ഹോട്ടലിൽ കയറുന്നവർക്ക് ഷോക്ക്! ചായയ്ക്കും ഊണിനും തീവില; വൻ പ്രതിസന്ധി
കേരളത്തിലെ ഹോട്ടലുകളിൽ ഇനി മുതൽ ഭക്ഷണം കഴിക്കണമെങ്കിൽ പോക്കറ്റ് കീറുമെന്ന് ഉറപ്പായി. സാധാരണക്കാരന്റെ ആശ്രയമായ ചായയ്ക്കും ലഘുഭക്ഷണങ്ങൾക്കും ഉൾപ്പെടെ സംസ്ഥാന വ്യാപകമായി വില വർധിപ്പിച്ചു. അന്താരാഷ്ട്ര തലത്തിലുണ്ടായ ഇന്ധന പ്രതിസന്ധി കേരളത്തിലെ അടുക്കളകളെ ഇത്രത്തോളം ബാധിക്കുമെന്ന് ആരും കരുതിയിരുന്നില്ല.
കരിഞ്ചന്തയിൽ ഗ്യാസിന് 7000 രൂപ!
ഹോട്ടൽ മേഖലയെ സമ്പൂർണ്ണമായി തകിടം മറിച്ചത് വാണിജ്യ സിലിണ്ടറുകളുടെ (19 KG) ലഭ്യതയിലുണ്ടായ വൻ കുറവാണ്. അന്താരാഷ്ട്ര തലത്തിൽ ഇറക്കുമതി തടസ്സപ്പെട്ടതോടെ എണ്ണക്കമ്പനികൾ സിലിണ്ടർ വിതരണത്തിൽ 40 ശതമാനത്തോളം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗികമായി 3,100 രൂപ നിരക്കുള്ള സിലിണ്ടറുകൾക്ക് കരിഞ്ചന്തയിൽ ഇപ്പോൾ 7,000 രൂപ വരെയാണ് പലയിടത്തും ഈടാക്കുന്നത്. ഇത്രയും വലിയ തുക നൽകി ഗ്യാസ് വാങ്ങി ഹോട്ടൽ മുൻപോട്ടുകൊണ്ടുപോകാൻ സാധിക്കില്ലെന്നും, നഷ്ടം സഹിക്കാൻ കഴിയില്ലെന്നുമാണ് ഉടമകൾ പറയുന്നത്.
പുതിയ നിരക്കുകൾ ഇങ്ങനെ
ഹോട്ടൽ ഉടമകളുടെ സംഘടനകൾ ഏകപക്ഷീയമായല്ലെങ്കിലും നിലനിൽപ്പിനായി വില വർധിപ്പിക്കാൻ നിർബന്ധിതരായിരിക്കുകയാണ്. പ്രധാന മാറ്റങ്ങൾ താഴെ.
ചായ/കാപ്പി: 12 രൂപയിൽ നിന്നും 15-18 രൂപയിലേക്ക് ഉയർന്നു. കാപ്പിക്ക് 25 രൂപ
ഊണ്: സാധാരണ ഊണിന് 10 മുതൽ 20 രൂപ വരെ അധികം നൽകണം.

സ്നാക്സ്: വട, പപ്പടം, മറ്റ് പലഹാരങ്ങൾ എന്നിവയ്ക്ക് 2 രൂപ മുതൽ 5 രൂപ വരെ വർധന.
നോൺ-വെജ്: ചിക്കൻ, മട്ടൻ വിഭവങ്ങൾക്കും, ബിരിയാണിക്കും 10% മുതൽ 20% വരെ വില കൂടി.
ഹോട്ടലുകൾ പൂട്ടുന്നു
ഗ്യാസ് കിട്ടാനില്ലാത്ത സാഹചര്യത്തിൽ പലരും വിറകടുപ്പുകളിലേക്ക് മാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും നഗരപ്രദേശങ്ങളിൽ ഇത് പ്രായോഗികമല്ല. പുക മലിനീകരണം സംബന്ധിച്ച പരാതികളും സൗകര്യക്കുറവും ഇതിന് തടസ്സമാകുന്നു. ഇതിനുപുറമെ പച്ചക്കറി, പാൽ, വെളിച്ചെണ്ണ എന്നിവയുടെ വിലക്കയറ്റം കൂടി വന്നതോടെ ഹോട്ടൽ വ്യവസായം അതിന്റെ ഏറ്റവും മോശം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.
സർക്കാർ അടിയന്തരമായി വിപണിയിൽ ഇടപെട്ടില്ലെങ്കിൽ സാധാരണക്കാരന് പുറത്തുനിന്ന് ഒരു നേരത്തെ ഭക്ഷണം കഴിക്കുക എന്നത് അസാധ്യമായി മാറും. വരും ദിവസങ്ങളിൽ കൂടുതൽ ഹോട്ടലുകൾ പണിമുടക്കിലേക്കോ അല്ലെങ്കിൽ അനിശ്ചിതകാല അടച്ചുപൂട്ടലിലേക്കോ നീങ്ങാനാണ് സാധ്യത.












Click it and Unblock the Notifications