കോട്ടയം; പ്രണയ നൈരാശ്യത്തില്‍ കോളേജില്‍വെച്ച് തീകൊളുത്തല്‍; യുവാവും വിദ്യാര്‍ഥിനിയും മരിച്ചു
കോട്ടയം: പ്രണയനൈരാശ്യത്തെ തുടര്‍ന്ന് യുവാവ് കോളേജിനകത്തുകടന്ന് വിദ്യാര്‍ഥിനിയെ തീകൊളുത്തിയ സംഭവത്തില്‍ രണ്ടുപേരും മരിച്ചു. കോട്ടയം എംജി സര്‍വ്വകലാശാലയുടെ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്റെ ക്ലാസ് മുറിയിലാണ് ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.
ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷനിലെ നാലാം വര്‍ഷ ഫിസിയോ തെറാപ്പി (ബിപിടി) വിദ്യാര്‍ഥിനി കെ. ലക്ഷ്മി (21) യും നീണ്ടകര, പുത്തന്‍തുറ കൈലാസമംഗലത്ത് സിനിതന്റെ മകനും കോളജിലെ പൂര്‍വ വിദ്യാര്‍ഥിയുമായ ആദര്‍ശു (25) മാണ് മരിച്ചത്. ഹരിപ്പാട്, ചിങ്ങോലി, ശങ്കരമംഗലം കൃഷ്ണകുമാറിന്റെ മകളാണ് ലക്ഷ്മി.

നേരത്തെ ഇതേ കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ആളാണ് ആദര്‍ശ്. ബുധനാഴ്ച സപ്ലിമെന്ററി പരീക്ഷയെഴുതാന്‍ ക്യാമ്പസിലെത്തിയ ആദര്‍ശ് ഉച്ചയ്ക്ക് ഒരു മണിയോടെ ലക്ഷ്മിയുടെ ക്ലാസിലെത്തി കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ആദ്യം സ്വയം ശരീരത്തിലൊഴിക്കുകയും പിന്നീട് പെണ്‍കുട്ടിയുടെ ശരീരത്തിലൊഴിക്കുകയും ചെയ്തു.
ഭയന്നുപോയ ലക്ഷ്മി പ്രാണരക്ഷാര്‍ഥം പുറത്തിറങ്ങി ഇടനാഴിയിലൂടെ 35 മീറ്റര്‍ അകലെയുളള ലൈബ്രററിയിലേക്കും ഓടിക്കയറി. ലക്ഷ്മിയുടെ പിന്നാലെ ആദര്‍ശും എത്തി. ജീവന്‍ രക്ഷിക്കാനായി ലക്ഷ്മി വായനാമുറിയിലെ മേശയുടെ ചുറ്റും ഒടി രക്ഷപെടാന്‍ ശ്രമിച്ചു. എന്നാല്‍ പിന്നാലെ എത്തിയ ആദര്‍ശ് ലക്ഷ്മിയെ വളഞ്ഞിട്ട് പിടിച്ച് തീ കൊളുത്തുകയായിരുന്നു.
ദേഹത്ത് 80ശതമാനം പൊള്ളലേറ്റിരുന്ന ലക്ഷ്മിയുടെ ശ്വാസകോശത്തിനേറ്റ പൊള്ളലാണ് മരണ കാരണം. ആദര്‍ശ് കോളേജിനകത്തുവെച്ചുതന്നെ മരിച്ചിരുന്നു. ഇരുവരെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അജ്മല്‍, അശ്വിന്‍ എന്ന രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് തീപൊള്ളലേറ്റു.
ആദര്‍ശും ലക്ഷ്മിയയും തമ്മില്‍ ആറ് മാസം മുന്‍പ് അടുപ്പം ഉണ്ടായിരുന്നതായി പറയുന്നു. പിന്നീട് ആദര്‍ശിന് ലക്ഷ്മിയെ സംശയം ആയതോടെ ഇവര്‍ തമ്മില്‍ പിണങ്ങി. ആദര്‍ശ് പിന്നാലെ നടന്ന് ശല്യം ചെയ്യാന്‍ തുടങ്ങിയതോടെ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ആദര്‍ശിനെയും പിതാവിനെയും പൊലീസ് സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി ഇനിയും ലക്ഷ്മിയെ ശല്യം ചെയ്യില്ലെന്ന് എഴുതി വപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.












Click it and Unblock the Notifications