'അനൂപിന്റെ അവസ്ഥ മറക്കാനാകുമോ': വിഷു ബംബര്‍ വിജയി എവിടെ, കാണാമറയത്ത് തുടരുമോ
തിരുവനന്തപുരം: ഏറെ ദിവസത്തെ കാത്തിരിപ്പിന് ശേഷം ഈ വര്‍ഷത്തെ വിഷു ബംബര്‍ നറുക്കെടുപ്പ് കഴിഞ്ഞ ദിവസം നടന്നു. VE 475588 എന്ന നമ്പറിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഫലം പുറത്തുവന്നെങ്കിലും ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ഇത്രയും മണിക്കൂറായി പുറത്തുവന്നിട്ടില്ല. മലപ്പുറം ചെമ്മാടുള്ള ഒരു ലോട്ടറി ഷോപ്പില്‍ നിന്നാണ് ടിക്കറ്റ് വിറ്റു പോയിരിക്കുന്നത് എന്ന വിവരം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഒരാഴ്ച മുമ്പാണ് ഈ ടിക്കറ്റ് വില്‍പ്പന നടത്തിയതെന്ന് ലോട്ടറി ഏജന്‍സി ഉടമ ആദര്‍ശ് പറഞ്ഞു. എന്നാല്‍ ആര്‍ക്കാണ് വിറ്റതെന്ന് ഓര്‍ക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. തങ്ങളുടെ നാട്ടിലെ ആദ്യത്തെ ബംബര്‍ ഭാഗ്യശാലി ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് നാട്ടുകാര്‍. എന്നാല്‍ ഭാഗ്യശാലി ഇതുവരെ പൊതുസമൂഹത്തിന് മുമ്പില്‍ എത്തിയിട്ടില്ല.

കഴിഞ്ഞ ഓണം ബംബര്‍ വിജയി അനൂപിന്റെ അവസ്ഥ മുന്നിലുള്ളത് കൊണ്ടാണ് ഭാഗ്യവാന്‍ പുറത്തുവരാത്തതെന്നാണ് സോഷ്യല്‍ മീഡിയ അടക്കം പറയുന്നത്. തിരുവോണം ബംബറിന്റെ 25 കോടി ലഭിച്ചതോടെ അനൂപിന്റെ സമാധാനവും സന്തോഷവും നഷ്ടപ്പെട്ടിരുന്നു. പണവും സഹായവും ചോദിച്ച് എത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ സ്വന്തം വീട്ടില്‍ പോലും പോകാന്‍ പറ്റാത്ത അവസ്ഥ അനൂപിന് ഉണ്ടായിരുന്നു.
അനൂപിന്റെ ഈ അവസ്ഥ ബി ബി സിയില്‍ വരെ റിപ്പോര്‍ട്ടാക്കിയിരുന്നു. ഓണം ബംബറിന് ശേഷം നറുക്കെടുത്ത പൂജ, ക്രിസ്തുമസ് ബംബര്‍ വിജയികളും പുറത്തുവന്നിരുന്നില്ല. അനൂപിന്റെ അവസ്ഥ പാഠമായത് കൊണ്ടാണ് ഇവരും പൊതുസമൂഹത്തിലേക്ക് വരാതിരുന്നതെന്നാണ് അന്ന് ഉയര്‍ന്ന ചര്‍ച്ചകള്‍. എന്നാല്‍ ഇതിനിടെ നടന്ന സമ്മര്‍ ബംബര്‍ ലഭിച്ചത് ഒരു അസം സ്വദേശിക്കായിരുന്നു.
അസം സ്വദേശിയും ഒരു ദിവസങ്ങള്‍ക്ക് ശേഷമാണ് പേര് വെളിപ്പെടുത്തി രംഗത്തെത്തിയത്. കൂടാതെ എല്ലാ ദിവസവും നടക്കുന്ന മറ്റ് ഭാഗ്യക്കുറി വിജയികള്‍ ആരാണെന്ന് പോലും ഇപ്പോള്‍ പുറം ലോകം അറിയുന്നില്ല. പലര്‍ക്കും ഇപ്പോള്‍ തങ്ങളുടെ വിവരങ്ങള്‍ പുറത്തുപറയാന്‍ മടിയും പേടിയുമാണ്.
അതേസമയം, വിഷു ബംബര്‍ അടിച്ചത് ചെമ്മാട് സ്വദേശിക്കാണോ എന്ന കാര്യത്തിലും ഉറപ്പില്ല. കാരണം, ചെമ്മാട് ബസ് സ്റ്റാന്‍ഡിന് അകത്താണ് ആദര്‍ശിന്റെ ലോട്ടറി ഏജന്‍സി സ്ഥിതി ചെയ്യുന്നത്. കേരളത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ളവര്‍ ഈ ബസ് സ്റ്റാന്‍ഡില്‍ എത്തുന്നവരാണ്. അതുകൊണ്ട് വിജയി ജില്ല വിട്ടുള്ള ആളാണെന്ന സംശയവുമുണ്ട്. ഇനി അനൂപിന്റെ അവസ്ഥ മുന്നിലുള്ളത് കൊണ്ട് ഈ വിജയി പുറത്തുവരുമോ എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.












Click it and Unblock the Notifications