ആകെ കിട്ടിയത് ഒരു വോട്ട്; വോട്ടറെ തപ്പി നടന്ന് സ്ഥാനാര്‍ത്ഥി; 'അറിയാതെ കുത്തിയതാണോ?'
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടെടുപ്പും വോട്ടെണ്ണലും ഒക്കെ ഒട്ടേറെ രസകരമായ മുഹൂര്‍ത്തങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ സമ്മാനിക്കാറുണ്ട്. തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ എന്തുകൊണ്ട് തോറ്റു എന്ന ചോദ്യത്തിനുള്ള ഉത്തരം തേടുകയാണ് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും. തങ്ങളുടെ കുഴപ്പം കൊണ്ടാണ് തോറ്റതെന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിയും സ്ഥാനാര്‍ത്ഥിയും പൊതുവേ സമ്മതിച്ചു തരാറില്ല. നല്ല ഭൂരിപക്ഷത്തോടെ ജയിക്കും എന്ന് കരുതിയിട്ടും തോറ്റു പോയ സ്ഥാനാര്‍ത്ഥിയുടെ വിലാപമാണ് സമൂഹ മാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നത്.
പത്തനംതിട്ട നഗരസഭയിലെ ചുരുളിക്കോട് 24-ാം വാര്‍ഡില്‍ നിന്നും മത്സരിച്ച് പരാജയപ്പെട്ട പിഎസ് എബ്രഹാം ആണ് തന്റെ തോല്‍വിയെ രസകരമായ അനുഭവമായി പങ്കുവെച്ചത്. മൊബൈല്‍ ഫോണ്‍ ചിഹ്നത്തിലാണ് ഇദ്ദേഹം മത്സരിച്ചത്. ആയിരത്തിലേറെ വോട്ടുകളാണ് ഈ വാര്‍ഡില്‍ ഉള്ളത്. 15,000 രൂപയാണ് തിരഞ്ഞെടുപ്പിന് ചെലവായത്.

തോറ്റുപോയി എന്നതല്ല ഇദ്ദേഹത്തെ വിഷമിപ്പിക്കുന്നത്. ഒരേ ഒരു വോട്ടാണ് എബ്രഹാമിന് ആകെ ലഭിച്ചത്. ചങ്ക് പോലെ കൂടെയുണ്ടായിരുന്നു സുഹൃത്തുക്കളും ബന്ധുക്കളും പോലും തനിക്കു വേണ്ടി വോട്ട് ചെയ്തില്ലല്ലോ എന്ന് നിരാശയിലാണ് എബ്രഹാം എന്ന സോണി. അതേസമയം തനിക്കു വേണ്ടി വോട്ട് കുത്തിയ ആ ഒരേ ഒരാള്‍ ആരാണെന്ന അന്വേഷണത്തിലാണ് ഇദ്ദേഹം. സുഹൃത്തിനോട് നിരാശ പങ്കു വയ്ക്കുന്ന ഇദ്ദേഹത്തിന്റെ ഫോണ്‍ സംഭാഷണവും സമൂഹ മാധ്യമങ്ങളില്‍ വലിയ ചിരി പടര്‍ത്തി വൈറലായിരിക്കുകയാണ്.
24-ാം വാര്‍ഡിലാണ് മത്സരിച്ചതെങ്കിലും ഇദ്ദേഹത്തിനും വീട്ടുകാര്‍ക്കും ഇവിടെ വോട്ട് ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ വീട്ടിലെ അംഗങ്ങളുടെ വോട്ടും അക്കൗണ്ടില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല. ഉറ്റ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിശ്വസിച്ചാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയത്. 350 വോട്ട് കിട്ടുമെന്നായിരുന്നു ഉറച്ച വിശ്വാസം. എന്നാല്‍ 100 പോയിട്ട് പത്തു വോട്ട് പോലും പിടിക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞില്ല. ആകെ കിട്ടിയത് ഒരേയൊരു വോട്ട്. ഇത് ആരാണ് ചെയ്തതെന്ന വലിയ ആകാംക്ഷയിലാണ് സ്ഥാനാര്‍ഥി.
തനിക്കു വേണ്ടി വോട്ട് ചെയ്ത ആള്‍ ആരാണെന്ന് അറിഞ്ഞാല്‍ അദ്ദേഹത്തെ നേരിട്ട് കാണണമെന്നും എന്തുകൊണ്ടാണ് തനിക്ക് വോട്ട് ചെയ്തതെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും എബ്രഹാം ചിരിയോടെ മാധ്യമങ്ങളോട് പറഞ്ഞു.
സോണിയുടെ വാക്കുകള്‍: നാട്ടുകാരില്‍ ആരാണ് തനിക്ക് വേണ്ടി വോട്ട് ചെയ്തത് എന്നറിയാത്തതു കൊണ്ട് ആരെയും കുറ്റം പറയാനും സാധിക്കില്ല. ജയിക്കും എന്ന് വിചാരിച്ചാണ് ഇരുന്നത്. ഒരു വോട്ട് എന്ന് കേട്ടപ്പോള്‍ ഷോക്കായി പോയി. പരിചയക്കാരായ 350 ആള്‍ക്കാരെങ്കിലും ഉണ്ട്. 250 വോട്ടെങ്കിലും കിട്ടുമെന്നാണ് പ്രതീക്ഷിച്ചത്. വോട്ടിങ് മെഷീന്റെ തകരാറാണോ എന്ന് പോലും ചിന്തിച്ചു. ഒരു കാര്യം മനസിലായി, 80 ശതമാനം ആളുകള്‍ക്കും രാഷ്ട്രീയമുണ്ട്. എത്ര അടുപ്പമുണ്ടെന്ന് പറഞ്ഞാലും അത് വര്‍ക്ക്ഔട്ട് ആകണമെന്നില്ല.
വോട്ട് കുത്തിയ ആളെ അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. അറിയാതെ കുത്തിയതാണോ എന്ന് സംശയമുണ്ടെന്നും എബ്രഹാം പറഞ്ഞു. രസകരമായ കമന്റുകളാണ് ഇദ്ദേഹത്തിന്റെ വീഡിയോയ്ക്ക് താഴെ വരുന്നത്. ശത്രുക്കളെ നമ്പിയാലും ബന്ധുക്കളെ നമ്പരുതെന്ന് മനസിലായില്ലേ എന്നാണ് ഒരാള്‍ ചോദിക്കുന്നത്. തോല്‍വിയെ ചിരി കൊണ്ട് നേരിട്ട് നിങ്ങളാണ് എന്റെ ഹീറോ എന്നാണ് മറ്റൊരാള്‍ കുറിച്ചത്.












Click it and Unblock the Notifications