പിസി ജോർജും ബിജെപിയും ഇനി രണ്ടല്ല, ഒന്ന്: ജനപക്ഷം പാർട്ടി ബിജെപിയില്‍ ലയിച്ചു
ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ നയിച്ച കേരളപദയാത്രയുടെ സമാപനസമ്മേളനത്തിൽ പിസി ജോർജിൻ്റെ ജനപക്ഷം (സെക്കുലർ) ഔദ്യോഗികമായി ബിജെപിയിൽ ലയിച്ചു. പാർട്ടിയുടെ 140 സംസ്ഥാന ഭാരവാഹികൾ ചടങ്ങിൽ ബിജെപി അംഗത്വമെടുത്തു. പിസി ജോർജും ഷോൺ ജോർജും നേരത്തെ തന്നെ ദില്ലിയിൽ വെച്ച് ബി ജെ പിയിൽ ചേർന്നിരുന്നു.
പി സി ജോർജ്, വർക്കിംഗ് ചെയർമാൻ ഇ കെ ഹസ്സൻകുട്ടി, ജനറൽ സെക്രട്ടറിമാരായ സെബി പറമുണ്ട, പ്രൊഫ. ജോസഫ് റ്റി ജോസ്,അഡ്വ. സുബീഷ് പി എസ്, പി വി വർഗീസ് പുല്ലാട്ട്, വൈസ് പ്രസിഡന്റുമാരായ എം എസ് നിഷാ, സജി എസ് തെക്കേൽ, ഷോൺ ജോർജ് ഉൾപ്പെടെയുള്ള സംസ്ഥാന ഭാരവാഹികളും 112 സംസ്ഥാന കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ വെച്ച് ബിജെപി അംഗത്വം സ്വീകരിച്ചു.

കേരള കോൺഗ്രസ് (സെക്കുലർ) ല്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ 2019 ലാണ് കേരള ജനപക്ഷം (സെക്കുലർ) എന്ന പാർട്ടി പിസി ജോർജ് രൂപീകരിച്ചത്. 2000-ൻ്റെ തുടക്കത്തിൽ കേരളാ കോൺഗ്രസ് (ജോസഫ്) വിഭാഗത്തില്‍ നിന്ന് വേർപിരിഞ്ഞാണ് കേരള കോൺഗ്രസ് (സെക്കുലർ) പാർട്ടി രൂപീകരിക്കുന്നത്. പാർട്ടി ചെയർമാൻ ടി എസ് ജോണുമായുള്ള പ്രശ്നങ്ങളെ തുടർന്നായിരുന്നു പിസി ജോർജിനെ പാർട്ടിയില്‍ നിന്നും പുറത്താക്കിയത്.
അതേസമയം, മതഭീകരവാദശക്തികളിൽ നിന്നും കേരളത്തെ മുക്തമാക്കാൻ മോദി സർക്കാർ പ്രതിഞ്ജാബദ്ധമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന കേരളപദയാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂഞ്ഞാറിൽ വൈദികനെ ആക്രമിച്ച സംഭവത്തിലും ആറ്റുകാൽ പൊങ്കാലയ്ക്കെതിരെ നടന്ന ഹേറ്റ് ക്യാമ്പയിന് പിന്നിലും മതഭീകരവാദ ശക്തികളാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഇടത്-വലത് മുന്നണികളാണ് ഈ മതഭീകരവാദ സംഘടനകളെ പിന്തുണയ്ക്കുന്നത്. പൂഞ്ഞാറിൽ ക്രൈസ്തവ പുരോഹിതൻ ആരാധനാലയത്തിന് മുമ്പിൽ വെച്ച് ആക്രമിക്കപ്പെട്ടിട്ടും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ഇരു മുന്നണികളും സ്വീകരിച്ചത്. ഇതിനെതിരെ ശബ്ദിക്കാൻ ഇവിടെ ദേശീയ ജനാധിപത്യ സഖ്യം മാത്രമാണുള്ളത്. രണ്ട് മാസത്തിനിടെ മൂന്നാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. നിരവധി സമ്മാനങ്ങളുമായാണ് മോദി ഓരോ തവണയും കേരളത്തിലെത്താറുള്ളത്.
നരേന്ദ്രമോദി സർക്കാരിൻ്റെ വികസന രാഷ്ട്രീയം കേരളം ഏറ്റെടുത്തതിൻ്റെ തെളിവാണ് ഒരുമാസമായി കേരളപദയാത്രയ്ക്ക് സംസ്ഥാനത്തുടനീളം ലഭിച്ച സ്വീകരണം. ഇന്ന് പിസി ജോർജിൻ്റെ ജനപക്ഷം സെക്കുലർ ബിജെപിയിൽ ഔദ്യോഗികമായി ലയിച്ചു. ഓരോ പാർലമെൻ്റ് മണ്ഡലങ്ങളിലും നൂറുകണക്കിനാളുകളാണ് കേരളപദയാത്രയിൽ ബിജെപി അംഗത്വം സ്വീകരിച്ചതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.












Click it and Unblock the Notifications