10 രൂപയ്ക്ക് 5000 സമ്മാനം; സാധാരണക്കാരെ പാപ്പരാക്കുന്ന ലോട്ടറി 'കെണി', ഗ്രാമങ്ങളില്‍ നടക്കുന്നത്
പാലക്കാട്: ജീവിതത്തില്‍ പെട്ടെന്ന് പണക്കാരാകാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും ലോട്ടറി ഭാഗ്യം പരീക്ഷിക്കുന്നത്. പലരും കോടിപതികളാകുന്ന വാര്‍ത്തകള്‍ നിരന്തരം കേള്‍ക്കുന്നതോടെ ലോട്ടറി എടുക്കാനുള്ള ആളുകളുടെ എണ്ണം കൂടിക്കൂടി വരികയാണ്. എന്നാല്‍ ഇപ്പോള്‍ സമാന്തരമായ ലോട്ടറി മാഫിയകള്‍ തലപൊക്കിയതോടെ സാധാരണക്കാര്‍ മൂന്നക്ക നമ്പര്‍ എന്ന ലോട്ടറിയെന്ന ഭാഗ്യപരീക്ഷണത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്.
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ സമാന്തര ലോട്ടറി സംഘങ്ങള്‍ സജീവമാകുന്നു എന്നാണ് റിപ്പോര്‍ട്ട്. ലോട്ടറി നറുക്കെടുപ്പിലെ അവസാനത്തെ മൂന്നക്ക നമ്പര്‍ കൃത്യമായി എഴുതുന്നവര്‍ക്കാണ് പണം കൃത്യമായി ലഭിക്കുന്നത്. പത്ത് രൂപയ്ക്ക് ശരിയായ നമ്പര്‍ എഴുതിയാല്‍ 5000 രൂപ വരെയാണ് സ്വന്തമാക്കാന്‍ സാധിക്കുക.

രണ്ടാം സമ്മാനം ലഭിച്ച നമ്പര്‍ എഴുതിയവര്‍ക്ക് 2500 രൂപ വരെ സ്വന്തമാക്കാം. നമ്പര്‍ ശരിയായി വന്നാലുടന്‍ പണം ലഭിക്കുമെന്നത് കൊണ്ട് നിരവധിയാളുകളാണ് ഈ ഭാഗ്യപരീക്ഷണത്തിന് ഇറങ്ങിത്തിരിക്കുന്നത്. നറുക്കെടുപ്പിന്റെ അവാസന നിമിഷം വരെ ഇഷ്ട നമ്പര്‍ എഴുതാന്‍ സാധിക്കും. പ്രദേശിക എജന്റ് മുഖാന്തരമോ, വാട്‌സാപ്പിലൂടെയോ ആണ് ഇത്തരം നമ്പരുകള്‍ കൈമാറുന്നത്.
പ്രദേശിക എജന്റ് അവരുടെ മുകളിലേക്ക് നമ്പര്‍ കൈമാറും. നറുക്കെടുപ്പിന് ശേഷം വിജയികള്‍ക്കുള്ള സംഖ്യ എജന്റ് വഴി ലഭിക്കും. ചില ഏജന്റുകള്‍ എഴുതിയ സംഖ്യയും നമ്പറും മുകളിലേക്ക് കൈമാറില്ല. വരാത്ത നമ്പറിന്റെ പണം പ്രദേശിക എജന്റിന് സ്വന്തമാക്കാന്‍ സാധിക്കും. അതുകൊണ്ട് അടിച്ച നമ്പറിന് പണം ലഭിക്കാത്ത പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്.
നികുതിയോ മറ്റ് പ്രശ്‌നങ്ങളോ ഇല്ലാത്തതിനാല്‍ കൂടുതല്‍ പേരാണ് ഈ രംഗത്തേക്കിറങ്ങുന്നത്. അതേസമയം, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇതിനെതിരെ നടപടിക്ക് മുതിരുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ വിവിധ ജില്ലകളില്‍ എഴുത്ത് ലോട്ടറികളില്‍ ഉള്‍പ്പെട്ടവരെ പൊലീസ് അറസ്റ്റ് ചെയ്യുന്നുണ്ട്. കൂടുതല്‍ നടപടി ശക്തമാക്കിയില്ലെങ്കില്‍ സംസ്ഥാനത്ത് ലഹരി മാഫിയ പോലെ ലോട്ടറി മാഫിയയും പിടിമുറുക്കാന്‍ സാധ്യതയുണ്ട്.
സാധാരണക്കാരാണ് ഈ ലോട്ടറി മാഫിയകളുടെ ഇര. ചെറിയ സംഖ്യയ്ക്ക് കൂലിപ്പണി ചെയ്യുന്നവരാണ് കൂടുതലായും പണം ചെലവാക്കി നമ്പറുകള്‍ എഴുതുന്നത്. കയ്യിലുള്ള പണത്തിനും കടം പറഞ്ഞും എഴുതി നിരവധി കുടുംബങ്ങളാണ് വഴിയാധാരമാകുന്നത്. ചില ഗ്രാമപ്രദേശങ്ങളില്‍ 1000 രൂപയില്‍ കൂടുതല്‍ ഒരു ദിവസം ഇതിന് വേണ്ടി ചെലവാക്കുന്നുണ്ട് .












Click it and Unblock the Notifications