മോദി സർക്കാറിന്റെ ശക്തമായ സഹായം ഉള്ളതുകൊണ്ട് മാത്രമാണ് കേരളം പിടിച്ചുനിൽക്കുന്നത്: കെ സുരേന്ദ്രന്‍
കൊച്ചി: കേന്ദ്ര വിഹിതം കേരളത്തിന് നൽകുന്നത് സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ കൃത്യമായ കണക്കവതരിപ്പിച്ച സ്ഥിതിക്ക് മുഖ്യമന്ത്രിയും ധനമന്ത്രി ബാലഗോപാലും സംസ്ഥാനത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്രത്തിനെതിരെ അനാവശ്യ ആരോപണം ഉന്നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഗീർവാണമടിക്കാതെ കണക്കുകൾ പുറത്തു വിടാൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിൻ്റെ കഴിവില്ലായ്മ കേന്ദ്ര സർക്കാരിൻ്റെ മേൽ കെട്ടിവെച്ച് രക്ഷപ്പെടാൻ ഇനി സാധിക്കുകയില്ല. ജി എസ് ടി വിഹിതം കേന്ദ്രം നൽകാനുണ്ടെന്ന് പറയുന്ന സംസ്ഥാന ധനമന്ത്രി എന്തുകൊണ്ടാണ് കൃത്യമായ പ്രൊപ്പോസൽ കേന്ദ്ര ധനകാര്യമന്ത്രാലയത്തിന് നൽകാത്തത്? ക്ഷേമപെൻഷനുകളിലെ കേന്ദ്രവിഹിതം പൂർണമായും വാങ്ങി വെച്ചിട്ടാണ് സംസ്ഥാന സർക്കാർ ജനങ്ങൾക്ക് അത് വിതരണം ചെയ്യാതെ വഴിമാറ്റി ചെലവഴിക്കുന്നത്. നെല്ല് കർഷകർക്ക് ഉൾപ്പെടെ പണം നൽകാതെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് സംസ്ഥാനം ചെയ്യുന്നത്.

നരേന്ദ്രമോദി സർക്കാരിൻ്റെ ശക്തമായ സഹായം ഉള്ളതുകൊണ്ട് മാത്രമാണ് കേരളം പിടിച്ചുനിൽക്കുന്നത്. എന്നാൽ സ്വന്തം ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടി ധൂർത്തും അഴിമതിയും നടത്തുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രംഗത്ത് വന്നു. കേന്ദ്ര ധനമന്ത്രി വസ്തുതകൾ തെറ്റായി അവതരിപ്പിക്കുകയാണെന്നും ക്ഷേമ പെൻഷൻ വിഹിതം മൂന്നരവർഷം പിടിച്ചുവച്ച് വിഷമിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതാനും ചില കാര്യങ്ങള്‍ക്ക് മാത്രമാണ് കേന്ദ്ര സർക്കാറിന്റെ സഹായം ലഭിക്കുന്നത്. സംസ്ഥാനത്തിന് 34714 കോടി ഗ്രാൻഡ് അനുവദിച്ചുവെന്നാണ് ധനമന്ത്രിയുടെ വാദം. ഇത് കേന്ദ്രത്തിന്റെ കേരളത്തോടുള്ള ഔദാര്യമല്ല, കേരളത്തിന് കിട്ടേണ്ട വിഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിനുണ്ടായ നികുതി നഷ്ടത്തിന്റെ പകുതി പോലും പരഹിരിക്കപ്പെട്ടിട്ടില്ല. വരുന്ന രണ്ടു വർഷത്തിൽ റവന്യൂ കമ്മി ഗ്രാൻഡ് ഇനത്തിൽ കേരളത്തിൽ ഒന്നും കിട്ടില്ലെന്ന് മനസ്സിലായി. രാജ്യത്ത് എല്ലായിടത്തും സംസ്ഥാനങ്ങള്‍ക്ക് നല്‍കി വരുന്ന വിഹിതം കുറഞ്ഞ് വരികയാണ്. കേരളത്തിനാണ് ഏറ്റവും വലിയ നഷ്ടം സഹിക്കേണ്ടി വന്നത്. സംസ്ഥാന വിഹിതത്തിനുള്ള 57400 കോടി രൂപ കുറച്ച സര്‍ക്കാരാണ് ഇവിടെ വന്ന് എല്ലാം ചെയ്തുവെന്ന് പറയുന്നതെന്നും പിണറായി വിജയന്‍ കൂട്ടിച്ചേർത്തു.
സമയാസമയങ്ങളിൽ കേന്ദ്ര വിഹിതം കിട്ടാത്തത് കൊണ്ടാണ് കടം എടുക്കേണ്ടി വരുന്നത്. നാടിനെ ശ്വാസം മുട്ടിക്കുന്ന സമീപനം ആണ് കേന്ദ്രം എടുക്കുന്നത്. ഈ വിഷയങ്ങളിലൊന്നും കേന്ദ്ര ധനമന്ത്രി ഒരു വിശദീകരണവും നൽകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications