്ക് ജനങ്ങളാണ് ദുരിതം അനുഭവിക്കുന്നതെന്നും കോടതി വ്യക്തമാക്കി.












Click it and Unblock the Notifications