പ്രതിവര്‍ഷം 7000 കോടിയുടെ സമ്മാനം; കേരള ലോട്ടറി മറ്റ് സംസ്ഥാനങ്ങള്‍ക്ക് കൂടി മാതൃകയെന്ന് ധനമന്ത്രി
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ഭാഗ്യക്കുറി മറ്റ് സംസ്ഥാനങ്ങള്‍ക്ക് കൂടി മാതൃകയാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. പ്രതിവര്‍ഷം 7000 കോടി രൂപ സമ്മാന ഇനത്തില്‍ നല്‍കുന്നുണ്ട്. വലിയ തുക ഏജന്റുമാരുടെ കമ്മിഷന്‍ ഇനത്തിലും നല്‍കുന്നുണ്ടെന്നെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്കുള്ള 2022 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സര്‍ക്കാര്‍ നിയന്ത്രണത്തിലായതിനാല്‍ ആധികാരികതയും വിശ്വാസ്യതയും നിലനിര്‍ത്താന്‍ സാധിക്കുന്നു. മറ്റ് പല സംസ്ഥാനങ്ങളും കേരളത്തിന്റെ ഭാഗ്യക്കുറി സമാനരീതിയില്‍ പിന്തുടരുന്നുണ്ട്. ഒരു ലക്ഷത്തിലധികം പേര്‍ക്ക് ഉപജീവന മാര്‍ഗമൊരുക്കാന്‍ ഇതുവഴി സാധിക്കുന്നുണ്ട്. പ്രതിവര്‍ഷം 7000 കോടി രൂപ സമ്മാന ഇനത്തില്‍ നല്‍കുന്നുണ്ട്. വലിയ തുക ഏജന്റുമാരുടെ കമ്മിഷന്‍ ഇനത്തിലും നല്‍കുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ലോട്ടറി അനുബന്ധ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നു, ക്ഷേമനിധി അംഗങ്ങളുടെ മക്കളായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ് നല്‍കുന്നതും ഇതിന്റെ ഭാഗമാണ്, മന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം ജില്ലയിലെ അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് വേദിയില്‍ സ്‌കോളര്‍ഷിപ് വിതരണം ചെയ്തു.
വി.കെ പ്രശാന്ത് എം.എല്‍.എ, സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടര്‍ എബ്രഹാം റെന്‍, സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ടി.ബി സുബൈര്‍, സംഘടന ഭാരവാഹികളായ എ.അജ്മല്‍ ഖാന്‍, യൂസഫ് എം.എസ്, വട്ടിയൂര്‍ക്കാവ് സനല്‍കുമാര്‍, എസ്.ശ്രീകുമാര്‍, ചന്ദ്രബാബു, ഡോ. പുരുഷോത്തമഭാരതി തുടങ്ങിയവര്‍ പ്രസംഗിച്ചു.












Click it and Unblock the Notifications