വയനാട്ടില്‍ രാഹുലിനെ നേരിടാന്‍ അബ്ദുള്ളക്കുട്ടി? ഈ മാസം തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാന്‍ ബിജെപി
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ വേഗത്തില്‍ പ്രഖ്യാപിക്കാനുള്ള നീക്കവുമായി ബി ജെ പി. ഈ മാസം തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ള നീക്കവുമായിട്ടാണ് പാർട്ടി സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവും മുന്നോട്ട് പോകുന്നത്. ഇത്തരത്തില്‍ ജനുവരി 30 ന് മുമ്പ് ദേശീയ നേതൃത്വം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്ന 100 മണ്ഡലങ്ങളില്‍ നാലെണ്ണം കേരളത്തിലാണ്.
തൃശ്ശൂർ, ആറ്റിങ്ങല്‍, തിരുവനന്തപുരം, പാലക്കാട് എന്നിവയോടൊപ്പം പത്തനംതിട്ട, വയനാട്, കോഴിക്കോട്, വടകര കാസർകോട് തുടങ്ങിയ മണ്ഡലങ്ങളിലേയും പ്രഖ്യാപനം ഈ മാസമുണ്ടാകും. തൃശ്ശൂരില്‍ സുരേഷ് ഗോപി സ്ഥാനാർത്ഥിത്വം ഉറപ്പിച്ചിരിക്കുകയാണ്. ആറ്റിങ്ങളില്‍ വി മുരളീധരനും തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിനുമാണ് സാധ്യത.

പാലക്കാട് സി കൃഷ്ണകുമാർ, പത്തംതിട്ടയില്‍ കുമ്മനം രാജശേഖരന്‍ അല്ലെങ്കില്‍ പിസി ജോർജ് എന്നാണ് സൂചന. വയനാട് സീറ്റ് ഇത്തവണ ബി ഡി ജെ എസില്‍ നിന്നും ബി ജെ പി തിരികെ എടുക്കും. രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസ് സ്ഥാനാർത്ഥിയെങ്കില്‍ അദ്ദേഹത്തിന് ബി ജെ പിയില്‍ നിന്നുള്ള എതിരാളി അബ്ദുള്ള കുട്ടിയോ ശോഭ സുരേന്ദ്രനോ ആയിരിക്കും. കോഴിക്കോട്- നവ്യ ഹരിദാസ് / എം ടി രമേശ്, വടകര - പ്രഫുല്‍ കൃഷ്ണന്‍, കാസര്‍കോട്- ശ്രീകാന്ത് / പി കെ കൃഷ്ണദാസ് എന്നിവർക്കുമാണ് സാധ്യത.
കോണ്‍ഗ്രസ് വിട്ടെത്തിയ അനില്‍ ആന്റണിക്കും സീറ്റ് നല്‍കിയേക്കും. കോട്ടയത്തോ ചാലക്കുടിയിലോ അദ്ദേഹത്തെ മത്സരിപ്പിക്കാനാണ് നീക്കം. ബി ഡി ജെ എസുമായുള്ള സീറ്റ് ചർച്ചകളും പാർട്ടി ഉടന്‍ പൂർത്തിയാക്കും. ബി ഡി ജെ എസ് കൂടുതല്‍ സീറ്റ് ചോദിക്കുന്നുണ്ടെങ്കിലും ഇത്തവണ അതുണ്ടാകില്ല. വയാനാടിന് പകരം ഏത് സീറ്റ് നല്‍കുമെന്ന കാര്യത്തിലും ഇതുവരെ ധാരണയായിട്ടില്ല.
ബി ജെ പി സ്ഥാനാർത്ഥികളില്‍ നാല് പേർ സ്ത്രീകളായിരിക്കും. ശോഭ സുരേന്ദ്രന്‍, നിവേദിത സുബ്രഹ്‌മണ്യന്‍, പ്രമീള ദേവി എന്നിവരാണ് പരിഗണനയില്‍. കഴിഞ്ഞ തവണ പത്തനംതിട്ടയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇത്തവണ മത്സരത്തിനുണ്ടാവില്ല,
സംസ്ഥാനത്തെ 20 ൽ 16 സീറ്റുകളിൽ മത്സരിക്കാനാണ് ബി ജെ പി നീക്കം. ബി ഡി ജെ എസിന് മൂന്ന് സീറ്റ് നൽകിയേക്കും. പത്തനംതിട്ടയില്‍ പി സി ജോർജാണ് സ്ഥാനാർത്ഥികയെങ്കില്‍ ആ സീറ്റ് ജനപക്ഷത്തിന്റെ അക്കൌണ്ടിലേക്ക് മാറും.












Click it and Unblock the Notifications