സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇന്ന് മുതൽ ഇളവുകൾ; അൺലോക്കിൽ തീരുമാനം പിന്നീട്
ജൂൺ 9 വരെ നീട്ടിയിട്ടുള്ള ലോക്ക്ഡൗണിൽ രോഗനിരക്ക് കുറയുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം കുറഞ്ഞ് തുടങ്ങിയതോടെ സമ്പൂർണ ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ. ഇന്ന് മുതൽ വിവിധ മേഖലകളിൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും. മെയ് 8നാണ് സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ നിലവിൽ വരുന്നത്. പിന്നീട് രണ്ട് തവണയായി ലോക്ക്ഡൗൺ നീട്ടുകയും ചെയ്തിരുന്നു.

ജൂൺ 9 വരെ നീട്ടിയിട്ടുള്ള ലോക്ക്ഡൗണിൽ രോഗനിരക്ക് കുറയുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങൾക്ക് അൻപത് ശതമാനം ജീവനക്കാരെ വച്ച് പ്രവർത്തിക്കാനാവും. നിയന്ത്രണങ്ങളോടെ കടകൾ തുറക്കാനും അനുമതിയുണ്ട്. ബാങ്കുകളുടെ പ്രവർത്തന സമയവും നീട്ടി.
ഇളവുകൾ ഇങ്ങനെ...
- വ്യാവസായിക സ്ഥാപനങ്ങളും ഉൽപാദന കേന്ദ്രങ്ങളും (കശുവണ്ടി, കയർ, പ്രിന്റിങ് എന്നിവ അടക്കമുള്ളവ) കുറഞ്ഞ ജീവനക്കാരെ വച്ച് പ്രവർത്തിക്കാം. 50 ശതമാനത്തിലധികം ജീവനക്കാരെ ജോലിക്ക് എത്തിക്കാനാവില്ല.
- വ്യവസായങ്ങൾക്ക് അസംസ്കൃത വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ / കടകൾ എന്നിവയ്ക്ക് കുറഞ്ഞ ജീവനക്കാരെ വച്ച് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ വൈകുന്നേരം 5 മണി വരെ പ്രവർത്തിക്കാം.
- വ്യാവസായിക മേഖലകളിൽ ആവശ്യമനുസരിച്ച് കുറഞ്ഞ അളവിൽ ബസുകൾ സർവീസ് നടത്താൻ കെഎസ്ആർടിസിക്ക് അനുമതി
- ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം അഞ്ച് വരെ പ്രവർത്തിക്കാം. ജൂൺ ഒന്ന്, മൂന്ന്, അഞ്ച്, എട്ട് തീയതികൾ ബാങ്കുകൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്റ്റ് -1881 പ്രകാരമുള്ള ധനകാര്യ സ്ഥാപനങ്ങൾക്കും അവധി ദിവസമായിരിക്കും.
- വിവാഹങ്ങൾ കണക്കിലെടുത്ത് തുണിത്തരങ്ങൾ, പാദരക്ഷകൾ എന്നിവ വിൽക്കുന്ന കടകളും ജ്വല്ലറികളും തിങ്കളാഴ്ച, ബുധൻ, വെള്ളി ദിവസങ്ങളിൽ കുറഞ്ഞ ജീവനക്കാരുമായി രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ പ്രവർത്തിക്കാൻ അനുമതി.
- പുസ്തകങ്ങൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളുടെ പഠന സാമഗ്രികൾ വിൽക്കുന്ന കടകൾ കുറഞ്ഞ ജീവനക്കാരെ വച്ച് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെ പ്രവർത്തിക്കാം
- കള്ള് ഷാപ്പുകളിൽ പാർസൽ അനുവദനീയമാണ്.
- ദേശീയ സേവിംഗ്സ് സ്കീമിലെ ആർ ഡി കളക്ഷൻ ഏജന്റുമാർക്ക് ആഴ്ചയിലൊരിക്കൽ പണം അയയ്ക്കാൻ അനുവാദമുണ്ട് ഇതിനായി എല്ലാ തിങ്കളാഴ്ചയും യാത്ര ചെയ്യാൻ അവരെ അനുവദിച്ചിരിക്കുന്നു.
- എല്ലാ സ്ഥാപനങ്ങളും / കടകളും കർശനമായ കോവിഡ് പ്രോട്ടോക്കോളുകൾ ഉറപ്പാക്കണം.
- സർക്കാർ സർവീസിൽ പുതുതായി നിയമിതരായവർക്ക് പിഎസ്‌സി ശുപാർശ പ്രകാരം ജോലിയിൽ പ്രവേശിക്കാനായി ഓഫീസിലേക്ക് യാത്ര ചെയ്യാം.
ചില പ്രദേശങ്ങളിൽ രോഗവ്യാപനം തുടരുന്നതാണ് സർക്കാരിനെ ആശങ്കയിലാക്കുന്നത്. മരണനിരക്കും ഉയർന്ന് തന്നെ നിൽക്കുകയാണ്. ഈ സഹചര്യത്തിലാണ് അൺലോക്ക് ഉടൻ വേണ്ടയെന്ന വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിച്ചതും. തുടര്‍ച്ചായായി മൂന്ന് ദിവസം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് താഴെ രേഖപ്പെടുത്തിയാലെ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത് പരിഗണിക്കുകയുള്ളു.












Click it and Unblock the Notifications