സര്‍ക്കാരിന് തിരിച്ചടി; വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി... ഏതൊക്കെ നഗരസഭകള്‍, പഞ്ചായത്തുകള്‍
കൊച്ചി: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി വാര്‍ഡുകള്‍ വിഭജിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വിഭജനം രാഷ്ട്രീയപ്രേരിതവും ചട്ടം ലംഘിച്ചുമാണ് എന്ന് ചൂണ്ടിക്കാട്ടി മുസ്ലിം ലീഗ് പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. സിപിഎം അവര്‍ക്ക് അനുകൂലമായി വാര്‍ഡുകള്‍ വിഭജിക്കാന്‍ ശ്രമിച്ചു എന്ന ആക്ഷേപം നേരത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചിരുന്നു.
മലബാറിലെ എട്ട് നഗരസഭകളിലെയും ഒരു പഞ്ചായത്തിലെയും വാര്‍ഡുകള്‍ വിഭജിച്ചതുമായി ബന്ധപ്പെട്ട പരാതികളാണ് ഹൈക്കോടതി പരിഗണിച്ചത്. പുതിയ കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ജില്ലകളില്‍ നിന്ന് പരാതിക്കാര്‍ കോടതിയെ സമീപിച്ചാല്‍ സര്‍ക്കാരിന് മറ്റൊരു വെല്ലുവിളിയാകും. ഏതൊക്കെ തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനമാണ് റദ്ദാക്കിയത് എന്ന് വിശദീകരിക്കാം...

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, മുക്കം, ഫറോക്ക്, പയ്യോളി, കണ്ണൂര്‍ ജില്ലയിലെ പാനൂര്‍, മട്ടന്നൂര്‍, ശ്രീകണ്ഠാപുരം, പാലക്കാട് ജില്ലയിലെ പട്ടാമ്പി എന്നീ നഗരസഭകളിലെയും കാസര്‍കോട് ജില്ലയിലെ പടന്ന ഗ്രാമപഞ്ചായത്തിലെയും വാര്‍ഡ് വിഭജനമാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. ഈ തദ്ദേശ സ്ഥാപനങ്ങളിലെ മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും ഭാരവാഹികളാണ് കോടതിയെ സമീപിച്ചത്.
2011ലെ ജനസംഖ്യാ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ 2015ല്‍ വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കിയ തദ്ദേശ സ്ഥാപനങ്ങളാണിത്. പുതിയ സെന്‍സസ് നടക്കാതെ വീണ്ടും വാര്‍ഡ് വിഭജനം നടത്തുന്നത് ശരിയല്ല, ചട്ടലംഘനമാണ് എന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ജനസംഖ്യാ അടിസ്ഥാനത്തിലാണ് വാര്‍ഡുകള്‍ വിഭജിക്കുക. ഇനിയും വിഭജനം നടത്തണമെങ്കില്‍ പുതിയ സെന്‍സസ് നടക്കേണ്ടതുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയത് കോടതി ശരിവയ്ക്കുകയായിരുന്നു.
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ് വീതം വര്‍ധിപ്പിക്കാന്‍ തീരുമാനിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത് എന്ന് ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു. സര്‍ക്കാര്‍ രാഷ്ട്രീയപ്രേരിതമായിട്ടാണ് ഇക്കാര്യത്തെ സമീപിച്ചതെന്നും അവര്‍ കുറ്റപ്പെടുത്തി. എല്ലായിടത്തും ഒരു വാര്‍ഡ് വര്‍ധിപ്പിച്ച് ഉത്തരവിറക്കുകയും പിന്നീട് 2011ലെ സെന്‍സസ് അടിസ്ഥാനമാക്കി വാര്‍ഡ് വിഭജനം നടത്തുകയും ചെയ്യുന്നത് ശരിയല്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
പഞ്ചായത്ത് രാജ് ആക്ട്, മുന്‍സിപ്പാലിറ്റി ആക്ട് എന്നിവയുടെ ലംഘനം നടന്നിരിക്കുന്നു എന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. വാര്‍ഡ് വിഭജനം എന്തിന്, എങ്ങനെ എന്നൊക്കെ നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ട്. എന്നാല്‍ നിയമം പാലിക്കാതെയാണ് വിഭജനം നടന്നിരിക്കുന്നതെന്നും എല്ലാം രാഷ്ട്രീയ പ്രേരിതമായിട്ടാണ് നടക്കുന്നതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
വാര്‍ഡ് വിഭജനത്തില്‍ എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യത്യാസമുണ്ടെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. വിഭജനം സംബന്ധിച്ചുള്ള ആക്ഷേപം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിച്ചുവരികയാണ്. മലപ്പുറത്ത് നിന്ന് 1000ത്തിലധികം പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞ പരാതികള്‍ ലഭിച്ചത് ഇടുക്കി ജില്ലയില്‍ നിന്നാണ്. ഇനി കൂടുതല്‍ പരാതിക്കാര്‍ കോടതിയെ സമീപിക്കുമെന്നാണ് വിവരം.












Click it and Unblock the Notifications