ലോട്ടറിയില്‍ ജോസഫേട്ടന്‍ ഒരു കില്ലാടി തന്നെ.. ഒന്നാം സമ്മാനം അടിച്ചു, ഒന്നല്ല രണ്ട് തവണ
കോട്ടയം: എത്ര ലോട്ടറികള്‍ എടുത്താലും ഒരിക്കല്‍ പോലും ഒരു നൂറ് രൂപയെങ്കിലും അടിക്കാത്തവരായിരിക്കും നമ്മളില്‍ പലരും. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു കഥയാണ് കോട്ടയം വാഴൂർ ചെങ്കൽ മുത്തിയാപാറയിൽ തോമസ് ജോസഫിന് പറയാനുള്ളത്. ഒരിക്കല്‍ അല്ല, രണ്ട് തവണയാണ് ജോസഫിന് കേരള ലോട്ടറിയുടെ ഭാഗ്യം കടാക്ഷിച്ചത്. രണ്ട് തവണയും ഒന്നാം സമാമാനമാണ് ലഭിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
ഇന്നലെ നറുക്കെടുത്ത ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഒന്നാം സമ്മാനമായ ഒരു കോടി രൂപ തോമസിന് ലഭിച്ചു. ഇതിന് മുമ്പ് 2022 ഓഗസ്റ്റിൽ കാരുണ്യ ലോട്ടറിയുടെ 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനമാണ് ഇദ്ദേഹം നേടിയത്. ആദ്യ തവണ ലോട്ടറി അടിച്ചതിന് ശേഷവും സ്ഥിരമായി ലോട്ടറി എടുക്കുന്ന വ്യക്തിയാണ് ജോസഫ്. എങ്കിലും വീണ്ടും ഒന്നാം സമ്മാനം തന്നെ ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

സമ്മാനത്തിന് അർഹമായ രണ്ട് ടിക്കറ്റുകളും പൊന്‍കുന്നത്തെ മാർസ് ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് ജോസഫ് ടിക്കറ്റ് എടുത്തത്. ഭാഗ്യ പരീക്ഷണത്തിനായി കോട്ടയത്തെ ടിക്കറ്റുകള്‍ക്കൊപ്പം തന്നെ മറ്റ് ജില്ലകളിലേയും ടിക്കറ്റുകള്‍ ജോസഫ് സ്ഥിരമായി എടുക്കാറുണ്ട്. അത്തരത്തിലെടുത്ത കണ്ണൂർ ജില്ലയിലെ ടിക്കറ്റില്‍ നിന്നുമാണ് രണ്ട് തവണയും ഒന്നാം സമ്മാനം എത്തിയത്.
ലോട്ടറിക്കടയിൽ ഫോൺ ചെയ്തുപറഞ്ഞ് എടുത്തുവെപ്പിച്ച ടിക്കറ്റിനാണ് സമ്മാനം അടിച്ചിരിക്കുന്നത്. എഫ്.ഡബ്ല്യു.239020 നമ്പർ ടിക്കറ്റിനാണ് സമ്മാനം. ലോട്ടറി ഫലം വന്നതിന് ശേഷം ഏജന്‍സി തന്നെയാണ് വിവരം ജോസഫിനെ വിളിച്ച് അറിയിക്കുന്നത്. ഇതിന് ശേഷം ജോസഫ് കടയിലെത്തി ടിക്കറ്റ് കൈപ്പറ്റുകയായിരുന്നു.
പ്രവാസിയായിരുന്ന തോമസ് ജോസഫ് 2010-ൽ നാട്ടിൽ മടങ്ങിയെത്തിയതിന് ശേഷം വീട്ടിലെ കൃഷി നോക്കിനടത്തുകയാണ്. ടിക്കറ്റ് വ്യാഴാഴ്ച ബാങ്കില്‍ ഏല്‍പ്പിക്കുമെന്നാണ് തോമസ് വ്യക്തമാക്കുന്നത്. രണ്ട് തവണ ലോട്ടറിയുടെ ഒന്നാം സമ്മാനം തന്നെ അടിച്ചെങ്കിലും ഇനിയും ലോട്ടറി എടുക്കാന്‍ തന്നെയാണ് ജോസഫിന്റെ തീരുമാനം.
എന്താണ് ഫിഫ്റ്റി - ഫിഫ്റ്റി ലോട്ടറി
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ഞായറാഴ്ച്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് ഫിഫ്റ്റി-ഫിഫ്റ്റി. ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി ടിക്കറ്റിന് വില 50 രൂപയാണ്. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ലോട്ടറിയാണ് ഇപ്പോൾ ഫിഫ്റ്റി-ഫിഫ്റ്റി എന്ന പേരിലേക്ക് മാറ്റിയതാം. ഒന്നാം സമ്മാനം 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും നല്‍കുന്നു.












Click it and Unblock the Notifications