സംസ്ഥാനത്തിന്റെ പേര് കേരള അല്ല, മാറ്റണം: പ്രമേയം ഐകകണ്‌ഠ്യേന പാസാക്കി നിയമസഭ
തിരുവനന്തപുരം: ഭരണഘടനയില്‍ സംസ്ഥാനത്തിന്റെ പേര് കേരള എന്നതിന് പകരം കേരളം എന്നാക്കണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടുന്ന പ്രമേയം വീണ്ടും പാസാക്കി നിയമസഭ. പേരുമാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയനാണ് സഭയില്‍ അവതരിപ്പിച്ചത്. പ്രമേയം നിയമസഭ ഐകകണ്‌ഠ്യേന അംഗീകരിച്ചു.
'ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ നമ്മുടെ സംസ്ഥാനത്തിന്റെ പേര് കേരള എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് കേരളം എന്നാക്കി ഭേദഗതി വരുത്തുന്നതിന് ആവശ്യമായ നടപടികള്‍. ഭരണഘടനയുടെ അനുച്ഛേദം മൂന്ന് പ്രകാരം കൈക്കൊള്ളണമെന്ന് ഈ സഭ ഐകകണ്‌ഠ്യേന ആവശ്യപ്പെടുന്നു' മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെടുന്നു. മലയാളത്തില്‍ സംസ്ഥാനം കേരളം എന്നാണ്. എന്നാല്‍ സര്‍ക്കാര്‍ രേഖകളില്‍ ഇപ്പോഴും ഇംഗ്ലീഷിലുള്ളത് ഗവണ്‍മെന്റ് ഓഫ് കേരള എന്നാണ്.

ഭരണ ഘടനയില്‍ കേരളത്തെ ഗവണ്‍മെന്റ് ഓഫ് കേരള എന്നാണ് സൂചിപ്പിക്കുന്നത്. ഇത് മാറ്റി ഗവണ്‍മെന്റ് ഓഫ് കേരളം എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലും സംസ്ഥാന നിയമസഭ പാസാക്കിയിരുന്നു. എന്നാല്‍ ചില സാങ്കേതിക പ്രശ്നം കാരണം അന്ന് കേന്ദ്രം ആവശ്യം അംഗീകരിച്ചില്ല. ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും പേര് മാറ്റത്തിനായിരുന്നു ആവശ്യം. എന്നാല്‍ ഒന്നാം പട്ടികയില്‍ മാത്രം പേര് മാറ്റിയാല്‍ മതി എന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇതേ തുടർന്നാണ് ഇന്ന് പുതിയ പ്രമേയം അവതരിപ്പിച്ചത്.
കേരളം നേരത്തെ അവതരിപ്പിച്ച പ്രമേയത്തിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
നമ്മുടെ സംസ്ഥാനത്തിന്റെ നാമധേയം മലയാള ഭാഷയില്‍ കേരളം എന്നാണ്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപവല്‍ക്കരിക്കപ്പെട്ടത് 1956 നവംബര്‍ 1-നാണ്. കേരളപ്പിറവി ദിനവും നവംബര്‍ 1-നാണ്. മലയാള ഭാഷ സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ക്കായി ഐക്യകേരളം രൂപപ്പെടണമെന്നത് ദേശീയ സ്വാതന്ത്ര്യസമര കാലം മുതല്‍ ശക്തമായി ഉയര്‍ന്നുവന്നിരുന്ന ആവശ്യമാണ്.
എന്നാല്‍ ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ നമ്മുടെ സംസ്ഥാനത്തിന്റെ പേര് കേരള എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് കേരളം എന്നാക്കി ഭേദഗതിപ്പെടുത്തുന്നതിനുവേണ്ട അടിയന്തര നടപടികള്‍ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം കൈക്കൊള്ളണമെന്ന് ഈ നിയമസഭ ഏകകണ്ഠമായി യൂണിയന്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നു. ഭരണഘടനയുടെ എട്ടാം പട്ടികയില്‍ പറയുന്ന എല്ലാ ഭാഷകളിലും നമ്മുടെ നാട് 'കേരളം' എന്ന പേരില്‍ മാറ്റണമെന്നും ഈ സഭ അഭ്യര്‍ത്ഥിക്കുന്നു'












Click it and Unblock the Notifications