തൗഫി ഇന്ന് റഷ്യയിലേക്ക് പറക്കും: ഫ്രാൻസിന്റെ മാത്രം കളികാണാൻ, സ്വപ്നത്തിന് സാക്ഷാത്കാരം!
കൊയിലാണ്ടി: കൊയിലാണ്ടിക്കാരനായ തൗഫീഖ് എന്ന ചെറുപ്പക്കാരന്‍ ലോകകപ്പ് കാണാൻ തിങ്കളാഴ്ച രാത്രി റഷ്യയിലേക്ക് പറക്കും. കാതങ്ങൾ അകലെനിന്ന് റിസ്കെടുത്ത് പോകുന്നത് റഷ്യയിൽ എല്ലാ കളിയും കാണാനല്ല. തന്റെ ഇഷ്ട ടീമായ ഫ്രാൻസിന്റെ മാത്രം കളികാണാൻ. തന്റെ വീരപുരുഷനായ സിനുദിൻ സിദാന്റെ സ്വന്തം ടീമിന്റെ കളി.
സിദാൻ ലോകകപ്പിൽ കളി തുടങ്ങിയിട്ട് അഞ്ച് ഇടവേളകള്‍ കടന്നുപോയി. സിദാനിലൂടെ ഫ്രാന്‍സ് എന്ന രാജ്യവും തൗഫിയുടെ മനം കീഴടക്കിയിട്ട് ഇപ്പോൾ ഇത്രതന്നെ കാലമായിരിക്കുന്നു. എന്നെങ്കിലും ഫ്രാന്‍സിന്റെ ലോകകപ്പ് മത്സരം കാണുക എന്നത് അന്നുതൊട്ട് തൗഫിയുടെ മോഹമാണ്. ചില മോഹങ്ങൾ അങ്ങനെയാണ്, മോഹിച്ച് തുടങ്ങിയാല്‍ പിന്നെ കീഴടക്കിയിട്ടേ മനസ്സിന് വിശ്രമമുള്ളൂ.

2018 ലെ ലോകകപ്പ് റഷ്യയിലാണെന്നറിഞ്ഞ നാള്‍ മുതല്‍ തൗഫി ആരംഭിച്ചതാണ് ഫ്രാന്‍സിന്റെ കളി കാണുവാനുള്ള ശ്രമങ്ങള്‍. ഇതിനായി ഒരു ടിക്കറ്റ് കരസ്ഥമാക്കുക എന്നതായിരുന്നു ആദ്യ ലക്ഷ്യം. ലോകകപ്പ് ഫുട്‌ബോളുമായോ അതുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും മേഖലയുമായോ യാതൊരു തരത്തിലുള്ള ബന്ധങ്ങളും ഇല്ലാതിരുന്നിട്ടും അദ്ദേഹം പരിശ്രമിച്ചുകൊണ്ടേയിരുന്നു. ഒരു വര്‍ഷം മുന്‍പ് തന്നെ പല വഴികളിലൂടെ ശ്രമങ്ങൾ തുടങ്ങിയെങ്കിലും ആദ്യ ഘട്ടങ്ങളിലെല്ലാം പരാജയമായിരുന്നു എന്ന് തൗഫി പറയുന്നു.
മറ്റുപല ടീമുകളുടേയും കളി കാണുവാനുള്ള ടിക്കറ്റുകള്‍ ലഭ്യമായിരുന്നു. പക്ഷെ ഫ്രാന്‍സിന്റെയല്ലാതെ മറ്റൊരു ടീമിന്റെയും ടിക്കറ്റ് ആവശ്യമില്ല എന്നതായിരുന്നു തൗഫിയുടെ നിലപാട്. ഒടുവിൽ ഓണ്‍ലൈന്‍ വഴി കഴിഞ്ഞ മാര്‍ച്ചിലാണ് ജൂണ്‍ 16ാം തിയ്യതിയിലെ ഫ്രാന്‍സ് VS ആസ്‌ട്രേലിയ മത്സരം കാണുവാനുള്ള ടിക്കറ്റ് ലഭിച്ചത്.
ഹൃദയം കീഴടക്കുന്ന ആഹ്ലാദം എല്ലാവരോടും പങ്കിടാനുള്ള സമയം പോലും തൗഫിക്ക് ലഭിച്ചിട്ടില്ല. തിങ്ക ളാഴ്ച രാത്രി തൗഫി യാത്രതിരിക്കും. ആദ്യം ഡല്‍ഹിയിലേക്ക്. അവിടെനിന്നും കസകിസ്താൻ വഴി റഷ്യയിലേക്ക്. കാല്‍പ്പന്തുകളിയുടെ മനോഹാരിതയുടെ പരിപൂര്‍ണ്ണ നിമിഷങ്ങളെ തൗഫി നെഞ്ചേറ്റുവാങ്ങും. പ്രിയതാരങ്ങളായ പോക്ബയുടേയും എംബപ്പേയുടേയും ഗ്രീസ്മാന്റെയും ഇന്ദ്രജാലങ്ങളെ അവൻ നെഞ്ചോടു ചേര്‍ക്കും.
ചരിത്രപരമായ മറ്റൊരു ദൗത്യംകൂടി തൗഫി ഏറ്റെടുത്തിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള ഫ്രാന്‍സ് ഫുട്‌ബോള്‍ ആരാധകരെ ഒരുമിപ്പിച്ചുകൊണ്ട് ഫ്രഞ്ച് ഫുട്‌ബോള്‍ സപ്പോര്‍ട്ടേഴ്‌സ് ക്ലബ്ബ് എന്ന ഔദ്യോഗിക ആരാധക ഗ്രൂപ്പ് സൃഷ്ടിക്കാനുള്ള പരിശ്രമത്തിലാണദ്ദേഹം. താല്‍പ്പര്യമുള്ളവര്‍ക്ക് ബന്ധപ്പെടാം: 9946066510.
പൂര്‍ണ്ണമായും പ്ലാസ്റ്റിക് നിയന്ത്രണമുള്ള റഷ്യയിലെ ഗ്യാലറിയില്‍ ആവേശത്തോടെ ആര്‍ത്തുവിളിക്കാൻ തൗഫി തുണിയില്‍ തീര്‍ത്ത ഒരു ബാനറും കൈയിൽ കരുതിയിട്ടുണ്ട്. ക്രിയേറ്റിവ് കൊയിലാണ്ടിയാണ് ബാനർ രൂപകൽപ്പന ചെയ്തത്.












Click it and Unblock the Notifications