മന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാവിനും ചികിത്സ ചെലവ് 1.03 കോടി; ഏറ്റവും കൂടുതല്‍ മുഖ്യമന്ത്രിക്ക്
കൊച്ചി: സംസ്ഥാനത്തെ മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ചികിത്സ ചെലവുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്ത്. കഴിഞ്ഞ 24 മാസത്തിനുള്ളില്‍ 15 മന്ത്രിമാരും പ്രതിപക്ഷ നേതാവും ചികിത്സാച്ചെലവിനത്തില്‍ 92.58 ലക്ഷം രൂപയാണ് കൈപ്പറ്റിയത്. ഇതേ കാലയളവില്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 11.02 ലക്ഷം രൂപ ചികിത്സ ചെലവിനായി കൈപ്പറ്റിയിട്ടുണ്ട്. മുന്‍ മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈപ്പറ്റിയ തുക കൂടി കണക്കിലെടുക്കുമ്പോള്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ആകെ 1.03 കോടി രൂപയാണ് ചെലവഴിച്ചത്.
കെ എന്‍ ബാലഗോപാല്‍, എം ബി രാജേഷ്, വീണ ജോര്‍ജ്, കെ രാജന്‍, പി പ്രസാദ് എന്നീ മന്ത്രിമാരാണ് ചികിത്സ ചെലവിനായി തുക കൈപ്പറ്റാത്തത്. പ്രോപ്പര്‍ ചാനല്‍ പ്രസിഡന്റ് എം കെ ഹരിദാസ് മന്ത്രിമാരുടെ ചികിത്സ ചെലവ് തേടി നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മന്ത്രിമാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് ഒന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മറുപടിയില്‍ വ്യക്തമാക്കുന്നു. മന്ത്രിമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് ചികിത്സ ചെലവ് അനുവദിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനാണ് രണ്ട് വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ തുക ചികിത്സചെലവിനായി കൈപ്പറ്റിയത്. 31.76 ലക്ഷം രൂപയാണ് മുഖ്യമന്ത്രി കൈപ്പറ്റിയത്. ഇതില്‍ 29.82 ലക്ഷം രൂപ വിദേശത്ത് ചികിത്സയ്ക്ക് പോയ വകയിലാണ്. മന്ത്രി കെ കൃഷ്ണന്‍ കുട്ടി 31.31 ലക്ഷം രൂപയാണ് രണ്ട് വര്‍ഷത്തിനുള്ളില്‍ ചികിത്സയ്ക്കായി ചെലവഴിച്ചത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ 97,838 രൂപയാണ് കൈപ്പറ്റിയിരിക്കുന്നത്. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും വി വി ഐ പി സൗകര്യത്തോടെ ചികിത്സയും മരുന്നുകളും ലഭിക്കുമ്പോഴാണ് മന്ത്രിമാര്‍ അടക്കമുള്ളവര്‍ ലക്ഷക്കണക്കിന് രൂപ ചികിത്സ ചെലവിനത്തില്‍ ഖജനാവില്‍ നിന്ന് ചെലവഴിക്കുന്നത്.
മറ്റ് മന്ത്രിമാരുടെ ചികിത്സ ചെലവ്
വി ശിവന്‍കുട്ടി 8,85,497
അഹമ്മദ് ദേവര്‍കോവില്‍ 4,04,020
ആന്റണി രാജു 3,99,492
വി അബ്ദുറഹിമാന്‍ 2,68,420
എ കെ ശശീന്ദ്രന്‍ 2,44,865
വി എന്‍ വാസവന്‍ 2,21,721
എം വി ഗോവിന്ദന്‍ 1,97,165
ആര്‍ ബിന്ദു 93,378
ജി ആര്‍ അനില്‍ 72,122
കെ രാധാകൃഷ്ണന്‍ 24,938
ജെ ചിഞ്ചു റാണി 17,920
സജി ചെറിയാന്‍ 12,096
ചീഫ് വിപ്പ് ഡോ എന്‍ ജയരാജ് 11,100












Click it and Unblock the Notifications