എല്‍ജെഡി, ആര്‍ജെഡിയില്‍ ലയിച്ചു; ശ്രേയാംസ് കുമാര്‍ സംസ്ഥാന പ്രസിഡന്റ്
കോഴിക്കോട്: എല്‍ ജെ ഡി സംസ്ഥാന ഘടകം ആര്‍ ജെ ഡിയില്‍ ലയിച്ചു. വ്യാഴാഴ്ച കോഴിക്കോട് നടന്ന ലയന സമ്മേളനത്തില്‍ ആര്‍ ജെ ഡി ദേശീയ നേതാവും ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് എം വി ശ്രേയാംസ്‌കുമാറിന് പാര്‍ട്ടി പതാക കൈമാറി കൊണ്ടാണ് ലയന പ്രഖ്യാപനം നടത്തിയത്. എം വി ശ്രേയാംസ് കുമാറിനെ ആര്‍ ജെ ഡി സംസ്ഥാന പ്രസിഡന്റായി ലാലു പ്രസാദ് യാദവ് പ്രഖ്യാപിച്ചു.
വീഡിയോ സന്ദേശത്തിലൂടെയായിരുന്നു ലാലു പ്രസാദ് യാദവ് എം വി ശ്രേയാംസ് കുമാറിനെ ആര്‍ ജെ ഡി സംസ്ഥാന പ്രസിഡന്റായി ലാലു പ്രസാദ് യാദവ് പ്രഖ്യാപിച്ചത്. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുന്നതാണ് ലയനമെന്ന് തേജസ്വി യാദവ് പറഞ്ഞു. ഇന്ത്യയില്‍ ഉടനീളം ബി ജെ പി പ്രതിപക്ഷ പാര്‍ട്ടികളെ അടിച്ചമര്‍ത്തുകയാണ്. എന്നാല്‍ ആ സമയം തങ്ങള്‍ അവസരത്തിനൊത്തുയര്‍ന്നു എന്നും തേജസ്വി യാദവ് വ്യക്തമാക്കി.

അതിനാലാണ് ബീഹാറില്‍ ജെ ഡി യുവുമായി ചേര്‍ന്ന് ഭരിക്കാന്‍ തീരുമാനിച്ചത് എന്നും തേജസ്വി യാദവ് പറഞ്ഞു. ബിഹാറില്‍ ബി ജെ പി സര്‍ക്കാരിനെ പുറത്താക്കി ഭരണം നേടിയത് ജനാധിപത്യ ശക്തികള്‍ക്ക് കരുത്തും പ്രതീക്ഷയുമായി എന്നും അദ്ദേഹം പറഞ്ഞു. രണ്ട് സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ തമ്മില്‍ ഒത്തുചേരുന്ന പരിപാടിയില്‍ എത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് തേജസ്വി പറഞ്ഞു.
അതേസമയം ലയനത്തിന് വൈകിയത് അപശബ്ദങ്ങള്‍ ഒഴിവാക്കാനാണ് എന്നും ഇനി കൊടി മാറില്ലെന്നും എം വി ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. സോഷ്യലിസ്റ്റുകളുടെ ഏകീകരണം എന്നത് ഓരോ പാര്‍ട്ടിക്കാരുടെയും മനസിനുള്ളിലെ അടങ്ങാത്ത ആവേശവും ആഗ്രഹവുമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനുള്ള ആദ്യ കാല്‍വെപ്പാണ് ആര്‍ ജെ ഡിയുമായുള്ള ലയനം.
നേരത്തെയുണ്ടായ കയ്‌പേറിയ അനുഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സമയമെടുത്ത് ആലോചിച്ചാണ് ഇപ്പോഴത്തെ തീരുമാനമെടുത്തത് എന്നും അങ്ങനെയാണ് വര്‍ഗീയ ശക്തികളോട് ഒരിക്കലും ഒരു രീതിയിലും വിട്ടുവീഴ്ചക്ക് തയ്യാറാകാത്ത ആര്‍ ജെ ഡിയുമായി ലയിക്കാന്‍ തീരുമാനിച്ചത് എന്നും ശ്രേയാംസ് കുമാര്‍ വ്യക്തമാക്കി. തീരുമാനം എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും ഒരുപോലെ അനുകൂലിച്ചുവെന്നും ശ്രേയാംസ് കുമാര്‍ അവകാശപ്പെട്ടു.
ഇതര സര്‍ക്കാരുകള്‍ക്കെതിരേ ബി ജെ പി ഇ ഡിയെ അഴിച്ചുവിടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ബി ജെ പിയുടെ സഹസംഘടനയായി ഇ ഡിയും സി ബി ഐയും മാറിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കാലത്തും മതേതരത്വത്തിന് വേണ്ടി നിലനിന്ന പാര്‍ട്ടിയിലാണ് ഇപ്പോഴുള്ളത്. ഇന്ത്യയില്‍ ജനാധിപത്യവും നീതിന്യായ വ്യവസ്ഥയുമെല്ലാം ഭീഷണി നേരിടുന്ന കാലമാണിത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications