എന്തൊരു നാണക്കേടാണ്: വിദേശ സഞ്ചാരി ഓടയില്‍ വീണ് പരിക്കേറ്റതില്‍ രൂക്ഷവിമർശനവുമായി ഹൈക്കോടതി
കൊച്ചി: കൊച്ചിയില്‍ വിദേശ സഞ്ചാരിക്ക് ഓടയില്‍ വീണ് പരിക്കേറ്റ സംഭവത്തില്‍ കടുത്തഭാഷയില്‍ വിമർശനവുമായി ഹൈക്കോടതി. കൊച്ചിയെക്കുറിച്ചും കേരളത്തെക്കുറിച്ചും പുറംലോകം എന്ത് ചിന്തിക്കുമെന്ന വിമർശനം ഉന്നയിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സംഭവത്തില്‍ വിശദമായ റിപ്പോർട്ട് സമർപ്പിക്കാന്‍ ജില്ല കലക്ടർക്ക് നിർദേശവും നല്‍കി. നടക്കാന്‍ പോലും പേടിക്കേണ്ട സ്ഥലമെന്നല്ലേ ആളുകള്‍ ഈ നാടിനെക്കുറിച്ച് വിചാരിക്കൂ എന്ന പരാമർശവും കോടതി നടത്തിയിരുന്നു.
'തുറന്ന് കിടന്ന കാനയില്‍ ഒരു വിദേശി വീണു. എന്തൊരു നാണക്കേടാണിത്. നടക്കാന്‍ പോലും പേടിക്കേണ്ട സ്ഥലമെന്നല്ലേ ആളുകള്‍ ഈ നാടിനെക്കുറിച്ച് വിചാരിക്കൂ. എങ്ങനെയാണ് ഈ നാട്ടില്‍ ടൂറിസം വളർത്തുക. ഈ വിഷയം ഈ നഗരത്തെ മാത്രമല്ല, ടൂറിസം മാപ്പില്‍ കേരത്തെ തന്നെ ബാധിക്കുന്ന കാര്യമല്ലേ? ഒന്നും നേരെയാക്കാന്‍ സമ്മതിക്കില്ല എന്നതാണ് സ്ഥിതി' ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട ഹർജികള്‍ പരിഗണിക്കുന്നതിനിടയിലായിരുന്നു ഹൈക്കോടതിയുടെ ശ്രദ്ധേയ പരാമർശങ്ങള്‍. അരൂർ- തുറവൂർ ദേശീയ പാതയുടെ നിർമ്മാണം സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ അമിക്കസ് ക്യൂറിക്ക് കോടതി നിർദ്ദേശം നൽകി.
കസ്റ്റംസ് ബോട്ടുജട്ടിയില്‍ നടപ്പാത നിര്‍മാണം നടക്കുന്ന സ്ഥലത്ത് വെച്ചായിരുന്നു ഫ്രഞ്ച് പൗരന് കഴിഞ്ഞയാഴ്ച പരിക്കേറ്റത്. കാനയില്‍ വീണ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെടുത്താണ് ആശുപത്രിയിലെത്തിച്ചത്. ഫ്രാന്‍സില്‍ നിന്നും ചികിത്സക്കായി കേരളത്തിലെത്തിയതായിരുന്നു ഇദ്ദേഹം. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ പിന്നീട് വിദഗ്ധ ചികിത്സക്കായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തുടയെല്ലിന് പരിക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയ നിര്‍ദേശിച്ചിട്ടുണ്ട്.
ബോട്ടുജട്ടിയിലെ നടപ്പാത നിര്‍മാണം കഴിഞ്ഞ ഏഴ് മാസത്തോളമായി നിലച്ചിരിക്കുകയാണ്. നിരവധി തവണ അധികൃതർക്ക് മുന്നില്‍ പരാതിപ്പെട്ടിട്ടും യാതൊരുവിധ നടപടികളും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ അഭിപ്രായപ്പെടുന്നത്. ഇവിടെ അപകടം സംഭവിക്കുന്നത് ആദ്യമായല്ല. നേരത്തേയും നിരവധിയാളുകള്‍ക്ക് ഇവിടെ വീണ് പരിക്കേറ്റിട്ടുണ്ട്.
ഏതാനും ദിവസം മുമ്പ് ഒരു കുട്ടിക്ക് സ്ലാബിന് ഇടയില്‍ വീണ് പരിക്കേറ്റിരുന്നു. കുത്തനെ നില്‍ക്കുന്ന കമ്പനികളൊക്കെ വലിയ ഭീഷണിയാണ്. ഇവിടെ അപകടത്തില്‍പ്പെടുന്നവരെ രക്ഷിക്കുക എന്നുള്ളതാണ് കസ്റ്റംസ് ജട്ടിയിലെ ഓട്ടോ തൊഴിലാളികളുടെ സ്ഥിരം ജോലി. ദിനംപ്രതി ആയിരക്കണക്കിന് ആളുകള്‍ സഞ്ചരിക്കുന്ന വഴിയാണ് ഇതെന്നും ഫ്രഞ്ച് പൗരനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ ഫസല്‍ പറഞ്ഞു.












Click it and Unblock the Notifications