ജില്ലാ പഞ്ചായത്തില്‍ ബലാബലമെങ്കിലും നേട്ടം യുഡിഎഫിന്; മലപ്പുറത്ത് എല്‍ഡിഎഫ് സംപൂജ്യര്‍!
തദ്ദേശ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായ തിരിച്ചടി നേരിട്ടതിന്റെ ഞെട്ടലലിലാണ് സിപിഎമ്മും എല്‍ഡിഎഫും. 2010 ന് ശേഷം ഇതാദ്യമായാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഈ വിധത്തില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത്. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനിലും തകര്‍ന്നടിഞ്ഞപ്പോള്‍ ജില്ലാ പഞ്ചായത്തില്‍ മാത്രമാണ് പൊരുതാനെങ്കിലും എല്‍ഡിഎഫിനായത്.
14 ജില്ലാ പഞ്ചായത്തുകളില്‍ ഏഴെണ്ണം വീതമാണ് യുഡിഎഫും എല്‍ഡിഎഫും സ്വന്തമാക്കിയത്. 14 ജില്ലാ പഞ്ചായത്തുകളിലായി 346 ഡിവിഷനുകളാണ് ആകെയുള്ളത്. വിജയിച്ച ഡിവിഷനുകളുടെ കാര്യത്തില്‍ യുഡിഎഫ് ആണ് മുന്നില്‍. യുഡിഎഫിന് 196 ഡിവിഷനുകളില്‍ വിജയിക്കാനായി. 148 ഡിവിഷനുകള്‍ എല്‍ഡിഎഫിനൊപ്പം നിന്നപ്പോള്‍ എന്‍ഡിഎ ഒരു ഡിവിഷനും യുഡിഎഫിന് പുറത്ത് നിന്ന് പിന്തുണ കൊടുക്കുന്ന ആര്‍എംപി ഒരു ഡിവിഷനും നേടി.

2020 ലെ തദ്ദേശ തിരഞ്ഞെടുപ്പിലെ മിന്നും വിജയമാണ് 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഭരണ തുടര്‍ച്ചയ്ക്ക് വളമായത്. ആ അര്‍ത്ഥത്തില്‍ ഈ തിരഞ്ഞെടുപ്പ് ഫലം ഇടത് മുന്നണിയെ ആശങ്കപ്പെടുത്തുന്നതാണ്. 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ 11 ജില്ലാ പഞ്ചായത്താണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. എന്നാല്‍ ഇത്തവണ ജില്ലാ പഞ്ചായത്തില്‍ വ്യക്തമായ മേല്‍കൈയാണ് യുഡിഎഫ് നേടിയിരിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ 28 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ എല്‍ഡിഎഫിന് നേരിയ മേല്‍ക്കൈ ഉണ്ട്. 15 ഇടത്ത് എല്‍ഡിഎഫ് ജയിച്ചപ്പോള്‍ യുഡിഎഫ് 13 ല്‍ ഒതുങ്ങി. കൊല്ലം ജില്ലാ പഞ്ചായത്തിലെ 27 ഡിവിഷനുകളില്‍ 17 എണ്ണവും എല്‍ഡിഎഫിനൊപ്പം നിന്നു. 10 എണ്ണത്തില്‍ യുഡിഎഫ് വിജയിച്ചു. പത്തനംതിട്ടയിലെ 17 ഡിവിഷനുകളില്‍ 12 ഡിവിഷനുകളും യുഡിഎഫ് പിടിച്ചെടുത്തു. 5 ഡിവിഷനുകളില്‍ മാത്രമാണ് എല്‍ഡിഎഫ് ജയം.
ആലപ്പുഴയില്‍ ആകെയുള്ള 24 ഡിവിഷനുകളില്‍ 16 എണ്ണം എല്‍ഡിഎഫിനൊപ്പവും എട്ടെണ്ണം യുഡിഎഫിനൊപ്പവുമാണ്. എന്നാല്‍ കോട്ടയം, ഇടുക്കി ജില്ലകളില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി നേരിട്ടു. കേരള കോണ്‍ഗ്രസ് എമ്മിന്റെ പ്രകടനമാണ് ഇതിന് കാരണം. കോട്ടയത്ത് 16 ഡിവിഷന്‍ യുഡിഫ് പിടിച്ചപ്പോള്‍ എല്‍ഡിഎഫ് ഏഴിലൊതുങ്ങി. ഇടുക്കിയില്‍ 14 ഡിവിഷന്‍ യുഡിഎഫിനൊപ്പം നിന്നപ്പോള്‍ എല്‍ഡിഎഫ് മൂന്നിലേക്ക് കൂപ്പുകുത്തി.
28 ഡിവിഷനുകളുള്ള എറണാകുളം ജില്ലാ പഞ്ചായത്തില്‍ 25 എണ്ണവും യുഡിഎഫ് നേടി. എല്‍ഡിഎഫ് മൂന്നിലൊതുങ്ങി. തൃശൂരില്‍ എല്‍ഡിഎഫ് 21 ഡിവിഷനില്‍ ജയിച്ചപ്പോള്‍ യുഡിഎഫിന് കാലിടറി. എങ്കിലും കഴിഞ്ഞ തവണത്തെ അഞ്ചില്‍ നിന്ന് ഒമ്പതിലേക്ക് ഡിവിഷനുകള്‍ പിടിക്കാന്‍ യുഡിഎഫിനായി. പാലക്കാട് ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ് 19 ഡിവിഷനുകള്‍ പിടിച്ചപ്പോള്‍ യുഡിഎഫ് 12 എണ്ണമാണ് പിടിച്ചെടുത്തത്.
മലപ്പുറം ജില്ലാ പഞ്ചായത്തിലാണ് എല്‍ഡിഎഫ് തകര്‍ന്ന് തരിപ്പണമായത്. 2020 ല്‍ അഞ്ച് ഡിവിഷനിലേക്ക് വിജയിച്ച എല്‍ഡിഎഫ് ഇത്തവണ ജില്ലയില്‍ സംപൂജ്യരായി. മലപ്പുറം ജില്ലാ പഞ്ചായത്തിലെ 33 ഡിവിഷനുകളിലും യുഡിഎഫാണ് ജയിച്ചത്. കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ 14 സീറ്റുകള്‍ യുഡിഎഫ് പിടിച്ചെടുത്തപ്പോള്‍ എല്‍ഡിഎഫ് 13 സീറ്റുകളിലേക്ക് ചുരുങ്ങി.
വയനാട് ജില്ലാ പഞ്ചായത്തില്‍ 15 സീറ്റുകള്‍ യുഡിഎഫ് പിടിച്ചെടുത്തപ്പോള്‍ എല്‍ഡിഎഫ് വെറും രണ്ട് സീറ്റുകളിലേക്ക് ഒതുങ്ങി. കഴിഞ്ഞ തവണ എട്ട് സീറ്റുകള്‍ വീതമായിരുന്നു രണ്ട് മുന്നണികള്‍ക്കും ലഭിച്ചത്. കണ്ണൂരില്‍ 25-ല്‍ 18 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. ഏഴ് ഡിവിഷനുകളാണ് യുഡിഎഫിന് ലഭിച്ചത്. കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ 18 ഡിവിഷനുകളില്‍ ഒമ്പത് സീറ്റുകളില്‍ എല്‍ഡിഎഫ് ജയിച്ചപ്പോള്‍ എട്ട് സീറ്റുകളാണ് യുഡിഎഫിന് ലഭിച്ചത്. എന്‍ഡിഎയ്ക്ക് ഒരു ഡിവിഷനില്‍ വിജയക്കാനായി.












Click it and Unblock the Notifications