514 പഞ്ചായത്തുകളും അഞ്ച് കോർപ്പറേഷനുകളും എൽഡിഎഫിന്: 375 പഞ്ചായത്തും 45 മുനിസിപ്പാലിറ്റികളും യുഡിഎഫിന്
തിരുവനന്തപുരം: തദ്ദേശതിരഞ്ഞടുപ്പിന്റെ അന്തിമഫലങ്ങൾ പുറത്തുവരുമ്പോൾ കേരളത്തിൽ ഇടത് കോട്ട തന്നെയാണ് ശക്തമായിത്തുടരുന്നത്. സംസ്ഥാനത്ത് ആകെയുള്ള 941 പഞ്ചായത്തുകളിൽ 514 എണ്ണത്തിലും എൽഡിഎഫാണ് വിജയിച്ചിട്ടുള്ളത്. 375 സീറ്റുകളാണ് ഇത്തവണ യുഡിഎഫിനൊപ്പം നിന്നിട്ടുള്ളത്. കേരളത്തിൽ നില മെച്ചപ്പെടുത്തിയ എൻഡിഎയ്ക്ക് 23 സീറ്റുകളിൽ വിജയിക്കാൻ കഴിഞ്ഞിട്ടുണ്ട്. 2015ലെ തിരഞ്ഞെടുപ്പിൽ അഞ്ച് കോർപ്പറേഷനുകൾ എൽഡിഎഫിനൊപ്പവും ഒരു യുഡിഎഫിനൊപ്പവുമായിരുന്നു.
ബിജെപിയുടെ തന്ത്രങ്ങളെല്ലാം ചീറ്റി, തലസ്ഥാനത്ത് ഇടതിന്റെ തേരോട്ടം, തകർന്ന് തരിപ്പണമായി കോൺഗ്രസ്

ട്രെൻഡ് പഴയത്
2015ലെ തദ്ദേശ തിരഞ്ഞെടുപ്പിന് സമാനമായി എൽഡിഎഫ് തന്നെയാണ് ഇത്തവണയും മുന്നേറിയത്. 577 ഗ്രാമപഞ്ചായത്തുകളാണ് അന്നത്തെ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ലഭിച്ചത്. 347 ഗ്രാമപഞ്ചായത്തുകൾ യുഡിഎറിനും 12 ഗ്രാമപഞ്ചായത്തുകളിൽ ബിജെപിയും വിജയിച്ച് കയറിയിരുന്നു.

മുന്നേറ്റം യുഡിഎഎഫിന്
ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മുനിസിപ്പാലിറ്റികളിലാണ് യുഡിഎഫ് മുന്നേറ്റമുള്ളത്. അന്തിമഫലം വന്നതോടെ 45 മുനിസിപ്പാലിറ്റികളുടെ അധികാരം യുഡിഎഫിന് ലഭിക്കും. എൽഡിഎഫ് 35 മുനിസിപ്പാലിറ്റികളിൽ അധികാരം ഉറപ്പിച്ചപ്പോൾ ബിജെപി രണ്ട് മുനിസിപ്പാലിറ്റികളിൽ ആധിപത്യം ഉറപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. പാലക്കാട്, പന്തളം നഗരസഭകളിലാണ് ബിജെപി മുന്നിലെത്തിയിട്ടുള്ളത്.

ആറിൽ ഒന്ന് യുഡിഎഫിന്
സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിൽ അഞ്ചിടത്തും എൽഡിഎഫ് ആധിപത്യം സ്ഥാപിച്ചപ്പോൾ കണ്ണൂർ കോർപ്പറേഷൻ മാത്രമാണ് യുഡിഎഫിനൊപ്പം നിന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേരിയ വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിച്ച് അധികാരത്തിലെത്തിയെങ്കിലും നിരവധി ഭരണപ്രതിസന്ധികൾക്ക് കണ്ണൂർ കോർപ്പറേഷൻ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സാക്ഷിയായിരുന്നു.

ബിജെപിക്ക് തിരിച്ചടി
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരം ഉറപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് എൽഡിഎഫ് സ്ഥാനാർത്ഥി വിജയിക്കുന്നത്. രാജ്യശ്രദ്ധ നേടിയ മത്സരത്തിൽ 52 സീറ്റുകളിലും എൽഡിഎഫ് ആധിപത്യമുറപ്പിച്ചു. എന്നാൽ 35 സീറ്റുകൾ നേടിക്കൊണ്ട് ബിജെപി രണ്ടാം സ്ഥാനത്തും 10 സീറ്റുകൾ കൊണ്ട് യുഡിഎഫ് മൂന്നാമതുമാണുള്ളത്. 11 സീറ്റുകളാണ് തിരുവനന്തപുരത്ത് യുഡിഎഫിന് നഷ്ടമായത്. മൂന്ന് സ്വതന്ത്ര സ്ഥാനാർത്ഥികളും വിജയിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി ഏറെ പ്രതീക്ഷ നെത്ത കോർപ്പറേഷൻ കൂടിയാണ് തിരുവനന്തപുരം. പേരൂർക്കട ഡിവിഷനിൽ നിന്ന് മത്സരിച്ച് വിജയിച്ച ജമീല ശ്രീധറായിരിക്കും ഇതോടെ തിരുവനന്തപുരം മേയറാവുക.

കൊച്ചി കോർപ്പറേഷൻ
തുടർച്ചയായ പത്ത് വർഷം യുഡിഎഫ് ഭരിച്ച കൊച്ചി കോർപ്പറേഷൻ യുഡിഎഫിനെ കൈവിട്ടുവെന്ന് തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. ഇവിടെത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി എൽഡിഎഫ് ആണെങ്കിലും ഒറ്റ പാർട്ടിയ്ക്കും കേവല ഭൂരിപക്ഷം നേടാൻ കഴിഞ്ഞിട്ടില്ല എന്നതാണ് മറ്റൊരു പ്രത്യേകത. 74 ഡിവിഷനുകളുള്ള കൊച്ചി കോർപ്പറേഷനിലെ 34 സീറ്റിൽ എൽഡിഎഫും 31 സീറ്റിൽ യുഡിഎഫും അഞ്ച് സീറ്റുകളിൽ ബിജെപിയും നാലിടത്ത് സ്വതന്ത്രരുമാണ് വിജയിച്ചിട്ടുള്ളത്.

തൃശ്ശൂർ കോർപ്പറേഷൻ
തൃശ്ശൂർ കോർപ്പറേഷനിലെ 24 ഡിവിഷനുകളിലും എൽഡിഎഫിനാണ് വിജയം. 23 ഡിവിഷനുകളിൽ വിജയിച്ച യുഡിഎഫും തൊട്ടുപിന്നിലുണ്ട്. എന്നാൽ കോർപ്പറേഷൻ ആര് ഭരിക്കും എന്നറിയാൻ ഇവിടെ നിന്ന് ജയിച്ച സ്വതന്ത്ര സ്ഥനാർത്ഥിയുടെ നിലപാടാണ് നിർണ്ണായകമായിത്തീരുക. ഒരു സ്ഥാനാർത്ഥിയുടെ മരണത്തെത്തുടർന്ന് വോട്ടെടുപ്പ് മാറ്റിവെച്ചതോടെ ഈ ഡിവിഷനിലേക്കുള്ള തിരഞ്ഞെടുപ്പ് കൂടി നടക്കാനുണ്ട്.

കൊല്ലം/കോഴിക്കോട്/കണ്ണൂർ കോർപ്പറേഷൻ
കൊല്ലം കോർപ്പറേഷനിൽ എൽഡിഎഫ് തൂത്തുവാരുകയായിരുന്നു. 55 ഡിവിഷനുകളിൽ 39 എണ്ണത്തിലും എൽഡിഎഫാണ് വിജയിച്ചത്. ഒമ്പത് സീറ്റുകൾ മാത്രമാണ് യുഡിഎഫിന് അവകാശപ്പെടാനുണ്ടായിരുന്നത്. ആറ് ഇടത്ത് ബിജെപിയും സാന്നിധ്യമറിയിച്ചു. കൊല്ലം കോർപ്പറേഷനിൽ 40ലധികം സീറ്റുകൾ നേടുമെന്നായിരുന്നു നേരത്തെ വിലയിരുത്തപ്പെട്ടിരുന്നത്. കോഴിക്കോട് കോർപ്പറേഷനിൽ 49 ഇടത്തും എൽഡിഎഫാണ് വിജയിച്ചത്. 14 ഡിവിഷനുകളിൽ യുഡിഎഫും ഏഴ് സ്ഥലത്ത് ബിജെപിയുമാണ് വിജയിച്ചത്. യുഡിഎഫിന് ആശ്വാസമായ ഏക കോർപ്പറേഷൻ കണ്ണൂരാണ്. ഇവിടെ 34 ഡിവിഷനുകളിൽ യുഡിഎഫാണ് വിജയിച്ചത്. 19 ഇടത്ത് എൽഡിഎഫും ഒരു ഡിവിഷനിൽ ബിജെപിയുമാണ് വിജയിച്ചിട്ടുള്ളത്.