ഇതാ കേരള മോഡല്‍.! കേന്ദ്രം അടച്ചുപൂട്ടി, കേരളം ഏറ്റെടുത്ത് വിജയിപ്പിച്ചു, ഇനി 741 കോടിയുടെ വിപുലീകരണം
തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള വെള്ളൂര്‍ കേരളാ പേപ്പര്‍ പ്രോഡക്ട്‌സ് ലിമിറ്റഡ് (കെപിപിഎല്‍) ആവിഷ്‌കരിച്ച 741 കോടി രൂപ മുതല്‍ മുടക്കുള്ള ബൃഹത്തായ തുടര്‍ വികസന പദ്ധതിക്ക് അംഗീകാരം നല്‍കി മന്ത്രിസഭാ യോഗം. 2019 ല്‍ കേന്ദ്ര സര്‍ക്കാര്‍ അടച്ചു പൂട്ടിയ വെള്ളൂര്‍ എച്ച്എന്‍എല്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷം രൂപീകരിച്ചതാണ് കെപിപിഎല്‍.
ഉല്‍പാദനശേഷി വര്‍ധിപ്പിക്കലും ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണവും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത് എന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. അടച്ചു പൂട്ടിയ ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനം സംസ്ഥാനം ഏറ്റെടുത്ത് പുന:സംഘടിപ്പിക്കുകയും വിജയകരമായി നടത്തുകയും മാത്രമല്ല, അതി ബൃഹത്തായ തുടര്‍ വികസന പദ്ധതി ആവിഷ്‌കരിക്കുകയും ചെയ്യുന്നത് ഇന്ത്യയുടെ ചരിത്രത്തിലാദ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തുടര്‍ വികസന പദ്ധതിക്ക് സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തമായി 175 കോടി രൂപയും, കെഎസ്‌ഐഡിസി യുടെ ഓഹരി പങ്കാളിത്തമായി 25 കോടി രൂപയും ആണ് അനുവദിച്ചിരിക്കുന്നത്. 541 കോടി രൂപ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വഴി കണ്ടെത്തും. വിപണി ആവശ്യങ്ങളും, പ്ലാസ്റ്റിക്ക് നിരോധനം ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക നിയന്ത്രണങ്ങളും ഉപഭോക്താക്കളുടെ അഭിരുചി മാറ്റവും ചേര്‍ന്ന് ഉയര്‍ന്ന നിലവാരത്തിലുള്ള പേപ്പര്‍ ഉല്‍പന്നങ്ങള്‍ക്ക് വലിയ വളര്‍ച്ചാ സാധ്യതയുണ്ട്.
ഇ-കോമേഴ്സ്, ഭക്ഷ്യവസ്തുകളുടെ വിതരണം, റീട്ടെയില്‍ എന്നീ മേഖലകളുടെ വളര്‍ച്ചയോടൊപ്പം പേപ്പര്‍ ഉല്‍പ്പന്നങ്ങളുടെ ആവശ്യവും ഉയരുകയാണ്. ഇതിനൊപ്പം നോട്ട് ബുക്കുകള്‍, ടെക്സ്റ്റ് ബുക്കുകള്‍, ഓഫീസ് ആവശ്യങ്ങള്‍ എന്നിവയ്ക്കായി ഉപയോഗിക്കുന്ന റൈറ്റിംഗ് & പ്രിന്റിീഗ് പേപ്പര്‍, കോപ്പിയര്‍ പേപ്പര്‍ മുതലായ പേപ്പര്‍ ഉല്‍പ്പന്നങ്ങള്‍ക്കും രാജ്യവ്യാപകമായി വലിയ ഡിമാന്‍ഡ് ഉണ്ട്്.
സ്‌പെഷ്യാല്‍റ്റി ഗ്രേഡുകളുടെയും ഗുണമേന്മയുള്ള പാക്കേജിംഗ് ഗ്രേഡുകളുടെയും റൈറ്റിംഗ് & പ്രിന്റിംഗ് പേപ്പര്‍ ഗ്രേഡുകളുടെയും ദൈനംദിന ആവശ്യകത സംസ്ഥാനത്ത് കൂടുതലാണ്. എന്നാല്‍ ഉയര്‍ന്ന ചരക്കുകൂലി നല്‍കി ഇവയെല്ലാം അന്യസംസ്ഥാനങ്ങളില്‍ നിന്നും വാങ്ങുന്ന സ്ഥിതിയാണ് ഉള്ളത്. ഈ സാഹചര്യത്തില്‍ ആണ് ഒരു 'പേപ്പര്‍ ക്ലസ്റ്റര്‍' രൂപീകരിച്ച് സാധ്യതകളെ പൂര്‍ണമായി ഉപയോഗിക്കാന്‍ വിപുലീകരണ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
പദ്ധതി പൂര്‍ത്തീകരിച്ച് പ്ലാന്റുകള്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാക്കുന്നതോടെ 1500 കോടി രൂപ വിറ്റുവരവ് ഉള്ള സ്ഥാപനം ആയി കെപിപിഎല്‍ മാറും എന്നും രണ്ട് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്നും രാജീവ് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ പത്രക്കടലാസ് നിര്‍മ്മാണ സ്ഥാപനമായിരുന്നു ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ്.
ഈ സ്ഥാപനത്തിന്റെ വലിപ്പവും സാങ്കേതികതയും ഉള്ള ബൃഹത്തായ ഒരു സ്ഥാപനം മൂന്നര കൊല്ലത്തിലേറെ നീണ്ട അടച്ചുപൂട്ടലിന് ശേഷം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലൂടെ പ്രവര്‍ത്തനസജ്ജമാക്കുകയും വൈവിധ്യ വല്‍ക്കരണത്തിലൂടെ രാജ്യത്തെ കടലാസ് നിര്‍മ്മാണ സ്ഥാപനങ്ങളുടെ മുന്‍നിരയിലേക്ക് എത്തുന്നത് ഇന്ത്യയുടെ വ്യവസായ ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്തതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications