തിരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി; പിസി ജോര്‍ജിന്റെ ഹര്‍ജി തള്ളി
കൊച്ചി: കൊറോണയുടെ പശ്ചാത്തലത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന ജനപക്ഷം നേതാവ് പിസി ജോര്‍ജിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് നടത്താമെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലിയുമടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യം കോടതി അംഗീകരിച്ചു.
ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ സമരവുമായി പിസി ജോര്‍ജ് രംഗത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവാസ സമരം നടത്തി. പിസി ജോര്‍ജും പാര്‍ട്ടി പ്രവര്‍ത്തകരുമാണ് സമരം നടത്തിയത്. കൊറോണ ആശങ്ക വിട്ടുമാറിയിട്ടില്ലാത്ത പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് നടത്തരുത് എന്ന് പിസി ജോര്‍ജ് ആവശ്യപ്പെടുന്നു.
ജോസ് കെ മാണിയുടെ രഹസ്യങ്ങള്‍ ചുരുളഴിയുമോ... ആഞ്ഞടിച്ച് ഇജെ അഗസ്തി, മാണിയുടെ വിശ്വസ്തന്
നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പും നടത്താമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. നിലവിലെ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ കൊറോണ രോഗികള്‍ വര്‍ധിക്കുമെന്നും പിസി ജോര്‍ജ് പറയുന്നു. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം ഉടനെയുണ്ടാകുമെന്നാണ് കരുതുന്നത്. അടുത്ത ബുധനാഴ്ചയോടെ പഞ്ചായത്ത് ഭരണസമിതികളുടെ കാലാവധി അവസാനിക്കുകയാണ്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് വേഗം നടത്തും. ഡിസംബര്‍ ആദ്യവാരത്തില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് സൂചനകള്‍. രണ്ടു ഘട്ടങ്ങളായിട്ടാകും തിരഞ്ഞെടുപ്പ്. ഏഴ് ജില്ലകളില്‍ ഒരു ദിവസം വോട്ടെടുപ്പ് നടത്തും. ശക്തമായ മുന്‍ കരുതല്‍ നടപടി സ്വീകരിക്കുമെന്ന് കമ്മീഷന് കോടതിയെ അറിയിച്ചിട്ടുണ്ട്.
വിജ്ഞാപനം വരുന്നതിന് മുമ്പ് സ്റ്റേ ചെയ്യണമെന്ന് പിസി ജോര്‍ജ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കൊറോണ ഭീതി നിലനില്‍ക്കുന്നതിനിടെ തിരഞ്ഞെടുപ്പ് നടത്തുന്നത് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്മേല് ഉള്ള വെല്ലുവിളിയാണ് എന്നും ഒന്നിന് പിറകെ ഒന്നായി വരുന്ന തിരഞ്ഞെടുപ്പ് സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുമെന്നും പിസി ജോര്‍ജ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.