ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ കാലവർഷം മേയ് 31 ന് മുൻപ് എത്തുമോ; പുതിയ വിവരങ്ങൾ
തിരുവനന്തപുരം: കേരളത്തിൽ കാലവർഷം മേയ് 31 ന് മുൻപ് എത്തിയേക്കാൻ സാധ്യത. ഇത്തവണ മേയ് 31 ഓടെ കാലവർഷം എത്തുമെന്നാണ് കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ കാലവർഷത്തിന്റെ സമയത്തിൽ മാറ്റം വന്നേക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. ഈ സീസണിലെ ആദ്യത്തെ ന്യൂനമർദ്ദം ആണിത്. മറ്റന്നാളോടെ ഇത് തീവ്ര ന്യൂനമർദ്ദമായി മാറാനും സാധ്യതയുണ്ട്. ഇങ്ങനെയാണെങ്കിൽ കാലവർഷം എത്തുന്ന തീയതി മാറിയേക്കാം. സാധാരണഗതിയിൽ ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടുന്നത് കാലവർഷത്തെ വേഗത്തിലാക്കുകയാണ് ചെയ്യാറുള്ളത്. അങ്ങനെയാണെങ്കിൽ മേയ് 31 ന് മുൻപ് കാലവർഷം എത്തിയേക്കാം.

എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത് ഉറപ്പിക്കാൻ സാധിക്കില്ല. എന്തായാലും നേരത്തെ പ്രവചിച്ചതിൽ നിന്നും മാറ്റമുണ്ടാകാനുള്ള സാധ്യതയാണ് ഉള്ളത്. നിലവിൽ സംസ്ഥാനത്ത് അതിശക്തമായ മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വടക്കൻ കേരളത്തിന്റെ മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത5 ദിവസം ഇടി / മിന്നൽ / കാറ്റ് ( 49 - 50 km/hr) കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മെയ് 22, 23 തീയതികളിൽ അതിതീവ്രമായ മഴയ്ക്കും, മെയ് 22 മുതൽ മെയ് 24 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴയ്ക്കും, മെയ് 22 മുതൽ മെയ് 25 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുകയാണ്.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാട് ആന്ധ്രാ തീരത്തിനു അകലെയായാണ് ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നത്. വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം മെയ് 24 രാവിലെയോടെ മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നുമാണ് അറിയിപ്പ്.
തുടർന്ന് വടക്കു കിഴക്കു ദിശയിൽ സഞ്ചരിച്ച് വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറഞ്ഞു. അതേ സമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.












Click it and Unblock the Notifications