കേരളത്തിൽ തുലാമഴ ശക്തമാകും; തമിഴ്നാട്ടിലും മഴ കനക്കും... ഇടുക്കിയിൽ യെല്ലോ അലർട്ട് തുടരുന്നു..
Recommended Video

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. മഹാപ്രളയത്തെ നേരിട്ട കേരളത്തിൽ വീണ്ടും തുലാ മഴ ശക്തമാകുന്നതിന്റെ ആശങ്കയിലാണ് ജനങ്ങൾ. ഇടുക്കിയിൽ ഇന്നലെയുണ്ടായ ശക്തമായ മഴയിൽ രണ്ടുപേർ മരിച്ചു. മഴയ്ക്കൊപ്പം ശക്തമായ ഇടിയും മിന്നലും അനുഭവപ്പെട്ടിരുന്നു. നെടുങ്കണ്ടം കൈലാസപുരിക്ക് സമീപം ഉരുൾപൊട്ടുകയും ചെയ്തിരുന്നു.
തുലാമഴ കുറയാൻ സാധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ദീർഘകാല ശരാശരിയുടെ 80 മുതൽ 111 വരെ ശതമാനം മഴ കൂടുതലോ കുറവോ ലഭിക്കാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

30 വരെ മഴ
സംസ്ഥാനത്ത് സെപ്റ്റംബർ മുപ്പത് വരെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചത്. പത്തനംതിട്ട, ഇടുക്കി , എറണാകുളം, കോട്ടയം, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ഇടുക്കി ഒഴികെയുള്ള ജില്ലകളിലെ യെല്ലോ അലേർട്ട് പിൻവലിച്ചിരിക്കുകയാണ്. ഇടുക്കിയിൽ വെള്ളിയാഴ്ച ശക്തമായ മഴയാണ് ലഭിച്ചത്. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തും ശക്തമായ മഴ ലഭിച്ചു. ഇതോടെ അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതിൽ ഉയർന്നിട്ടുണ്ട്.

തുലാമഴ
തമിഴ്നാട്, കേരളം, ആന്ധ്രാതീരം,റായലസീമ, ദക്ഷിണ കർണാടക തുടങ്ങി അഞ്ചോളം സ്ഥലങ്ങളിലാണ് തുലാമഴ ലഭിക്കുക. ഈ പ്രദേശങ്ങളിൽ ലഭിക്കുന്ന ആകെ മഴയുടെ മുപ്പത് ശതമാനവും തുലാമഴയിൽ നിന്നാണ്. തമിഴ്നാട്ടിൽ ഇത് 48 ശതമാനത്തോളമാണ്. ഒക്ടോബർ ഒന്ന് മുതൽ ഡിസംബർ 31 വരെയുള്ള മൂന്ന് മാസക്കാലമാണ് തുലാമഴ ലഭിക്കുക.

തമിഴ്നാട്ടിൽ
തമിഴ്നാട്ടിൽ ഈ വർഷം 112 ശതമാനം വരെ അധിക മഴ ലഭിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്. ചെന്നൈയിലും തമിഴ്നാടിന്റെ തീര പ്രദേശങ്ങളിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കനത്ത മഴ
എൽ നീനോ പ്രതിഭാസം ചെറിയ രീതിയിൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കനത്ത മഴയുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. എൻ നീനോ പ്രതിഭാസം ശക്തിപ്പെട്ടാൽ ഇന്ത്യയിൽ മഴ കുറയുകയാണ് പതിവ്. ഓക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ശരാശരി 480 മില്ലീ മീറ്റർ മഴയാണ് കേരളത്തിൽ ലഭിക്കാറുള്ളത്.












Click it and Unblock the Notifications