കനത്ത മഴയാണ്, വിനോദം പിന്നെ മതി: സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ക്ക് പ്രത്യേക നിർദേശം
കേരളത്തിൽ റെഡ് അലെർട്ടും മഴ ശക്തമാകുമെന്നുള്ള കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പും പരിഗണിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കുള്‍പ്പെടെ പ്രത്യേക സർക്കാർ നിർദേശം. റെഡ്, ഓറഞ്ച് അലെർട്ടുകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലും മഴ വ്യാപിക്കുന്ന സാഹചര്യത്തിൽ സമീപ ജില്ലകളിലും ഉള്ള വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാണ് നിർദേശം. മുന്നറിയിപ്പുകൾ പിൻവലിക്കുന്നത് വരെ നിയന്ത്രണങ്ങൾ തുടരും.
മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലകളിലും മഴ അവസാനിക്കുന്നത് വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇത്തരം സ്ഥലങ്ങളിലേക്കുള്ള റോഡുകളിൽ തന്നെ മണ്ണിടിച്ചിൽ സാധ്യത ഉള്ളയിടങ്ങളിൽ സുരക്ഷ ബോർഡുകൾ സ്ഥാപിക്കുകയും ആവശ്യമായ യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്താന്‍ സർക്കാർ നിർദേശമുണ്ട്.

ഇതര സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും കേരളത്തിൽ എത്തിയിട്ടുള്ള സഞ്ചാരികളിലും മുന്നറിയിപ്പ് എത്തുന്നുണ്ട് എന്നുറപ്പാക്കണം. ഏതെങ്കിലും സഞ്ചാരികൾ അപകടത്തിൽ പെടുകയോ ഒറ്റപ്പെട്ടു പോവുകയോ ചെയ്താൽ ബന്ധപ്പെടേണ്ട അടിയന്തര നമ്പറുകൾ വ്യാപകമായി ടൂറിസ്റ്റുകൾക്ക് ഇടയിൽ പ്രചരിപ്പിക്കാൻ നടപടി സ്വീകരിക്കണം.
മുന്നറിയിപ്പ് അവസാനിക്കുന്നത് വരെ 24*7 പ്രവർത്തിക്കുന്ന പ്രത്യേക കണ്ട്രോൾ റൂമുകൾ ആരംഭിക്കുക. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ സംബന്ധിച്ച് മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങൾ വഴിയും പ്രചരണം നടത്തുക. പോലീസ്, ദുരന്ത നിവാരണം, അഗ്നിശമന രക്ഷാ സേന എന്നിവയുടെ കണ്ട്രോൾ റൂമുകളിലേക്കും നിയന്ത്രണങ്ങൾ സംബന്ധിച്ച അറിയിപ്പുകൾ ലഭ്യമാക്കേണ്ടതാണെന്നും സർക്കാർ വ്യക്തമാക്കി.
അതേസമയം, വടക്കൻ ബംഗാൾ ഉൾക്കടലിൽ മധ്യഭാഗത്തായി പുതിയൊരു ന്യൂനമർദ്ദം രൂപപ്പെട്ടു, അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ന്യൂനമർദ്ദം ശക്തിപ്രാപിച്ചു വടക്കു -പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ഒഡിഷ തീരത്തു എത്താൻ സാധ്യത. വടക്കു കിഴക്കൻ അറബിക്കടലിൽ ഒരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. അതോടൊപ്പം കേരള തീരത്തു പടിഞ്ഞാറൻ/ വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നുണ്ട്.
ഇതിന്റെ ഫലമായി, കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി/മിന്നൽ/കാറ്റോടു കൂടിയ മിതമായ/ഇടത്തരം മഴയ്ക്കും ഒറ്റപെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപെട്ട സ്ഥലങ്ങളിൽ ഇന്നും നാളെയും (18 & 19 ജൂലൈ) അതിശക്തമായ മഴയ്ക്കും അടുത്ത 4 ദിവസം ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.












Click it and Unblock the Notifications