കേരളത്തിലും സ്കൂളുകൾ തുറക്കും; വാക്സിനേഷനും രോഗവ്യാപനവും കണക്കിലെടുത്ത് അന്തിമ തീരുമാനമെന്ന് മന്ത്രി
കേന്ദ്ര സർക്കാരിന്റെ നിലപാട്, മറ്റു സംസ്ഥാനങ്ങളിലെ അവസ്ഥ, വാക്സിനേഷൻ, രോഗവ്യാപനം ഇവയെല്ലാം കണക്കിലെടുത്തേ അന്തിമ തീരുമാനമെടുക്കാൻ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി
തിരുവനന്തപുരം: കേരളത്തിലും സ്കൂളുകൾ തുറക്കുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളുടെ വാക്സിനേഷൻ പൂർത്തിയാക്കിയ ശേഷം അവരെ സ്കൂളുകളിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത് എന്ന് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ നിലപാട്, മറ്റു സംസ്ഥാനങ്ങളിലെ അവസ്ഥ, വാക്സിനേഷൻ, രോഗവ്യാപനം ഇവയെല്ലാം കണക്കിലെടുത്തേ അന്തിമ തീരുമാനമെടുക്കാൻ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി.
കലക്കൻ ഫൊട്ടോസുമായി ദിലീപിന്റെ മകൾ; മീനാക്ഷികുട്ടിയെ വളഞ്ഞ് ആരാധകർ

കോവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ച പഞ്ചാബ് ഉൾപ്പടെയുള്ള സംസ്ഥനങ്ങൾ സ്കൂളുകൾ തുറക്കുന്നതിലേക്ക് കടന്നിട്ടുണ്ട്. തമിഴ്നാട്ടിലും സെപ്റ്റംബറിൽ സ്കൂളുകൾ തുറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ കേരളത്തിൽ കോവിഡ് രോഗ വ്യാപനത്തിന്റെ രണ്ടാം തരംഗം ഇനിയും അവസാനിച്ചട്ടില്ലെന്ന് മാത്രമല്ല അപകടകരമായ രീതിയിൽ തുടരുക കൂടിയാണ്. അതേസമയം വാക്സിനേഷനിൽ കേരളം ഏറെ മുന്നിലാണ്. കുട്ടികളിലെ വാക്സിനേഷൻ പൂർത്തിയാക്കിയാൽ ഒരു വിഭാഗം കുട്ടികൾക്കെങ്കിലും സ്കൂളുകളിലെത്തി വിദ്യാഭ്യാസം നടത്താൻ സാധിക്കുമെന്നാണ് വിദഗ്ധരും അഭിപ്രായപ്പെടുന്നത്.
കേരളത്തിൽ സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് അഭിപ്രായങ്ങൾ പരിഗണനയിലുണ്ടെന്ന് മന്ത്രി വി ശിവൻക്കുട്ടി വ്യക്തമാക്കി. മുതിർന്ന ക്ലാസുകൾ ആദ്യം തുറക്കാം എന്നതാണ് ഒന്ന്. അതേസമയം അതല്ല, ചെറിയ ക്ലാസിൽ ആരംഭിക്കുന്നതാണ് ഉചിതം എന്നു പറയുന്നവരും ഉണ്ടെന്ന് മന്ത്രി പറഞ്ഞു. പഞ്ചാബിലടക്കം ചെറിയ ക്ലാസുകളാണ് തുടങ്ങിയത്. ഒന്ന് മുതൽ മൂന്നാം ക്ലാസ് വരെയുള്ള കുട്ടികളിൽ പ്രതിരോധ ശേഷി കൂടുതലാണെന്ന പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നും മന്ത്രി വ്യക്തമാക്കി.
മറ്റു സംസ്ഥാനങ്ങൾ തുറക്കുന്നുണ്ടെങ്കിൽ ആ മാതൃകയും പ്രോട്ടോക്കോളും പരിശോധിച്ച് ഒരു തീരുമാനം എടുക്കും, മന്ത്രി പറഞ്ഞു. നേരിട്ട് ഇരുന്നു സംസാരിക്കുന്നതിന്റെയും ഫോണിൽ കൂടി സംസാരിക്കുന്നതിന്റെയും വ്യത്യാസം ഇപ്പോഴത്തെ പഠനത്തിലുണ്ട്. പുസ്തകവുമായി അകൽച്ച കുറയ്ക്കാൻ ഡിജിറ്റൽ ക്ലാസുകൾക്ക് കഴിയുന്നുണ്ടെന്നേ ഉള്ളൂ. ഉറപ്പായിട്ടും സ്കൂൾ തുറക്കുന്നതിലേക്കു ചർച്ച പോകേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.
ഇപ്പോൾ വകുപ്പ് തല ചർച്ചകളാണ് പുരോഗമിക്കുന്നതെന്ന് പറഞ്ഞ മന്ത്രി ആരോഗ്യ വകുപ്പ് ഉൾപ്പടെയുള്ള മറ്റ് തലങ്ങളിലും ആലോചനകൾ നടക്കേണ്ടതുണ്ടെന്നും പറഞ്ഞു. അധ്യാപകരിൽ ഭൂരിഭാഗത്തിനും സ്കൂളുകൾ തുറക്കണമെന്ന ആവശ്യമാണ് ഉള്ളത്. അതേസമയം ഡിജിറ്റൽ വിദ്യാഭ്യാസത്തിന് വേണ്ടത്ര ഉപകരണങ്ങളില്ലാത്തതും തിരിച്ചടിയാണെന്നും മന്ത്രി പറഞ്ഞു. 22,44,573 കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് സ്വന്തമായി ഉപകരണമുണ്ട്. 7,60,206 പേർക്ക് ഉപകരണം വാങ്ങാൻ ശേഷിയുണ്ട്. 3,38,347 പേർക്ക് വായ്പയും മറ്റുമായി വാങ്ങാൻ സാധിക്കും. 4,71,596 കുട്ടികൾക്കാണ് വാങ്ങി കൊടുക്കേണ്ടത് എന്ന് പറഞ്ഞ മന്ത്രി അതിന് സാധിക്കുമെന്നും വ്യക്തമാക്കി.












Click it and Unblock the Notifications