സിനിമാ പ്രേമികള്‍ക്ക് ആശ്വാസം; ഐഎഫ്‌എഫ്‌കെ ഫെബ്രുവരി 10മുതല്‍; നാല് മേഖലകളിലായി പ്രദര്‍ശനം
തിരുവനന്തപുരം: ഇതുപത്തിയഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള ഫെബ്രുവരി 10ന് ആരംഭിക്കും. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും മേള സംഘടിപ്പിക്കുകയെന്ന് സാംസ്‌കാരിക മന്ത്രി എകെ ബാലന്‍ അറിയിച്ചു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ നാല് മേഖലകളിലായാണ് ചലച്ചിത്ര മേള നടക്കുക. തിരുവനന്തപുരം, എറണാകുളം, തലശ്ശേരി, പാലക്കാട്, എന്നിവിടങ്ങളിലായാണ് മേള നടത്തുക.ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ മേള സംഘടിപ്പിക്കുന്നത്.ഓരോ മേഖലയിലും 5 ദിവസങ്ങളിലായാകും ചലച്ചിത്ര മേള സംഘടിപ്പിക്കക.
ചലച്ചിത്ര മേള പോലെ ലോകശ്രദ്ധയാകര്‍ഷിച്ച, കേരളത്തിന്റെ അഭിമാനമായ ഒരു സാംസ്‌കാരിക പരിപാടി പൂര്‍ണമായും ഒഴിവാക്കുന്നത് ഉചിതമല്ലെന്ന് തോന്നിയതിനാല്‍ എല്ലാ വിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് 2021 ഫെബ്രുവരിയില്‍ മേള നടത്താന്‍ നിശ്ചയിച്ചിരിക്കുകയാണെന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞു.
തിരുവനന്തപുരം സ്ഥിരം വേദിയില്‍ നടക്കുന്ന മേളയില്‍ ഒരോ വര്‍ഷവും സാധാരണ 14000ത്തോളം പ്രതിനിധികളാണ് പങ്കെടുക്കാറുള്ളത്. കെവിഡിന്റെ പശ്ചാത്തലത്തില്‍ ഇത് പ്രായോഗികമല്ലാത്തതിനാല്‍ ആണ് കേരളത്തിലെ നാല് മേഖലകളിലായി ഇത്തവണ ഐഎഫ്‌എഫ്‌കെ സംഘടിപ്പിക്കുന്നത്.
തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് വെച്ചാണ് മേളയുടെ ഉദ്‌ഘാടനം. സമാപനം പാലക്കാട് വെച്ച് നടത്താനാണ് സംഘാടകരുടെ തീരുമാനം. വിദേശ പ്രതിനിധികള്‍ ഇത്തവണ മേളയില്‍ പങ്കെടുക്കില്ല.ഉദ്‌ഘാടന സമാപന ചടങ്ങുകളില്‍ പരമാവധി 200 പേരെ മാത്രമേ പങ്കെടുപ്പിക്കുകയുള്ളു. മീറ്റ് ദ ഡയറക്ടര്‍, പ്രസ് മീറ്റ്, മാസ്റ്ററര്‍ ക്ലാസ്, വിദേശി അതിഥികളുടെ സാന്നിധ്യം എന്നവയെല്ലാം ഓണ്‍ലൈന്‍ വഴിയാകും നടത്തുക.
അന്താരാഷ്ട്ര മല്‍സര വിഭാഗം, ലോക സിനിമാ വിഭാഗം, മലയാളം സിനിമ റ്റുഡേ, ഇന്ത്യന്‍ സിനിമ നൗ, കലൈഡോസ്‌കോപ്പ്, റെഡോട്രോസ്‌പെക്‌റ്റീവ്, ഹോമേജ് എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലും മേളയുണ്ടാകും. ഒരോ മേഖലയിലും ഐഎഫ്‌എഫ്‌കെയില്‍ ഉള്‍പ്പെടുത്തിയ എല്ലാ സിനിമകളും പ്രദര്‍ശിപ്പിക്കും. ഒരു ദിവസം ഒരു തിയറ്ററില്‍ നാല് ചിത്രങ്ങള്‍ വിതമാണ് പ്രദര്‍ശിപ്പിക്കുക.
ഡെലിഡേറ്റ് ഫീസ് പൊതുവിഭാഗത്തിന് 750 രൂപയും വിദ്യാര്‍ഥികള്‍ക്ക് 400 രൂപയുമായിരിക്കും. കഴിഞ്ഞ വര്‍ഷം ഡെലിഗേറ്റ് ഫീസ് പൊതു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1000 രൂപയും വിദ്യാര്‍ഥികള്‍ക്ക് 500 രൂപയുമായിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഫീസ് കുറക്കാന്‍ തിരുമാനിച്ചത്. തിയറ്ററുകളിലേക്കുള്ള പ്രവേശനം പൂര്‍ണമായും റിസര്‍വേഷന്‍ അടിസ്ഥാനത്തിലായിരിക്കും തെര്‍മല്‍ സ്‌കാനിംഗ് നടത്തിയതിന് ശേഷം മാത്രമേ പ്രവേശനം അനുവദിക്കു. മേളയില്‍ പങ്കെടുക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.