ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; എൻ പ്രശാന്തിനും ബി അശോകിനും ഉന്നത പദവികൾ!
കേരളത്തിലെ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി നടത്തി സംസ്ഥാന സർക്കാർ. ഭരണനിർവ്വഹണം കൂടുതൽ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് വിവിധ വകുപ്പുകളിലെ പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും ഡയറക്ടർമാർക്കും പുതിയ ചുമതലകൾ നൽകിയിരിക്കുന്നത്. അടുത്തിടെ വിവാദങ്ങളെത്തുടർന്ന് സസ്പെൻഷനിലാവുകയും പിന്നീട് ഇപ്പോൾ സർവീസിൽ തിരിച്ചെത്തുകയും ചെയ്ത ഉദ്യോഗസ്ഥരായ എൻ പ്രശാന്ത്, ബി അശോക് എന്നിവർക്ക് പ്രധാന പദവികൾ നൽകിയെന്നതാണ് ഈ അഴിച്ചുപണിയിലെ ഏറ്റവും നിർണായകമായ കാര്യം.
അശോകിനും പ്രശാന്തിനും പുതിയ വകുപ്പുകൾ
ഐഎഎസ് തലപ്പത്തെ പോരിലും, സോഷ്യൽ മീഡിയയിലൂടെ ഉണ്ടായ വിവിധ വിവാദങ്ങളെത്തുടർന്ന് മുൻപ് സസ്പെൻഷൻ നടപടി നേരിട്ട ഉദ്യോഗസ്ഥരാണ് ബി അശോകും എൻ പ്രശാന്തും. സസ്പെൻഷൻ കാലാവധി കഴിഞ്ഞ് തിരികെ സർവീസിലെത്തിയ ഇരുവർക്കും തന്ത്രപ്രധാനമായ വകുപ്പുകളാണ് സർക്കാർ ഇപ്പോൾ നൽകിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായാണ് ബി അശോകിനെ നിയമിച്ചിരിക്കുന്നത്. കായിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായാണ് എൻ പ്രശാന്തിന് പുതിയ ചുമതല നൽകിയിരിക്കുന്നത്. വിവാദങ്ങൾക്ക് ശേഷം ഇരുവരും ഭരണകൂടത്തിന്റെ നിർണായക പദവികളിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ നിയമനങ്ങൾക്കുണ്ട്.

മറ്റ് ഉദ്യോഗസ്ഥരുടെ പുതിയ നിയമനങ്ങൾ
ടിവി അനുപമ ഗതാഗത വകുപ്പ് സെക്രട്ടറിയായി ചുമതലയേൽക്കും. ദിവ്യ എസ് അയ്യർ തദ്ദേശ ഭരണവകുപ്പിൽ പ്രിൻസിപ്പൽ ഡയറക്ടറായാണ് പുതിയ നിയമനം. ഡി സജിത് ബാബു പൊതുവിദ്യാഭ്യാസ ഡയറക്ടറായി ചുമതലയേൽക്കും. എംജി രാജമാണിക്യം: കെഎസ്ആർടിസി എംഡിയായും അതോടൊപ്പം കെഎസ്ഇബി സിഎംഡിയായും ഇദ്ദേഹത്തിന് ഇരട്ട ചുമതലകൾ നൽകിയിട്ടുണ്ട്. ജെറോമിക് ജോർജ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം എംഡിയായി നിയമിച്ചു. ശ്രീധന്യ സുരേഷ് പുതിയ ഭക്ഷ്യ സുരക്ഷാ കമ്മീഷണറാകും. പ്രേംകൃഷ്ണൻ സാംസ്കാരിക വകുപ്പ് ഡയറക്ടറായി ചുമതലയേൽക്കും. കെആർ ജ്യോതി ലാൽ ധനകാര്യവകുപ്പിൽ അഡീഷണൽ ചീഫ് സെക്രട്ടറിയായി വലിയ ഉത്തരവാദിത്തമാണ് നൽകിയിരിക്കുന്നത്. പുനീത് കുമാർ കേരള ഹൗസ് റെസിഡന്റ് കമ്മീഷണറായി നിയമിച്ചു.
അദീന അബ്ദുള്ള പിഡ്ബ്ലുഡി സ്പെഷ്യൽ സെക്രട്ടറിയാകും. രാജുനാരായണ സ്വാമി സൈനിക ക്ഷേമവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായാണ് പുതിയ നിയമനം. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസം, കെഎസ്ആർടിസി, വിഴിഞ്ഞം തുറമുഖം, തദ്ദേശഭരണം തുടങ്ങിയ പ്രധാന മേഖലകളിലെല്ലാം പുതിയ ഉദ്യോഗസ്ഥർ എത്തുന്നതോടെ ഭരണരംഗത്ത് വലിയ മാറ്റങ്ങളാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications