ലോട്ടറിക്ക് ഇനി 40% ജിഎസ്ടി, സമ്മാനങ്ങളുടെ എണ്ണം കുറയും, കമ്മീഷനും ഇടിയും.. ഓണം ബംപറിനെ ബാധിക്കുമോ?
തിരുവനന്തപുരം: രാജ്യത്ത് പുതിയ ജി എസ് ടി പരിഷ്‌കരണം വരാനിരിക്കെ സംസ്ഥാനത്ത് ലോട്ടറിയുടെ ജി എസ് ടിയിലും മാറ്റം. ജി എസ് ടിയില്‍ മാറ്റം വരുന്നതോടെ സമ്മാന ഘടനയിലും മാറ്റം വരും. അതേസമയം ടിക്കറ്റ് വിലയില്‍ മാറ്റമൊന്നുണ്ടാകില്ല. പുതിയ ജി എസ് ടി പരിഷ്‌കരണം സെപ്തംബര്‍ 22 മുതല്‍ സംസ്ഥാനത്ത് ലോട്ടറിയ്ക്ക് 40 ശതമാനിയിരിക്കും ജി എസ് ടി ഏര്‍പ്പെടുത്തുക.
ജി എസ് ടി കൂട്ടുന്നതിനായി സമ്മാനങ്ങളുടെ എണ്ണത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. ഏജന്റിന്റെ കമ്മീഷനും കുറയും. സാധാരണ ലോട്ടറിയുടെ ആകെ സമ്മാനങ്ങളില്‍ 6500-ത്തോളമാണ് കുറച്ചത്. ഇതോടെ സമ്മാന തുകയില്‍ ആകെ ഒരു കോടി രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ ആണ് പുതിയ ജി എസ് ടി നിരക്കുകള്‍ നിലവില്‍ വരുന്നത്. നേരത്തെ 28 ശതമാനമായിരുന്നു ലോട്ടറിയുടെ ജി എസ് ടി.

ഇതാണ് 40 ശതമാനമായാണ് ഉയരുക. ടിക്കറ്റ് വില ഉയര്‍ത്താതെ തന്നെ ജി എസ് ടി നിരക്ക് വര്‍ധന നടപ്പിലാക്കുന്നതിന് വേണ്ടിയാണ് സമ്മാനങ്ങളുടെ എണ്ണവും കമ്മീഷനും സംസ്ഥാന സര്‍ക്കാര്‍ കുറച്ചത്. ഇത് പ്രകാരം എല്ലാ വെള്ളിയാഴ്ചകളിലും നറുക്കെടുക്കുന്ന സുവര്‍ണ കേരളം ലോട്ടറി ടിക്കറ്റിന്റെ വിലയിലും ആദ്യ സമ്മാനങ്ങളിലും മാറ്റമുണ്ടായിരിക്കില്ല. പക്ഷേ 5000 രൂപയുടെയും 1000 രൂപയുടെയും സമ്മാനങ്ങളുടെ എണ്ണം കുറച്ചിട്ടുണ്ട്.
നേരത്തെ സുവര്‍ണ കേരളം ടിക്കറ്റില്‍ 21600 പേര്‍ക്ക് 5000 രൂപയും, 32400 പേര്‍ക്ക് 1000 രൂപയും വീതം സമ്മാനങ്ങള്‍ ലഭിക്കുന്ന തരത്തിലായിരുന്നു ഘടന. ഇതാണ് ഇപ്പോള്‍ കുറച്ചത്. ഇനി മുതല്‍ സുവര്‍ണ കേരളം ടിക്കറ്റില്‍ 5000 രൂപയുടെ സമ്മാനങ്ങള്‍ 20520 മാത്രമായിരിക്കും. 1000 രൂപയുടെ സമ്മാനങ്ങള്‍ 27000 ആയും കുറഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ ആകെ സുവര്‍ണ കേരളത്തില്‍ മാത്രം 6480 ഭാഗ്യശാലികളുടെ കുറവാണ് വരാന്‍ പോകുന്നത്.
സമ്മാനത്തുക കണക്കാക്കിയാല്‍ ഒരു കോടി എട്ട് ലക്ഷം രൂപയാണ് കുറയാന്‍ പോകുന്നത്. എന്നാല്‍ ടിക്കറ്റ് വില 50 രൂപയായി തന്നെ തുടരും. അതേസമയം ടിക്കറ്റ് വില്‍പന നടത്തിയാലും വിറ്റ ടിക്കറ്റുകള്‍ക്ക് സമ്മാനം ലഭിച്ചാലും ഏജന്റിന് കമ്മീഷന്‍ ലഭിക്കുമെങ്കിലും ആ കമ്മീഷനിലും കുറവ് വരുന്നുണ്ട്. സമ്മാനങ്ങള്‍ക്കുള്ള പ്രൈസ് കമ്മീഷന്‍ 12 ശതമാനമായിരുന്നു ഇതുവരെയുണ്ടായിരുന്നത്.
ഇത് ഇനി മുതല്‍ 9 ശതമാനമായി കുറയും. 75 പൈസയാണ് ഒരു ടിക്കറ്റിന് വില്‍ക്കുന്നയാള്‍ക്ക് കമ്മീഷന്‍ കുറയുക. സെപ്തംബര്‍ 22 മുതല്‍ പുതിയ ജി എസ് ടി നിരക്ക് നിലവില്‍ വരുമെങ്കിലും ടിക്കറ്റുകളില്‍ ഇത് പ്രതിഫലിക്കുക 26-ം തീയതി മുതലാകും. അതേസമയം അടുത്തയാഴ്ച നറുക്കെടുക്കാനിക്കുന്ന ഓണം ബംപറിന് പുതുക്കിയ ജി എസ് ടി നിരക്ക് ബാധകമാകില്ല.












Click it and Unblock the Notifications