സുരക്ഷിതമായി നിക്ഷേപിക്കണം, പണമെങ്ങനെ കൈകാര്യം ചെയ്യാം; അനൂപിന് ലോട്ടറി വകുപ്പിന്റെ പരിശീലനം
തിരുവനന്തപുരം: ഓണം ബംപർ ജേതാവ് അനൂപിന് പണം കൈകാര്യം ചെയ്യുന്ന കാര്യങ്ങളിൽ ഏകദിന പരീശീലനം നൽകാൻ ഒരുങ്ങി ലോട്ടറി വകുപ്പ്. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷന്റെ സഹായത്തോടെ പരീശീലനം നൽകാനാണ് തീരുമാനം. തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയായ അനൂപ് ഓട്ടോ ഡ്രൈവറാണ്.
ദീർഘകാലത്തേക്കുള്ള നിക്ഷേപങ്ങൾ, എങ്ങനെ സുരക്ഷിതമായി നിക്ഷേപിക്കാം, നികുതി അടയ്ക്കേണ്ടത് എങ്ങനെ എന്നതടക്കമുള്ള കാര്യങ്ങളിൽ അനൂപിനു പരിശീലനം നൽകും. ഉയർന്ന തുക സമ്മാനമുള്ള ലോട്ടറികളുടെ ഒന്നാം സമ്മാന ജേതാക്കൾക്ക് സാമ്പത്തിക കാര്യങ്ങളിൽ പരിശീലനം നൽകാൻ ലോട്ടറി ഡയറക്ടറേറ്റ് നേരത്തേ തീരുമാനിച്ചിരുന്നു.

ഓണം ബംപറിന് ഇതുവരെയുള്ള ഏറ്റവും വലിയ തുകയായതിനാലാണ് പരിശീലനം ബംപർ ജേതാവിൽ നിന്ന് തന്നെ തുടങ്ങാൻ ലോട്ടറി വകുപ്പ് തീരുമാനിച്ചത്.
അതേസമയം പതിനെട്ടാം തീയതി ഓണം ബംപർ അടിച്ചെങ്കിലും അനൂപിന്റെ അക്കൗണ്ടിൽ പണം ഇതുവരെ എത്തിയിട്ടില്ല. ലോട്ടറി ടിക്കറ്റിനൊപ്പം സമർപ്പിച്ച രേഖകളായ പാൻ കാർഡിലും ആധാർ കാർഡിലും അനൂപിന്റെ പേരിൽ ചെറിയ വ്യത്യാസം ഉള്ളതാണ് പണം വൈകാൻ കാരണം. ഭാവിയിൽ ഇത്തരത്തിലുള്ള വിത്യാസങ്ങൾ പ്രശ്നമാകുമെന്നതിനാൽ അനൂപ് ടിക്കറ്റ് സമർപ്പിച്ച ബാങ്കിന് ലോട്ടറി വകുപ്പ് നേരത്തെ കത്തു നൽകിയിരുന്നു.

ബാങ്കിൽനിന്ന് രേഖകൾ ലഭിച്ചതിന് ശേഷം പരിശോധന നടത്തി തുക കൈമാറുമെന്ന് അധികൃതർ പറഞ്ഞു. കാനറ ബാങ്കിലാണ് അനൂപ് ഇടപാട് നടത്തുന്നത്. അതേസമയം ഒരു അക്ഷരം മാറിയപ്പോൾ ഒന്നാം സമ്മാനം നഷ്ടമായ രഞ്ജിതയ്ക്ക്ല സമാശ്വാസ സമ്മാനമായ 5 ലക്ഷം രൂപ പിറ്റേ ദിവസം തന്നെ ലോട്ടറി വകുപ്പ് തുക കൈമാറിയിരുന്നു. ലോട്ടറി ജേതാക്കൾ ആവശ്യമായ രേഖകൾ ഹാജരാക്കുന്ന പക്ഷം മൂന്നു ദിവസത്തിനകം സമ്മാനം കൈമാറാൻ ഓഗസ്റ്റിൽ ലോട്ടറി ഡയറക്ടറേറ്റ് തീരുമാനിച്ചിരുന്നു.

10% ഏജൻസി കമ്മിഷനും 30% നികുതിയും കഴിഞ്ഞ് 15.75 കോടി രൂപയാണ് ഒന്നാം സമ്മാന ജേതാവായ അനൂപിന് ലഭിക്കുക. സർചാർജും സെസുമെല്ലാം കഴിഞ്ഞ് ജേതാവിന് ഉപയോഗിക്കാൻ കഴിയുന്ന തുക 12.89 കോടി രൂപയാണ്. അതേസമയം ലോട്ടറി അടിച്ചതോടെ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ ആയെന്നാണ് അനൂപിന്റെ പരാതി. സഹായം ചോദിച്ചെത്തുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചതോടെ വീട് മാറി താമസിക്കേണ്ട അവസ്ഥയിലാണെന്ന് അനൂപ് പറയുന്നു. വിഡിയോ സന്ദേശത്തിലൂടെയായിരുന്നു അനൂപിന്റെ പ്രതികരണം.

അനൂപിന്റെ പ്രതികരണം
'പുറത്തേക്ക് ഇറങ്ങാൻ പറ്റുന്നില്ല, എവിടെയും പോകാൻ പറ്റുന്നില്ല. ഓരോ ദിവസും ഓരോ വീട്ടിലാണ് നിൽക്കുന്നത്. ഓരോ വീടും തേടി കണ്ടുപിടിച്ച് ആൾക്കാർ വരുന്നു. രാവിലെ തന്നെ സഹായം ചോദിച്ചെത്തും. എല്ലാവരോടും പറയാൻ എനിക്കൊന്നേയുള്ളൂ, ഇതുവരെ പണം കിട്ടിയിട്ടില്ല. എത്ര പറഞ്ഞിട്ടും ആൾക്കാർ വിശ്വസിക്കുന്നില്ല. കുഞ്ഞിന് അസുഖമാണ്. അവനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും കഴിയുന്നില്ല. ഇപ്പോൾ വിഡിയോയിൽ പറയുന്നതിനിടയിലും ആൾക്കാർ വന്ന് ഗേറ്റിൽ തട്ടിക്കൊണ്ടുനിൽക്കുന്നു.

ശ്വാസംമുട്ടൽ കാരണം ജോലിക്ക് പോയിട്ട് രണ്ടുമാസമായി. ലോട്ടറി അടിച്ചതിന്റെ പണം കിട്ടിയിട്ടില്ല. എല്ലാവരും ഇതു മനസ്സിലാക്കണം. കിട്ടി കഴിഞ്ഞാലും എനിക്കിപ്പോൾ ഒന്നും ചെയ്യാൻ പറ്റില്ല. നികുതിയുമായി ബന്ധപ്പെട്ട ഒരു കാര്യവും അറിയില്ല. ഞാനൊരു സാധാരണക്കാരനാണ്. അറിവുള്ളവർ പറയുന്നത് കേട്ട് അതനുസരിച്ച് മാത്രമേ ചെയ്യാനാകൂ. രണ്ടുവർഷത്തേക്ക് ലോട്ടറിയടിച്ച പണം കൊണ്ട് ഒന്നും ചെയ്യുന്നില്ല. ബാങ്ക് അക്കൗണ്ടിൽ ഇടാനാണ് തീരുമാനം. അതുകഴിഞ്ഞെ എന്തെങ്കിലും ചെയ്യൂ. ഇതിന്റെ പേരിൽ ആർക്കൊക്കെ പിണക്കമുണ്ടായാലും എനിക്കൊന്നും ചെയ്യാനില്ല.

എന്റെ അവസ്ഥ മനസ്സിലാക്കണം. ആൾക്കൂട്ടവും ബഹളവും ക്യാമറകളും കണ്ടപ്പോൾ ഭയങ്കര സന്തോഷമായിരുന്നു. ഇപ്പോൾ വീട് മാറി താമസിക്കേണ്ട അവസ്ഥയിലാണ്. സ്വന്തം വീട്ടിൽ കയറാൻ പറ്റുന്നില്ല. അടുത്ത വീട്ടിലെ ആൾക്കാർ പോലും ശത്രുക്കളായി. പണ്ടും ശത്രുക്കളുണ്ട്. ഇപ്പോൾ ശത്രുക്കൾ കൂടി വരുന്നു. ഇത്രയും പണം കിട്ടേണ്ടിയിരുന്നില്ല. മൂന്നാം സമ്മാനം അടിച്ചാൽ മതിയായിരുന്നു. എല്ലാവരെയും സഹായിക്കണമെന്നുണ്ട്. ഇതു മാധ്യമങ്ങളോട് പറയാത്തത്, ഒരു ചാനലിനോട് പറഞ്ഞാൽ, മറ്റു ചാനലുകാർ വന്നുകൊണ്ടിരിക്കും. മാസ്ക് വച്ച് പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണ്.''












Click it and Unblock the Notifications