കേരളത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സോഷ്യല്‍ മീഡിയ നിയന്ത്രണം വരുന്നു; വെളിപ്പെടുത്തി മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വണ്‍ഇന്ത്യ മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിന്റെ നടപടികള്‍ സങ്കീര്‍ണമാണ്. വിദഗ്ധരുമായി ആലോചിച്ചാണ് ചെയ്യുക എന്നും മന്ത്രി വിശദീകരിച്ചു.
ആദ്യമായിട്ടാണ് താന്‍ ഇക്കാര്യം പങ്കുവയ്ക്കുന്നത്. പല സംസ്ഥാനങ്ങളും കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ നിമയം കൊണ്ടുവരാന്‍ പോകുകയാണ്. കുട്ടികളില്‍ ഗൗരവമുള്ള മാറ്റമാണ് സംഭവിക്കുന്നത്. ഒന്നാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് നിയമ നിര്‍മാണം ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

പല രാജ്യങ്ങളിലും വിദ്യാര്‍ഥികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം വലിയ ചര്‍ച്ചയാണ്. ഓസ്‌ട്രേലിയ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈജിപ്ഷ്യന്‍ പാര്‍ലമെന്റില്‍ വിഷയം ചര്‍ച്ചയിലാണ്. ജപ്പാനില്‍ നിയന്ത്രണമുണ്ട്. യൂറോപ്പിലെ ഫ്രാന്‍സ്, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങളില്‍ കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം പ്രധാന ചര്‍ച്ചയാണ്. മലേഷ്യയും ബ്രിട്ടനും ഉള്‍പ്പെടെ കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കുമെന്ന വിവരങ്ങളും വരുന്നുണ്ട്.
കുട്ടികളുടെ മാനസികാരോഗ്യം, വഴി തെറ്റുന്ന ജീവിതം, ക്രമിനില്‍ ചിന്ത എന്നിവ ചൂണ്ടിക്കാട്ടിയാണ് ചര്‍ച്ചകള്‍. സമ്പൂര്‍ണ നിരോധനം ഫലം കാണില്ലെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. നിയന്ത്രണമാണ് വേണ്ടതെന്ന് പറയുന്നവരുമുണ്ട്. മൈതാനങ്ങളിലെ കളികള്‍ക്കും വിനോദത്തിനും ഊന്നല്‍ നല്‍കി സോഷ്യല്‍ മീഡിയ ഉപയോഗം കുറച്ചുകൊണ്ടുവരികയാണ് വേണ്ടതെന്ന അഭിപ്രായവും ശക്തമാണ്.
സ്വകാര്യ ബില്ലുമായി ടിഡിപി, നിയമം കൊണ്ടുവരാന്‍ ഗോവ
ഇന്ത്യയില്‍ 16 വയസിന് താഴെയുള്ള വിദ്യാര്‍ഥികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നിരോധിക്കണം എന്ന് നിര്‍ദേശിക്കുന്ന സ്വകാര്യ ബില്ല് ടിഡിപി ലോക്‌സഭാ അംഗം എല്‍എസ്‌കെ ദേവരയലു അടുത്തിടെ അവതരിപ്പിച്ചിട്ടുണ്ട്. ഇതുവരെ ഒരു സംസ്ഥാനത്തും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനമോ നിയന്ത്രണമോ രാജ്യത്ത് ഇല്ല. രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് ശക്തമായ ആവശ്യം ഉയരുന്ന സാഹചര്യത്തില്‍ ഗോവ സര്‍ക്കാര്‍ നിരോധനം ആലോചിക്കുന്നുണ്ട്.
കഴിഞ്ഞ ഏപ്രിലില്‍ വിഷയം സുപ്രീംകോടതിയിലും ഉന്നയിക്കപ്പെട്ടിരുന്നു. സെപ് ഫൗണ്ടേഷന്‍ എന്ന സംഘടനയാണ് പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. സര്‍ക്കാരാണ് നയപരമായ തീരുമാനം എടുക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി കോടതി ഇടപെടാന്‍ വിസമ്മതിച്ചു. നിലവില്‍ സോഷ്യല്‍ മീഡിയ വിലക്കുന്ന നിയമം ഇല്ലെങ്കിലും കുട്ടികളുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവയ്ക്കുന്നതിന് കര്‍ശന നിയന്ത്രണമുണ്ട്.
സമ്പൂര്‍ണ നിരോധനം ഫലപ്രദമാകില്ല എന്ന അഭിപ്രായം ഉയരുന്നുണ്ട്. ലഹരി ഉള്‍പ്പെടെയുള്ളവയുടെ നിരോധനം ഈ വാദക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കര്‍ശന നിയന്ത്രണം ആകാമെന്നാണ് ഉയരുന്ന മറ്റൊരു അഭിപ്രായം. രക്ഷിതാക്കള്‍ക്ക് നിരീക്ഷിക്കാന്‍ കഴിയുന്ന സംവിധാനം ഒരുക്കുക, നിശ്ചിത സമയം മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന ആപ്പുകള്‍ തയ്യാറാക്കുക എന്നീ നിര്‍ദേശങ്ങളും ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications