ന്യൂനപക്ഷത്തെ ലക്ഷ്യമിട്ട് ബിജെപി; കേരളത്തില്‍ ഭരണം കിട്ടിയാല്‍ മുന്‍ഗണന ന്യൂനപക്ഷ ഉന്നമനത്തിന്
ന്യൂനപക്ഷ വിഭാഗത്തെ ലക്ഷ്യമിട്ട് ബിജെപി. കേരളത്തില്‍ അധികാരം കിട്ടിയാല്‍ ആദ്യ പരിഗണന ന്യൂനപക്ഷക്കാരുടെ ഉന്നമനമാണെന്ന് ന്യൂനപക്ഷ മോര്‍ച്ച പെരിന്തല്‍മണ്ണയില്‍ നടത്തിയ യോഗത്തില്‍ അറിയിച്ചു.
മലപ്പുറം: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ വിഭാഗങ്ങളോട് സൗഹാര്‍ദ്ദ നിലപാടാണ് ഉള്ളത്. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ഇതു വ്യക്തമാണെന്നും ബിജെപി ന്യൂനപക്ഷ മോര്‍ച്ച 2 ദിവസമായി പെരിന്തല്‍മണ്ണയില്‍ നടത്തിയ ദ്വിദിന പഠന ശിബിരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നൂറുല്‍ഹുദ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.കേരളത്തില്‍ ഭരിക്കാന്‍ അവസരം ലഭിച്ചാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് അനുകൂല നിലപാടുകളേ സ്വീകരിക്കുള്ളുവെന്നും അറിയിച്ചു.മുന്‍പ് ഭരിച്ച സര്‍ക്കാരുകളില്‍ നിന്നും വിഭിന്നമായി ന്യൂനപക്ഷങ്ങളെ മുന്‍ നിരയിലേക്ക് കൊണ്ടു വരുന്നതിനുള്ള നടപടി സ്വീകരിക്കും.
നരേന്ദ്രമോദി അധികാരത്തില്‍ വന്നാല്‍ ന്യൂനപക്ഷത്തെ അടിച്ചമര്‍ത്തുമെന്നുള്ള വാദമാണ് 2014 ലെ തിരഞ്ഞെടുപ്പില്‍ മറ്റ് പാര്‍ട്ടികള്‍ ബിജെപിക്കെതിരെ ഉന്നയിച്ചത്.എന്നാല്‍ മോദി അധികാരമേറ്റതോടെ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് ന്യുനപക്ഷക്കാരെ ഉയര്‍ത്തിക്കൊണ്ടു വരാനുമാണ് ശ്രമിക്കുന്നതെന്നാണ് ന്യൂനപക്ഷ മോര്‍ച്ച അവകാശപ്പെടുന്നത്. കേന്ദ്ര മാനവ വകുപ്പിന്റെ സഹായത്തോടെ ന്യൂനപക്ഷ മേഖലകളില്‍ സ്‌കൂളുകളും കോളേജുകളും നിര്‍മിച്ച് പഠന സൗകര്യമൊരുക്കിയത് ഇതിനുദാഹരണമാണ്.

കേരളത്തിലെ ന്യൂനപക്ഷ വിഭാഗത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം ഇടത് പക്ഷ ഭരണമാണെന്ന് ന്യൂനപക്ഷ മോര്‍ച്ച പറയുന്നു. ഇതിന് മാറ്റം വരുത്തണമെങ്കില്‍ ജനങ്ങള്‍ ബിജെപിയോടൊപ്പം നില്‍ക്കണം. കേരളത്തിലെ ജനങ്ങളെ മുന്‍നിരയിലേക്കെത്തിക്കാന്‍ ബിജെപിക്ക് കഴിയും. യുവജനങ്ങളെ മുന്‍നിര്‍ത്തി പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് തീരുമാനമെന്നും ബിജെപി ന്യൂനപക്ഷ മോര്‍ച്ച അറിയിച്ചു.












Click it and Unblock the Notifications