മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കും ആശ്വാസ വിധി: ഒന്നും അവസാനിച്ചിട്ടില്ലെന്ന് വിഡി സതീശന്‍
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് കരാറില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കിയ കോടതി ഹര്‍ജി രാഷ്ട്രീയ പ്രേരിതമെന്ന വിജിലന്‍സ് കോടതി പരാമര്‍ശം റദ്ദാക്കുകയും ചെയ്തു. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയും ഹൈക്കോടതി സിംഗിള്‍ ബെഞ്ചും നേരത്തെ ഈ ആവശ്യം തള്ളിയിരുന്നു.
പൊതുപ്രവര്‍ത്തകനായിരുന്ന കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവും കോണ്‍ഗ്രസ് എം എല്‍ എ മാത്യൂ കുഴല്‍നാടനുമായിരുന്നു കരാറില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഗിരീഷ് ബാബു 2023 ല്‍ അന്തരിച്ചിരുന്നു.മുഖ്യമന്ത്രിയുടെ മകളെന്ന സ്ഥാനം ഉപയോഗിച്ച് വീണാ വിജയന്റെ എക്സാലോജിക് കമ്പനി സി എം ആർ എൽ എല്ലിൽ നിന്ന് മാസപ്പടി വാങ്ങിയെന്നായിരുന്നു ഹർജിക്കാരുടെ ആരോപണം.

വിജിലന്‍സ് അന്വേഷണമെന്ന ആവശ്യം കോടതി തള്ളിയെങ്കിലും വിധി നിരാശപ്പെടുത്തിയില്ലെന്നും പോരാട്ടം അവസാനിപ്പിക്കില്ലെന്നും മാത്യൂ വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരായ നിയമപോരാട്ടമാണ്. അനായാസമല്ലെന്ന ബോധ്യം ഉണ്ടായിരുന്നു. നിയമ യുദ്ധം തുടരും. സംസ്ഥാനത്തെ അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്ന് ജനങ്ങള്‍ക്ക് കൊടുത്ത വാക്കാണ് അതെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി ഉത്തരവ് യു ഡി എഫിന് തിരിച്ചടിയല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചു. എസ് എഫ് ഐ ഒ അന്വേഷണം നടക്കുന്നുണ്ട്. ലാവ്‌ലിൻ കേസിന് സമാനമായ അനിശ്ചിതത്വം ഇതിലുമുണ്ട്. അക്കൌണ്ടിലേക്ക് പണം വന്നിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്. അങ്ങനെയെങ്കിൽ എന്തിന് പണം വന്നു എന്നും വിഡി സതീശന്‍ ചോദിച്ചു.
അതേസമയം, ഹൈക്കോടതിയിൽ നിന്നും ഇന്ന് ശ്രീ മാത്യു കുഴൽനാടനും കോൺഗ്രസ്സിനും ലഭിച്ചത് കനത്ത പ്രഹരമാണെന്ന് എഎ റഹീം എംപി പ്രതികരിച്ചു. എക്‌സാ ലോജിക്കുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ വിജിലൻസ് അന്വഷണം നടത്താനുള്ള മെറിറ്റ് ഇല്ലെന്ന് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞിരിക്കുന്നു. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെയും ഇടതുപക്ഷത്തെയും തകർക്കാൻ സംഘടിത ആക്രമണമാണ് നടക്കുന്നത്. കോൺഗ്രസ്സ്, ബി ജെ പി,ഒരു വിഭാഗം മാധ്യമങ്ങൾ എന്നിവർ ഈ അക്രമണത്തിന് നേതൃത്വം നൽകുന്നു. സർക്കാരിന്റെയും പാർട്ടിയുടെയും മുഖമായ പ്രിയപ്പെട്ട മുഖ്യമന്ത്രിയെ വ്യക്തിപരമായി കടന്നാക്രമിക്കുന്നതിന്റെ പിന്നിലുള്ള നികൃഷ്ട രാഷ്ട്രീയം ഇതാണെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ കുറെ മാസമായി മുഖ്യമന്ത്രിയുടെ മകൾക്ക് എതിരെ ഇവർ നടത്തിയത് അങ്ങേയറ്റം നിന്ദ്യമായ വ്യക്തിഹത്യയാണ്. എത്രയെത്ര കള്ളക്കഥകൾ, എത്രയെത്ര രാത്രി ചർച്ചകൾ. ഒരല്പം ഉളിപ്പ് ബാക്കിയുണ്ടെങ്കിൽ വേട്ടയാടിയവർ വീണയോട് മാപ്പ് പറയണം. മാധ്യമങ്ങളും വലതു രാഷ്ട്രീയവും ഒരുമിച്ചു ചേർന്നു ഈ അവിശുദ്ധ രാഷ്ട്രീയ നീക്കം നടത്താൻ തുടങ്ങിയിട്ട് കാലം ഒരുപാടായി.സഖാവ് പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും അടിസ്ഥാന രഹിതമായ ആരോപണങ്ങളാൽ ആക്രമിക്കപ്പെടുന്നത് ഇതെത്ര തവണയാണ്? ഏതെങ്കിലും ആരോപണം ഒരിക്കലെങ്കിലും തെളിയിക്കാൻ സാധിച്ചിട്ടില്ല.വെറുതെ ആരോപണം ഉന്നയിക്കുന്നു,വ്യക്തിപരമായി വേട്ടയാടുന്നു.
നിർത്താൻ ആവശ്യപ്പെടുന്നില്ല. പറയാൻ രാഷ്ട്രീയം ഇല്ലാതെ വരുമ്പോൾ കുടുംബത്തെ ആക്രമിക്കുന്ന നിന്ദ്യമായ വഴി ഇനിയും നിങ്ങൾ തുടരും എന്നറിയാം. അത് നിങ്ങളുടെ ചീഞ്ഞളിഞ്ഞ വലതുപക്ഷ രാഷ്ട്രീയ സംസ്കാരമാണ്. ഒരു കാര്യം മാത്രം ഓർക്കുക, ഇതൊന്നും കൊണ്ട് തകർന്നു പോകുന്ന ഒന്നല്ല കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. അതിന്റെ വേര് ജനഹൃദയങ്ങളിലാണെന്നും അദ്ദേഹം പറയുന്നു.












Click it and Unblock the Notifications