മൂന്നക്ക നമ്പര്‍ കൃത്യമായി പ്രവചിച്ചാല്‍ 5000, കളറില്‍ തട്ടിപ്പ് വേറെയും; തട്ടിപ്പുകാരുടെ ലോട്ടറി ഭാഗ്യം
കോട്ടയം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മൂന്നക്ക ലോട്ടറി സംഘം വ്യാപകമാകുന്നു. കടലാസില്‍ എഴുതിയും വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴിയുമാണ് സംഘം പ്രവര്‍ത്തനം ശക്തമാക്കുന്നത്. തട്ടിപ്പുകാരുടെ അവസാന കണ്ണികളിലെ പലരും പിടിക്കപ്പെടുന്നുണ്ടെങ്കിലും നിസാര വകുപ്പുകള്‍ ചുമത്തുന്നതിനാല്‍ പുറത്തിറങ്ങി വീണ്ടും ഇതേ ബിസ്‌നസില്‍ ഏര്‍പ്പെടുന്നു. കോട്ടയം ജില്ലയിലെ വിവിധ സ്ഥവലങ്ങളില്‍ ഈ ബിസ്‌നസ് വ്യാപകമാകുകയാണ്. വന്‍ കമ്മിഷനും ഏജന്റുമാര്‍ പിടിക്കപ്പെട്ടാല്‍ അന്വേഷണം മുകള്‍ തട്ടില്‍ എത്താത്തതുമാണ് സംഘം വീണ്ടും ഓരോ നഗരങ്ങളിലും പെരുകുന്നത്.

സംസ്ഥാന ലോട്ടറിയില്‍ ഒന്നാം സമ്മാനം ലഭിക്കുന്ന നമ്പറിന്റെ അവസാനത്തെ മൂന്നക്കം പ്രവചിക്കുന്നതാണ് ഈ ലോട്ടറി സംഘത്തിന്റെ രീതി. ലോട്ടറി ഫലം വരുമ്പോള്‍ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിന്റെ മൂന്ന് നമ്പറാണെങ്കില്‍ 5000 രൂപ വരെ ലഭിക്കും. ഒട്ടേറെ പേരുകളിലായി വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ഇതിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. തിങ്കളാഴ്ചയാണ് എഴുത്തിന്റെയും പണപ്പിരിവിന്റെയും ദിവസം.

കേരള ലോട്ടറിയുടെ ഒന്ന് മുതല്‍ അഞ്ച് വരെ സമ്മാനം കിട്ടിയ ടിക്കറ്റുകളുടെ അവസാനത്തെ മൂന്നക്കം ഉപയോഗിച്ചാണ് എഴുത്ത് ലോട്ടറി പ്രവര്‍ത്തിക്കുന്നത്. എല്ലാ നമ്പറും ശരിയായല്‍ 5000 രൂപയും ഒരു നമ്പര്‍ ശരിയായാല്‍ 1000 രൂപയും ലഭിക്കും. വിവിധ സ്ഥലങ്ങളില്‍ ഏജന്റുമാര്‍ പിടിയിലാകുന്നുണ്ട്. എന്നാല്‍ മുകള്‍ തട്ടിലേക്ക് അന്വേഷണം നടക്കുന്നില്ല.

എഴുത്ത് ലോട്ടറിയെ കൂടാതെ വ്യാജ ലോട്ടറി ടിക്കറ്റ് ഉപയോഗിച്ച് പണം തട്ടുന്ന സംഘവും കോട്ടയം നഗരത്തില്‍ വിലസുന്നുണ്ട്. സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ കളര്‍കോപ്പിയെടുത്ത് തട്ടിപ്പുകാര്‍ ലോട്ടറി ഏജന്റുമാര്‍ക്ക് കൊടുത്താണ് പണം തട്ടിയെടുക്കുന്നത്. പ്രായമായ ലോട്ടറി ഏജന്റുമാരെയും കാഴ്ചപരിമിതിയുള്ളവരെയുമാണ് ഇത്തരത്തില്‍ പറ്റിക്കുന്നത്.

ഇതൊന്നും കൂടാതെ ലോട്ടറി ടിക്കറ്റില്‍ തിരുത്ത് വരുത്തിയും തട്ടിപ്പ് സംഘം സജീവമാകുന്നു. ലോട്ടറി ടിക്കറ്റിലെ സീരീസും അക്ഷരങ്ങളും ബാര്‍കോഡും തിരുത്തിയാണ് തട്ടിപ്പ് സംഘം വിലസുന്നത്. കോട്ടയം ജില്ലയില്‍ കഴിഞ്ഞ ദിവസം ഇത്തരം ലോട്ടറികള്‍ നല്‍കി 1500 രൂപയാണ് തട്ടിയെടുത്തത്. വില്‍പ്പനക്കാരി ലോട്ടറി കടയില്‍ എത്തിയപ്പോഴാണ് തനിക്ക് ലഭിച്ച ടിക്കറ്റുകള്‍ വ്യാജമാണെന്ന് മനസിലായത്.

സംഭവത്തില്‍ വില്‍പ്പനക്കാരി പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. അതേസമയം, സര്‍ക്കാരും പൊലീസുകാരും കര്‍ശന നടപടി സ്വീകരിക്കാത്തതാണ് തട്ടിപ്പ് ആവര്‍ത്തിക്കാന്‍ കാരണമെന്ന് ലോട്ടറി വില്‍പ്പനക്കതാര്‍ പറയുന്നു. വ്യാജ ലോട്ടറിക്കാരെ പിടിച്ചാല്‍ പൊലീസ് പെറ്റിക്കേസ് ചുമത്തിയാണ് വിട്ടയക്കുന്നത്. ഇത്തരം തട്ടിപ്പുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ലോട്ടറിയുടെ ഘടനയില്‍ പരിഷ്‌കാരം കൊണ്ടുവരണമെന്നാണ് അവര്‍ പറയുന്നത്.

ഇങ്ങനെ തട്ടിപ്പിലൂടെ ചെറിയ സമ്മാനത്തുക തട്ടിയെടുക്കുന്നത് തടയാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഇതൊന്നും നടപ്പായില്ല. ടിക്കറ്റില്‍ നമ്പര്‍, തീയതി, സമ്മാനത്തുക, ഫ്‌ളൂറസന്റ് അക്ഷരത്തിലാക്കാനാണ് പദ്ധതിയിട്ടിരുന്നത്. ഇങ്ങനെയുള്ള ടിക്കറ്റുകള്‍ ഫോട്ടോസ്റ്റാറ്റ് എടുത്താല്‍ കോപ്പികളില്‍ ആ തിളക്കം ലഭിക്കില്ല.

കൂടാതെ കറന്‍സി നോട്ടിലെ പോലെ സമാനമായ സുരക്ഷ കോഡുകളും ടിക്കറ്റില്‍ അച്ചടിക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഇതൊന്നും നടപ്പായില്ല. ഇപ്പോള്‍ തട്ടിപ്പ് വര്‍ദ്ധിച്ചതോടെ ലോട്ടറി വകുപ്പ് പുതിയ വഴി തേടുകയാണ്.

സംസ്ഥാനത്തെ ഭൂരിഭാഗം ലോട്ടറിയുടെ സീരീസും തുടങ്ങുന്നതും ലോട്ടറിയുടെ പേരിന്റെ ആദ്യ അക്ഷരമായിരിക്കും. വിന്‍ വിന്‍ ലോട്ടറിയാണെങ്കില്‍ സീരീസിന്റെ ആദ്യ അക്ഷരം ഡബ്ല്യു ആയിരിക്കും. കാരുണ്യക്ക് രണ്ട് ലോട്ടറിയുള്ളതിനാല്‍ ഒന്നിന്റേത് കെയും മറ്ര് പി എന്ന അക്ഷരത്തിലുമാണ് തുടങ്ങുന്നത്.












Click it and Unblock the Notifications