2026 ല്‍ കേരളം യുഡിഎഫ് പിടിക്കുമോ? നിയമസഭാ മണ്ഡലം തിരിച്ചുള്ള വോട്ടുകണക്ക് ഇങ്ങനെ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലത്തിന്റെ അടിസ്ഥാനത്തില്‍ നിയമസഭാ മണ്ഡലങ്ങളില്‍ മേല്‍ക്കൈ നേടി യു ഡി എഫ്. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പറേഷന്‍ വാര്‍ഡുകളെ അവ നിലകൊള്ളുന്ന നിയമസഭാ മണ്ഡലങ്ങളുടെ പരിധിയിലേക്ക് മാറ്റിക്കൊണ്ട് മലയാള മനോരമ നടത്തിയ കണക്കെടുപ്പ് പ്രകാരം 80 സീറ്റിലാണ് യു ഡി എഫിന് ആധിപത്യമുള്ളത് എന്ന് കാണാം.
എല്‍ ഡി എഫിന് 58 നിയമസഭാ മണ്ഡലങ്ങളിലും എന്‍ ഡി എയ്ക്ക് രണ്ടിടത്തും ആണ് മേല്‍ക്കൈ ഉള്ളത്. എന്‍ ഡി എയ്ക്ക് തിരുവനന്തപുരത്തെ നേമം, വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങളിലാണ് മുന്നേറ്റമുണ്ടാക്കാനാകുക. 2016 ല്‍ നേമത്ത് എന്‍ ഡി എയ്ക്ക് എം എല്‍ എയുണ്ടായിരുന്നു. അതേസമയം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ ആദ്യമായി ബി ജെ പിക്ക് ഒരു എം പിയെ സമ്മാനിച്ച തൃശൂരില്‍ ഒരു നിയമസഭാ മണ്ഡലത്തിന്റെ പരിധിയില്‍പോലും ലീഡില്ല.

യു ഡി എഫിന് മലപ്പുറം, വയനാട്, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ സമഗ്രാധിപത്യമാണ് ഉള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ എല്‍ ഡി എഫിനാണ് യുഡിഎഫിനെക്കാള്‍ മുന്‍തൂക്കം. തിരുവനന്തപുരത്തും (10-2), തൃശൂരിലും (11-2) എല്‍ ഡി എഫിന് ഭേദപ്പെട്ട ലീഡ് ഉണ്ട്. കണ്ണൂരില്‍ ഒരു സീറ്റിന്റെ വ്യത്യാസത്തില്‍ മാത്രമാണ് എല്‍ ഡി എഫിന്റെ മുന്‍തൂക്കം (6-5).
അതേസമയം കോഴിക്കോട് ജില്ലയില്‍ യു ഡി എഫിന് (10-3) മികച്ച നേട്ടമാണ് എന്ന് കാണാനാകും. 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ കണക്കെടുപ്പില്‍ എല്‍ ഡി എഫ് 101, യു ഡി എഫ് 38, എന്‍ ഡി എ 1 എന്നിങ്ങനെയായിരുന്നു നിയമസഭാ സീറ്റ് നില. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ എല്‍ ഡി എഫ് 99, യു ഡി എഫ് 41, എന്‍ ഡി എ 0 എന്നിങ്ങനെയായിരുന്നു ഫലം.
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിലും സമാനമായ കണക്ക് മനോരമ പുറത്തുവിട്ടിരുന്നു. ഇത് പ്രകാരം യു ഡി എഫിന് 110 സീറ്റും എല്‍ ഡിഎ ഫിന് 19 സീറ്റും എന്‍ ഡി എയ്ക്ക് 11 സീറ്റും ആയിരുന്നു പ്രവചനം. എന്നാല്‍ ഒരു വര്‍ഷം കഴിയുമ്പോള്‍ യു ഡി എഫിന് 30 സീറ്റുകളുടെ ഇടിവുണ്ടായതായി കാണാം. അതേസമയം എല്‍ ഡി എഫിന് 39 സീറ്റ് കൂടുകയും ചെയ്തു. എന്‍ ഡി എയ്ക്ക് 11 സീറ്റില്‍ നിന്ന് രണ്ടായി കുറയുകയും ചെയ്തു.












Click it and Unblock the Notifications