പടിയിറങ്ങുന്ന എംപിമാരില്‍ സുരേഷ് ഗോപിയും, 72 എംപിമാര്‍ യാത്രയയപ്പുമായി രാജ്യസഭ
ദില്ലി: രാജ്യസഭയില്‍ നിന്ന് കാലാവധി പൂര്‍ത്തിയാക്കിയ 72 എംപിമാരില്‍ കേരളത്തില്‍ നിന്നുള്ള പ്രമുഖരും. ബിജെപിയില്‍ നിന്ന് പ്രമുഖ എംപിയും സൂപ്പര്‍ താരവുമായ സുരേഷ് ഗോപിയും കാലാവധി തീരുന്നവരിലുണ്ട്. കഴിഞ്ഞ ദിവസം ആദിവാസി വിഷയത്തെ കുറിച്ച് സുരേഷ് ഗോപി രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തില്‍ തന്റെ ടേം അവസാനിക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു. തന്റെ ഇടപെടല്‍ ഏറ്റവും മികച്ചതാക്കിയും, രാജ്യസഭാ ടേമില്‍ തിളങ്ങിയുമാണ് സുരേഷ് ഗോപി രാജ്യസഭയുടെ പടിയിറങ്ങുന്നത്. ജൂലായിലാണ് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്നത്. ഏപ്രില്‍ മുതല്‍ ജൂലായ് വരെയുള്ള മാസങ്ങളിലായി കാലാവധി പൂര്‍ത്തിയാക്കുന്നവരാണ് ഈ 72 പേര്‍.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എകെ ആന്റണിയും കാലാവധി പൂര്‍ത്തിയാക്കിയവരുണ്ട്. ഇനി ദേശീയ രാഷ്ട്രീയത്തിലേക്കില്ലെന്നും, രാഷ്ട്രീയം തന്നെ ഉപേക്ഷിച്ച് വിശ്രമ ജീവിതത്തിലേക്ക് പോവുകയാണെന്നും ആന്റണി നേരത്തെ സോണിയാ ഗാന്ധിയെ അറിയിച്ചിരുന്നു. അനുഭവമാണ് അക്കാദമിക മികവിനേക്കാള്‍ വലുതെന്നും എംപിമാരുടെ സംഭാവനകള്‍ രാജ്യത്തിന് പ്രചോദനമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വിടവാങ്ങല്‍ ചടങ്ങില്‍ പറഞ്ഞു. അതേസമയം ചെയ്യുന്ന കാര്യങ്ങളുടെ ക്രെഡിറ്റ് ഏറ്റെടുക്കുന്നയാളല്ല ആന്റണിയെന്ന് മല്ലികാര്‍ജുന്‍ ഗാര്‍ഗെയും പറഞ്ഞു. സമീപകാലത്ത് ഏറ്റവുമധികം അംഗങ്ങള്‍ രാജ്യസഭയുടെ പടിയിറങ്ങുന്ന കാലയളവ് കൂടിയാണിത്.
കാലാവധി കഴിയുന്നവരുടെ സംഭാവനകള്‍ നിസ്തുലമായിരുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അവരില്‍ നിന്ന് ധാരാളം പഠിക്കാനായെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആനന്ദ് ശര്‍മയില്ലാത്ത രാജ്യസഭയെ കുറിച്ച് ആലോചിക്കാനാകുന്നില്ലെന്നായിരുന്നു വിടവാങ്ങല്‍ പ്രസംഗത്തില്‍ എളമരം കരീമിന്റെ പരാമര്‍ശം. കശ്മീര്‍ അടക്കമുള്ള വിഷയങ്ങളിലെ ഇടപെടല്‍ അത്ര ഗംഭീരമായിരുന്നുവെന്നും എളമരം കരീം സഭയെ ഓര്‍മിപ്പിച്ചു. വികാര നിര്‍ഭരമായിട്ടായിരുന്നു സഭയിലെ വിട പറച്ചില്‍. ഏകെ ആന്റണി സംസാരത്തേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നയാളാണെന്ന് മല്ലികാര്‍ജുന്‍ ഗാര്‍ഗെ പറഞ്ഞു. രാഷ്ട്രീയത്തില്‍ വിരമിക്കല്‍ എന്നൊന്നില്ലെന്നും ഖാര്‍ഗെ അഭിപ്രായപ്പെട്ടു.
കേരളത്തില്‍ നിന്നുള്ള എംപിമാരും പടിയിറങ്ങിയവരിലുണ്ട്. സോമ പ്രസാദ്, ശ്രേയാംസ്‌കുമാര്‍ എന്നിവരുടെ കാലാവധിയാണ് ആദ്യം പൂര്‍ത്തിയാക്കുക. ജൂലായില്‍ സുരേഷ് ഗോപിക്ക് പുറമേ അല്‍ഫോണ്‍സ് കണ്ണന്താനവും പടിയിറങ്ങും. ആന്റണി കേരളത്തിലേക്ക് മടങ്ങിയ ശേഷം തിരുവനന്തപുരത്ത് സ്ഥിര താമസിക്കാനാണ് തീരുമാനം. എകെ ആന്റണി, അംബികാ സോണി, പി ചിദംബരം, ആനന്ദ് ശര്‍മ, ജയറാം രമേശ്, സുരേഷ് പ്രഭു, പ്രഫുല്‍, സുബ്രഹ്മണ്യന്‍ സ്വാമി, പ്രസന്ന ആചാര്യം, സഞ്ജയ് റാവത്ത്, നരേഷ് ഗുജ്‌റാല്‍, സതീഷ് ചന്ദ്ര മിശ്ര, മേരി കോം, സ്വപന്‍ ദാസ്ഗുപ്ത, നരേന്ദ്ര ജാദവ് എന്നീ പ്രമുഖരും കാലാവധി പൂര്‍ത്തിയാക്കുന്നവരിലുണ്ട്.












Click it and Unblock the Notifications