കെഎം ഷാജിക്ക് വീണ്ടും ആശ്വാസം; ഇഡി കേസ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: മുസ്ലീം ലീഗ് നേതാവും മുന്‍ എം എല്‍ എയുമായ കെ എം ഷാജിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് റദ്ദാക്കി ഹൈക്കോടതി. ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്. സ്വത്ത് കണ്ടുകെട്ടിയത് ഉള്‍പ്പെടെയുള്ള ഇ ഡിയുടെ എല്ലാ നടപടികളും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്.
എം എല്‍ എയായിരിക്കെ അഴീക്കോട് സ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം കെ എം ഷാജിക്കെതിരെ കേസെടുത്തത്. തുടര്‍ന്ന് കെ എം ഷാജിയുടെ ഭാര്യ ആശയുടെ പേരിലുള്ള 25 ലക്ഷം രൂപയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടുകയും ചെയ്തിരുന്നു.

കോഴിക്കോട് ജില്ലയിലെ ചേവായൂര്‍ മാലൂര്‍കുന്നിലെ കെ എം ഷാജിയുടെ വീടിനോട് ചേര്‍ന്ന സ്ഥലത്തിന് എതിരെയായിരുന്നു നടപടി. കെ എം ഷാജി സ്ഥലം വാങ്ങി കള്ളപ്പണം വെളുപ്പിച്ചു എന്നായിരുന്നു ഇ ഡിയുടെ കണ്ടെത്തല്‍. നേരത്തെ അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് കെ എം ഷാജിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
മൂന്ന് മാസത്തേക്കാണ് ഈ കേസ് സ്റ്റേ ചെയ്തിരിക്കുന്നത്. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് കെ എം ഷാജി സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതി നടപടി. പ്രാദേശിക സി പി എം നേതാവിന്റെ പരാതിയില്‍ വിജിലന്‍സ് കോടതി നിര്‍ദേശപ്രകാരം വിജിലന്‍സെടുത്ത കേസാണ് സ്റ്റേ ചെയ്തത്.
പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് വിജിലന്‍സ് കെ എം ഷാജിക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. അനധികൃത സ്വത്ത് സമ്പാദനത്തിലൂടെ വീട് ഉള്‍പ്പെടെ നിര്‍മിച്ചു എന്നായിരുന്നു ഷാജിക്കെതിരായ പരാതി. പ്ലസ്ടു കോഴക്കേസിലും കെ എം ഷാജിക്കെതിരായ എഫ് ഐ ആര്‍ റദ്ദാക്കിയിട്ടുണ്ട്.
2020 ല്‍ ആണ് കെ എം ഷാജിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. 2013 ല്‍ അഴീക്കോട് ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്ലസ് ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴി വാങ്ങി എന്നാണ് പരാതി. കേസ് രജിസ്റ്റര്‍ ചെയ്ത വിജിലന്‍സ് അഴീക്കോട്ടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 47,35,500 രൂപ പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഈ പണം തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന് കെ എം ഷാജി പറഞ്ഞിരുന്നു.












Click it and Unblock the Notifications