തിരിഞ്ഞുകുത്തിയവരില്‍ സ്വന്തം അണികളും? സർക്കാറിന് എതിരെ വിധിയെഴുതി കേരളം; തിരുത്തുമോ എല്‍ഡിഎഫ് ?
തിരുവനന്തപുരം: 2019 ല്‍ സംസ്ഥാനത്ത് ആകെയുള്ള ഇരുപതിലും തോറ്റപ്പോള്‍ 'രാഹുല്‍ തരംഗം, ശബരിമലയിലെ സ്ത്രീപ്രവേശന' തുടങ്ങിയ ഒട്ടനവധി കാര്യങ്ങള്‍ ഇടതുപക്ഷത്തിന് എടുത്ത് പറയാനുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അതിനേക്കാള്‍ വലിയ പരാജയം നേരിട്ട് ഒരിക്കല്‍ കൂടെ ഒരു സീറ്റിലേക്ക് ഒതുങ്ങി. കാസർകോട് മുതല്‍ പാലക്കാട് വരേയുള്ള മണ്ഡലങ്ങളിലെ പരമ്പരാഗത പാർട്ടി കേന്ദ്രങ്ങളിലെല്ലാം ഇടത് സ്ഥാനാർത്ഥികളെ ബഹുദൂരം പിന്നിലാക്കിയാണ് യു ഡി എഫ് മുന്നേറിയത്. കാസർകോട്, കണ്ണൂർ, വടകര, കോഴിക്കോട്, ഇടുക്കി,കെല്ലം മണ്ഡലങ്ങളിലെല്ലാം ഒരു ലക്ഷത്തിലേറെ വോട്ടിനാണ് എല്‍ ഡി എഫ് പിന്തള്ളപ്പെട്ടത്.
എ വിജയരാഘവന്‍ വിജയം ഉറപ്പിച്ചെന്ന അവകാശപ്പെട്ട പാലക്കാട്ടെ തോല്‍വി 75274 വോട്ടിനാണ്. പൊന്നാനി 234090, മലപ്പുറം 298759, വയനാട് 364422, എറണാകുളം 250385 മണ്ഡലങ്ങളില്‍ ഇടതിന് ഒരു ഇടവും നല്‍കാത്ത വിധത്തില്‍ യു ഡി എഫ് അടിച്ച് കയറി. ആ കനത്ത തോല്‍വിയില്‍ എന്ത് ന്യായീകരണമായിരിക്കും നിരത്താന്‍ പോകുന്നതെന്നാണ് ഏവരും ഉറ്റു നോക്കുന്നത്.

എല്‍ ഡി എഫും മുന്നണിയെ നയിക്കുന്ന സി പി എമ്മും എന്ത് ന്യായീകരണം ഉയർത്തിയാലും പിണറായി വിജയന്‍ നയിക്കുന്ന സർക്കാറിനെതിരായ വിധിയെഴുത്തായിട്ട് കൂടി ഈ ജനവിധിയെ കാണാതെ തരമില്ല. ആ തരത്തിലാണ് പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലെല്ലാം വോട്ട് കുത്തനെ ഇടിഞ്ഞിരുക്കുന്നത്. പാർട്ടിയുടെ സജീവ പ്രവർത്തകർ തന്നെ മാറ്റിക്കുത്തിയിരിക്കാം, അല്ലെങ്കില്‍ വോട്ട് ചെയ്യാതിരുന്നിട്ടുണ്ടാകാമെന്നും കണക്കാക്കേണ്ടി വരും. വോട്ടിങിലെ കുറഞ്ഞ നിരക്കും ഇതോടൊപ്പം ചേർത്ത് വായിക്കാം.
സിഎഎ, പാലസ്തീന്‍, സമസ്ത തുടങ്ങിയ ഘടകങ്ങള്‍ മലബാർ മേഖലയില്‍ അനുകൂല ഘടകമായി മാറുമെന്ന് എല്‍ ഡി എഫ് സ്വപ്നം കണ്ടെങ്കിലും അതെൊക്കെ ദിവാ സ്വപ്നമായി മാറി. മറുവശത്ത് സർക്കാറിനെതിരെ വോട്ട് ചെയ്യാന്‍ നിരവധി കാരണങ്ങള്‍ വോട്ടർമാർക്കുണ്ടായിരുന്നു. വിലക്കയറ്റം, സപ്ലൈക്കോയില്‍ സാധന ക്ഷാമം, പെന്‍ഷന്‍ കൃത്യമായി ലഭിക്കാത്തത് മുതല്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങള്‍ വരെ ഇടത് തിരിച്ചടിയുടെ ആക്കം കൂട്ടിയ ഘടകങ്ങളാണ്. കേരളത്തെ കേന്ദ്ര സർക്കാർ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന പ്രചരണം പെന്‍ഷന്‍ വിഷയത്തില്‍ അടക്കം സി പി എം വാദിച്ചെങ്കിലും അതൊന്നും എവിടേയും ഏശിയില്ല.
പതിവ് പോലെ ആഴത്തിലുള്ള വിശകലനത്തിലേക്കും സ്വയം വിർമശനത്തിലേക്കും തിരുത്തലിലേല്‍ക്കും സർക്കാറും സി പി എമ്മും കടന്നില്ലെങ്കില്‍ വരാനിക്കുന്ന തിരഞ്ഞെടുപ്പുകളും എല്‍ ഡി എഫിനെ സംബന്ധിച്ച് ബാലികേറാ മലയായി മാറിയേക്കും. തെക്കന്‍ കേരളത്തിലെ ഇടത് കേന്ദ്രങ്ങളില്‍ ബി ജെ പി ഉണ്ടാക്കിയ മുന്നേറ്റവും സി പി എമ്മിന് മുന്നില്‍ പരിശോധനാ വിധേയമാക്കേണ്ട പ്രധാന ഘടകമാണ്.












Click it and Unblock the Notifications