ലോട്ടറി വിജയി എത്തിയില്ലെങ്കില്‍ സമ്മാനത്തുകയ്ക്ക് സംഭവിക്കുന്നത്; എജന്റിന്റെ കമ്മിഷന്‍ ഇങ്ങനെ
തിരുവനന്തപുരം: ക്രിസ്തുമസ് പുതുവത്സര ബംബര്‍ ദിവസങ്ങള്‍ക്ക് മുമ്പ് നറുക്കെടുത്തതിന് പിന്നാലെ ഇപ്പോള്‍ എല്ലായിടത്തും ലോട്ടറി ചര്‍ച്ചകളാണ്. 16 കോടി രൂപ വരുന്ന ബംബര്‍ വിജയി ഇതുവരെ പേര് വെളിപ്പെടുത്തിയിട്ടില്ല. തിരുവോണം ബംബര്‍ വിജയി അനൂപിന് ഉണ്ടായ അവസ്ഥ കാരണമാകാം ഇത്തവണ ക്രിസ്തുമസ് - പുതുവത്സര ബംബര്‍ വിജയി പേര് വെളിപ്പെടുത്താതിരുന്നത്. ലോട്ടറി വകുപ്പും വിജയിയുടെ പേര് വെളിപ്പെടുത്തുകയില്ല.

വരാന്‍ വൈകുന്നതിന് കാരണമുണ്ടെങ്കില്‍
എന്നാല്‍ ലോട്ടറി അടിച്ച് ഒരു മാസത്തിനകം ടിക്കറ്റും തിരിച്ചറിയല്‍ രേഖയുമായി വിജയി എത്തിയില്ലെങ്കില്‍ ആ സമ്മാനത്തുക നഷ്ടമാകുന്നതാണ്. എന്നാല്‍ വരാന്‍ വൈകുന്നതിന് കാരണമുണ്ടെങ്കില്‍ ലോട്ടറി ഡയറക്ടര്‍ വിചാരിച്ചാല്‍ രണ്ട് മാസം കൂടി കാത്തുവയ്ക്കാന്‍ സാധിക്കും. എന്നാല്‍ ഇതിന് ശേഷം വിജയി വന്നില്ലെങ്കില്‍ ഈ തുക എന്ത് ചെയ്യുമെന്ന സംശയം എല്ലാവരിലുമുണ്ട്.

കമ്മിഷന്‍ കൃത്യമായി ലഭിക്കും
ഈ തുക എന്ത് ചെയ്യുമെന്ന് പലര്‍ക്കും അറിയിച്ചില്ല. എന്നാല്‍ വിജയി ഒരു മാസത്തിനകം ടിക്കറ്റുമായി എത്തിയില്ലെങ്കില്‍ സമ്മാനത്തുക നഷ്ടമാകുമെന്നാണ് ലോട്ടറി വകുപ്പ് അറിയിക്കുന്നത്. എന്നാല്‍ ലോട്ടറി വിറ്റ ഏജന്റ് ആരാണോ, അവര്‍ക്ക് ലഭിക്കേണ്ട കമ്മിഷന്‍ കൃത്യമായി ലഭിക്കും. സമ്മാനര്‍ഹര്‍ വരാത്തതിനാല്‍ ഖജനാവിലേക്ക് മുതല്‍കൂട്ടിയ തുകയുടെ കണക്ക് ലഭ്യമല്ലെന്നാണ് ലോട്ടറി വകുപ്പ് അറിയിക്കുന്നത്.

സമ്മാനത്തുകയും കമ്മിഷനും ഏജന്റിന് തന്നെ
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സമ്മാനത്തുക വാങ്ങാന്‍ ആരും വരാത്ത സംഭവമുണ്ടായിട്ടില്ല. വിതരണം ചെയ്യാത്ത ടിക്കറ്റിന് സമ്മാനം ലഭിച്ചാല്‍, അത് റദ്ദാക്കി വീണ്ടും നറുക്കെടുക്കുകയാണ് ചെയ്യുക. ഏജന്റ് വില്‍പന നടത്താത്ത ടിക്കറ്റ് നറുക്കെടുത്താല്‍ സമ്മാനത്തുകയും കമ്മിഷനും ഏജന്റിന് തന്നെ ലഭിക്കും.

ലോട്ടറി വരുമാനത്തില്‍ കാര്യമായ കുറവുണ്ടായി
അതേസമയം, സംസ്ഥാനത്തിന്റെ ഏറ്റവും വലിയ വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. 2016- 17 വര്‍ഷത്തില്‍ 7395 കോടി രൂപയുടെ വിറ്റുവരവാണ് ലോട്ടറിയില്‍ നിന്ന് നേടിയെടുത്തത്. 2017-18 വര്‍ഷത്തില്‍ ഇത് 9035 കോടി രൂപയിലേക്ക് എത്തി. എന്നാല്‍ കൊവിഡ് പൊട്ടിപ്പുറപ്പെട്ട 2020-21 വര്‍ഷത്തില്‍ ലോട്ടറി വരുമാനത്തില്‍ കാര്യമായ കുറവുണ്ടായി. വെറും 4912 കോടിയാണ് ലോട്ടറിയില്‍ നിന്നുണ്ടായ വിറ്റുവരവ്.

ഭാഗ്യക്കുറി ആരംഭിച്ച സംസ്ഥാനം
എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 7145 കോടി രൂപയാണ് ലോട്ടറിയില്‍ നിന്നുണ്ടായ വരുമാനം. ഇന്ത്യയില്‍ ആദ്യമായി ഭാഗ്യക്കുറി ആരംഭിച്ച സംസ്ഥാനം കേരളമാണ്. പി കെ. കുഞ്ഞ് ധനമന്ത്രിയായീരിക്കുമ്പോഴാണ് ലോട്ടറി ആരംഭിക്കുന്നത്. ആദ്യമായി വില്‍പ്പന ആരംഭിച്ചത് 1967 നവംബര്‍ 1 നാണ്. ആദ്യത്തെ നറക്കെടുപ്പ് നടന്നത് 1968 ജനുവരി 26 നാണ്. മാവേലി, കൈരളി, പെരിയാര്‍ എന്നീ പേരുകളില്‍ ആയിരുന്നു ആദ്യം ഭാഗ്യകുറികള്‍.












Click it and Unblock the Notifications